Asianet News MalayalamAsianet News Malayalam

വ്ളോഗര്‍ രാഹുല്‍ എൻ കുട്ടിയുടെ മരണം ; സോഷ്യല്‍ മീഡിയ സുഹൃത്തുക്കളും ഫോളോവേഴ്സും പറയുന്നത്...

മലയാളി ഓൺലൈൻ പ്രേക്ഷകരെ ഞെട്ടിക്കും വിധത്തിലൊരു ട്രാൻസ്ഫര്‍മേഷൻ കൂടി നടത്തിയ ആളാണ് രാഹുല്‍. കണ്ടാല്‍ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തില്‍ ശരീരം മാറ്റിയെടുത്തു.

kerala food vlogger rahul n kutty found dead and his followers asks enquiry
Author
First Published Nov 4, 2023, 4:52 PM IST

മലയാളി വ്ളോഗര്‍മാര്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ രാഹുല്‍ എൻ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയിലാകെ ഞെട്ടലും ദഉഖവും രേഖപ്പെടുത്തുകയാണ് ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കളും അതുപോലെ തന്നെ ഫോഴോവേഴ്സും. വെള്ളിയാഴ്ച രാത്രിയാണ് പനങ്ങാട്ടെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ രാഹുലിനെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൃത്യമായ വിവരങ്ങള്‍ ഇനി, അറിയാനിരിക്കുന്നതേയുള്ളൂ. 

ഫുഡ് വ്ളോഗര്‍ എന്ന നിലയിലാണ് രാഹുല്‍ ശ്രദ്ധേയനായിരുന്നത്. കൊച്ചി കേന്ദ്രമാക്കിയാണ് രാഹുല്‍ അധികവും വീഡിയോകള്‍ ചെയ്തിരുന്നത്. 'ഈറ്റ് കൊച്ചി ഈറ്റ്' എന്ന ഫുഡ് പേജിന് പിന്നിലെ കൂട്ടായ്മയിലൂടെയാണ് രാഹുല്‍ ഏറെയും ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഫേസ്ബുക്കിന്‍റെ ഫണ്ടോടുകൂടി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണ് 'ഈറ്റ് കൊച്ചി ഈറ്റ്'. 2015ല്‍ ഈ കൂട്ടായ്മ തുടങ്ങുമ്പോള്‍ ഇത് കേരളത്തില്‍- അള്ലെങ്കില്‍ ഇന്ത്യയില്‍ തന്നെ ആദ്യമായിരുന്നു എന്നാണ് ഈ മേഖലയില്‍ അറിവുള്ളവരെല്ലാം ചൂണ്ടിക്കാട്ടുന്നത്. 

വളരെ പോസീറ്റാവിയൊരു സമീപനമുള്ളയാളായിരുന്നു രാഹുലെന്ന് സുഹൃത്തുക്കളും ഓര്‍ക്കുന്നു. ഒരുപക്ഷേ അതുതന്നെയാകാം രാഹുല്‍ ശ്രദ്ധേയനാകാനും ഫുഡ് വ്ളോഗര്‍ എന്ന നിലയിലേക്ക് വിജയിച്ചുയരാനും കാരണമായതെന്നും സുഹൃത്തുക്കള്‍ പറയുന്നു. 

മലയാളി ഓൺലൈൻ പ്രേക്ഷകരെ ഞെട്ടിക്കും വിധത്തിലൊരു ട്രാൻസ്ഫര്‍മേഷൻ കൂടി നടത്തിയ ആളാണ് രാഹുല്‍. കണ്ടാല്‍ തിരിച്ചറിയാൻ പോലും കഴിയാത്ത വിധത്തില്‍ ശരീരം മാറ്റിയെടുത്തു. അമിതവണ്ണത്തില്‍ നിന്ന് ഫിറ്റ്നസിലേക്കുള്ള രാഹുലിന്‍റെ മാറ്റവും അദ്ദേഹത്തിന് ഏറെ ശ്രദ്ധ ലഭിക്കാൻ കാരണമായിരുന്നു. 

അധികം 'ഡ്രാമ' ചേര്‍ക്കാതെയുള്ള അവതരണവും, പതിഞ്ഞ സംസാരരീതിയും, അതേസമയം പ്രസരിപ്പുമെല്ലാം രാഹുലിന്‍റെ വീഡിയോകളെ വ്യത്യസ്തമാക്കിയിരുന്നു. ഫുഡ് വ്ളോഗുകളിഷ്ടപ്പെടുന്ന പ്രേക്ഷകരുടെ അഭിരുചി അറിഞ്ഞും മനസിലാക്കിയും വീഡിയോ ചെയ്യുന്ന രീതിയായിരുന്നു രാഹുലിന്‍റേത് എന്നാണ് അദ്ദേഹത്തിന്‍റെ വീഡിയോകള്‍ പതിവായി കണ്ടിരുന്നവരെല്ലാം അഭിപ്രായപ്പെടുന്നത്. 

ഇങ്ങനെയൊരാള്‍ ആത്മഹത്യ ചെയ്യുമെന്നത് വിശ്വസിക്കാനാകില്ലെന്നും ഏവരും ഒരേ സ്വരത്തില്‍ പറയുന്നു. നിരവധി പേരാണ് രാഹുലിന് ആദരാഞ്ജലികള്‍ നേരുന്നതും ഞെട്ടല്‍ രേഖപ്പെടുത്തുന്നതും. പലരും അദ്ദേഹത്തിന്‍റെ മരണത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെടുന്നുണ്ട്.

ഭാര്യയും രണ്ട് വയസുള്ള മകനുമുണ്ട്. ഇവരെ പോലുമോര്‍ക്കാതെ ആത്മഹത്യയിലേക്ക് പോകുവാൻ രാഹുലിനാകുമോ? അങ്ങനെയെങ്കില്‍ എന്തായിരിക്കും അദ്ദേഹത്തിനെ അതിലേക്ക് നയിച്ചത്? എന്നെല്ലാമുള്ള ചോദ്യങ്ങളാണ് ഫോളോവേഴ്സ് ഉന്നയിക്കുന്നത്. 

ഇതിനിടെ രാഹുല്‍ ഏതാനും ദിവസങ്ങളായി അസ്വസ്ഥനായിരുന്നു എന്ന് ചില സുഹൃത്തുക്കള്‍ അറിയിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. അങ്ങനെയെങ്കില്‍ വിഷാദമോ, അല്ലെങ്കില്‍ ഏതെങ്കിലുമൊരു പ്രതിസന്ധിയോ ആയിരിക്കുമോ അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്ന ചോദ്യവും ഉയരുന്നു. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

Also Read:- ഇൻഫ്ളുവൻസറുടെ മരണം ദുരൂഹതയാകുന്നു; വിശദീകരണം ആവശ്യപ്പെട്ട് ആരാധകര്‍...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Follow Us:
Download App:
  • android
  • ios