സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുകയാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ ഇന്നും (വെള്ളിയാഴ്ച) അതിതീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണത്തിന്‍റെ അറിയിപ്പ്. നിരവധി പേരാണ് ടെറസിന് മുകളിലും അല്ലാതെയും കുടുങ്ങി കിടക്കുന്നത്. എന്ത് ചെയ്യണമെന്നറിയാതെ പലരും ഒറ്റപ്പെട്ട് പോയ അവസ്ഥയാണ്. വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടവർ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.

1. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവർ മൊബൈല്‍ ഉള്ളവരെ കൊണ്ട് എസ്ടിഡി കോഡ് ചേര്‍ത്ത് ദുരന്ത നിവാരണ ഹെല്‍പ്പ്ലൈന്‍ നമ്പറായ 1077ലേക്ക് വിളിപ്പിക്കുക. കുടുങ്ങിക്കിടക്കുന്ന സ്ഥലത്തുനിന്ന് വേണം വിളിക്കേണ്ടത്.  അവിടേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തുകയും ചെയ്യും. 

2. വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയവർ കുപ്രചരണങ്ങള്‍ വിശ്വസിക്കരുത്. ഔദ്യോഗിക വിവരങ്ങളെ മാത്രം ആശ്രയിക്കുക. 

3.  പ്രളയസാധ്യത ഉള്ളിടങ്ങളില്‍ കഴിയുന്നവര്‍ റേഡിയോ, ടിവി, സോഷ്യല്‍ മീഡിയ അറിയിപ്പുകള്‍ ശ്രദ്ധിക്കുക.

4. മലയോര മേഖലയിലെ റോഡുകള്‍ക്കു കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. എന്നതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

5. കുടുങ്ങി കിടക്കുന്നവര്‍ മൊബൈലില്‍ 'ലൊക്കേഷന്‍' ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്നു നിങ്ങള്‍ ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് ഫ്‌ലാഗ് വരും, കൂടെ മുകളില്‍ കുറച്ച് അക്കങ്ങളും. അതാണു നിങ്ങള്‍ ഉള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം (coordinates), ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും നിങ്ങളിലേക്ക് എളുപ്പത്തില്‍ എത്താന്‍ സഹായിക്കുക. പെരുവെള്ളത്തില്‍ വിലാസം നല്‍കുന്നതിനെക്കാളും ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മെസേജ് അയയ്ക്കുക.

6. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവർ വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാൻ പാടുള്ളൂ. കൈയ്യിലുള്ള ഭക്ഷണം പരമാവധി സമയത്തേക്ക് ഉപയോഗിക്കുക. പാകം ചെയ്യുന്ന ഭക്ഷണത്തെക്കാൾ ബിസ്കറ്റ് പോലുള്ള പാക്കറ്റ് ഫുഡ് കഴിക്കാൻ ശ്രമിക്കുക. ഉണക്കമുന്തിരി, ഈന്തപ്പഴം പോലുള്ള ഡ്രൈഫ്രൂട്സ് കയ്യിലുണ്ടെങ്കിൽ ഏറെ നല്ലതാണ്. അവ ഒപ്പമുള്ള എല്ലാം അംഗങ്ങൾക്കുമായി വീതിച്ചു കൈവശം സൂക്ഷിക്കാൻ നൽകുക.

7. വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടവർ ഒരിക്കലും ധൈര്യവും ആത്മവിശ്വാസവും കൈവിടരുത്. ഈ സമയം മനസ്സിന് ധൈര്യം നൽകാനാണ് ശ്രമിക്കേണ്ടത്.