നികേഷിനും സോനുവിനും പിന്നാലെ കേരളത്തില്‍ മറ്റൊരു ഗേ വിവാഹം കൂടി കഴിഞ്ഞിരിക്കുന്നു.  കേരളത്തിലെ രണ്ടാമത്തെ ഗേ ദമ്പതികളായി നിവേദും അബ്ദുല്‍ റഹീമും ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വിവാഹിതരായത്. വിവാഹത്തിന്‍റെ ചിത്രങ്ങള്‍ നിവേദും അബ്ദുല്‍ റഹീമും തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയായിരുന്നു. നേരത്തെ  ഇവരുടെ പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. 

ബ്ലാംഗ്ലൂരിലെ ചിന്നപനഹള്ളി  ലേക്കില്‍ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്.  ഇംഗ്ലീഷ് രീതിയിലുളള വിവാഹമായിരുന്നു. നീല നിറത്തിലുളള വസ്ത്രങ്ങളാണ്  ഇരുവരും ധരിച്ചത്. അടുത്ത സുഹൃത്തുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. മെഹന്ദി ചടങ്ങും നടത്തിയിരുന്നു. 

'സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ...ഞങ്ങള്‍ നിങ്ങളുടെ ചിലവില്‍ അല്ല ജീവിക്കുന്നത്. ഞങ്ങളും മനുഷ്യരാണ്. ഞങ്ങള്‍ക്കും ഇവിടെ ജീവിക്കാനുളള അവകാശമുണ്ട്. പിന്നെ ചുംബിക്കുന്ന ചിത്രങ്ങളെ വിമര്‍ശിക്കുന്നവരോട് പറയാനുളളത് ഇത് കിസ്സ് ഓഫ് ലവാണ്'- നിവേദ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു. 

 

തങ്ങളുടെ പ്രണയത്തെ കുറിച്ചും നിവേദ്  ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട്  തുറന്നുസംസാരിച്ചിരുന്നു. 'അഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ്  ഫേസ്ബുക്ക് വഴിയാണ് ഞങ്ങള്‍ പരിചയപ്പെട്ടത്. എന്‍റെ ജോലി ചെയ്തിരുന്ന ഓഫീസിന് തൊട്ടടത്ത് തന്നെയായിരുന്നു റഹീമും ജോലി ചെയ്തിരുന്നത്. അങ്ങനെയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെയാണ് ഞങ്ങള്‍ ആദ്യമായി സംസാരിക്കുന്നത്. അന്ന് അദ്ദേഹം വിദേശത്തുപോകാന്‍ നില്‍ക്കുകയായിരുന്നു. ഏകദേശം ഏഴ് ദിവസം മാത്രമേ നാട്ടില്‍ ഉണ്ടായിരുന്നോള്ളൂ. ആ ദിവസങ്ങളില്‍ ഞങ്ങള്‍ കോഫി കുടിക്കാനൊക്കെ പോകുമായിരുന്നു. അപ്പോഴാണ് കൂടുതലായി ഞങ്ങളെ കുറിച്ച് സംസാരിക്കുന്നതും അടുക്കുന്നതും. പോകുന്നതിന് മുന്‍പ് റഹീം എന്നോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. 2014-ല്‍ ആയിരുന്നു അത്'- നിവേദ് പറഞ്ഞു. 

 'വാടക ഗര്‍ഭധാരണത്തിലൂടെ ഒരു കുഞ്ഞ് വേണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്‍റെ ഒരു പെണ്‍സുഹൃത്ത് അതിന് തയ്യാറാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഐവിഎഫ് വഴി ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വീട്ടുകാരോട് പല തവണ സെക്ഷ്വാലിറ്റിയെ കുറിച്ച് പല തവണ സൂചന നല്‍കിയിരുന്നെങ്കിലും ഗേയാണ് എന്നകാര്യം കഴിഞ്ഞ വര്‍ഷമാണ് വീട്ടുക്കാരോട് തുറന്നുപറഞ്ഞത്. അവര്‍ക്ക് ഇപ്പോഴും അത് അംഗീകരിക്കാനായിട്ടില്ല. അച്ഛനും അമ്മക്കും മാത്രമല്ല, ഐടി കമ്പനിയില്‍ ജോലി ചെയ്യുന്ന സഹോദരിക്ക് പോലും ഇക്കാര്യം അംഗീകരിക്കാന്‍ കഴിയുന്നില്ല. റഹീമിന്‍റെ വീട്ടിലെ സ്ഥിതിയും ഇതുപോലെ തന്നെയാണ്. മറ്റൊരു മതത്തില്‍പ്പെട്ടയാള്‍ കൂടിയായതിനാല്‍ അവര്‍ക്ക് ഒട്ടും ഇത് അംഗീകരിക്കാന്‍ കഴിയുന്നില്ല.  ഇത് ഇങ്ങനെ പൊതുസമൂഹത്തെ അറിയിക്കാതെ നിങ്ങളില്‍ തന്നെ ഒതുക്കികൂടെയെന്നാണ് ബന്ധുക്കള്‍ പലരും അദ്ദേഹത്തിന് അയക്കുന്ന സന്ദേശങ്ങള്‍ എന്നും നിവേദ് വെളിപ്പടുത്തി. 

 

 

ഞാന്‍ എന്താണോ അങ്ങനെ തന്നെ ജീവിക്കാനാണ് എനിക്കിഷ്ടം. എന്‍റെ സെക്ഷ്വാലിറ്റി ഞാന്‍ മുന്‍പേ തുറന്നുപറഞ്ഞയാളാണ്. ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് ഇത് തിരിച്ചറിയുന്നത് എന്നും നിവേദ് പറയുന്നു. അതിന് മുന്‍പ് എനിക്ക് ഒരു പെണ്‍കുട്ടിയുമായി പ്രണയമുണ്ടായിരുന്നു. പരസ്പരധാരണയിലാണ് ഞങ്ങള്‍ വേര്‍പിരിഞ്ഞത്. അവള്‍ ഇപ്പോഴും  എന്‍റെ നല്ലൊരു സുഹൃത്താണ് എന്നും നിവേദ് കൂട്ടിച്ചേര്‍ത്തു.  

കൊച്ചി സ്വദേശിയാണ് നിവേദ്. റഹീം ആലപ്പുഴ സ്വദേശിയും. ബാംഗ്ലൂരിലെ  ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ക്ലയിന്റ് കോർഡിനേറ്ററായി ജോലി ചെയ്യുകയാണ് നിവേദ്. റഹീം യുഎഇയില്‍ ആണ് ജോലി ചെയ്യുന്നത്.