ഭൂട്ടാൻ: ഭൂട്ടാനിലെ മയക്കുമരുന്ന് നിയന്ത്രണ അതോറിറ്റി നൽകിയ പരാതിയെ തുടർന്ന് തിംഫു പൊലീസ് വിവിധ കൊറിയർ സർവ്വീസ് വഴി വിമാനമാർ​ഗത്തിലൂടെ എത്തുന്ന വൻതോതിലുള്ള ലഹരിവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചതായി റിപ്പോർട്ട്. എത്യോപ്യയിൽ നിന്നുള്ള മയക്കുമരുന്ന് കടത്ത് റാക്കറ്റ്  മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതിനുള്ള സഞ്ചാരമാർ​​ഗമായിട്ടാണ് ഭൂട്ടാനെ കണക്കാക്കുന്നതെന്ന് തുടർച്ചയായുള്ള അന്വേഷണത്തിൽ നിന്ന് വ്യക്തമായതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ വർഷം ‍‍ഡിസംബർ 19ന് ഏകദേശം നാല് കിലോയോളം വരുന്ന ചരക്കാണ് കൊറിയർ സർവ്വീസ് വഴി ലഭിച്ചതെന്ന് തിംഫുവിലെ ഒരു ഷിപ്പിം​ഗ് കമ്പനി ബിഎൻസിഎയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. കൊറിയർ‌ സർവ്വീസ് വഴി എത്തിച്ചേരുന്ന ഇത്തരം ചരക്കുകളിൽ 'മുരിങ്ങ ഇല' അല്ലെങ്കിൽ 'ഹെർബൽ ടീ' എന്നാണ് രേഖപ്പെടുത്തിയിട്ടുണ്ടാകുക എന്ന് ഇവർ വ്യക്തമാക്കുന്നു.

ബിഎൻസിഎ നടത്തിയ പരിശോധനയിൽ മുരിങ്ങ ഇല എന്ന പേരിൽ അയക്കുന്ന ചരക്കിൽ കാഥിനോണിന്റെ സാന്നിദ്ധ്യമുണ്ടെന്ന് കണ്ടെത്തിയതായി തിംഫു സിറ്റി പോലീസിന്റെ നാർകോട്ടിക് സെൽ ഓഫീസറായ മേജർ നംഗെ ഡോർജി പറഞ്ഞു. ഭൂട്ടാനിലെ പോസ്റ്റോഫീസിലും മറ്റ് ലോജിസ്റ്റിക് കമ്പനികളിലും ഇത്തരം ചരക്കുകൾ തുടർച്ചായി എത്തിച്ചേരുന്നുണ്ടെന്ന് തുടർന്ന് നടത്തിയ അന്വേഷണത്തിൽ പോലീസ് കണ്ടെത്തി.

''കാഥിനോൺ എന്ന രാസവസ്തുവാണ് ഈ ഉണങ്ങിയ ഇലകളിൽ അടങ്ങിയിട്ടുള്ളതെന്ന് ബി‌എൻ‌സി‌എയിലെ ലബോറട്ടറി പരിശോധനയിൽ സ്ഥിരീകരിച്ചു. ആഫ്രിക്കയിൽ കാണപ്പെടുന്ന ഖാത് എന്ന ലഹരി ഇലകൾ ഉണങ്ങിയതായിരുന്നു അത്. മറിച്ച് മുരിങ്ങയില ആയിരുന്നില്ല. ഇവയിൽ കാഥിനോണിന്റെ സാന്നിദ്ധ്യമുണ്ട്''.  മേജർ നം​ഗെ വെളിപ്പെടുത്തുന്നു. 

ചരക്ക് കടത്തിന്‍റെ പ്രവർത്തന രീതി...

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ഏജൻസികൾ തങ്ങളുടെ അനധികൃത ചരക്കുകൾ എത്യോപ്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിനുള്ള മാർഗമായി ഭൂട്ടാനെയാണ് ഉപയോഗിക്കുന്നത്. സമൂഹമാധ്യമങ്ങളെയും വെബ്സൈറ്റുകളെയും കൂട്ടുപിടിച്ചാണ് ഇവർ  ബന്ധങ്ങൾ സൃഷ്ടിക്കുന്നതും ചരക്കുകൾ കൈമാറ്റം നടത്തുന്നതും.

ഭൂട്ടാനിലെ ചില വെബ്സൈറ്റുകൾ കമ്പനിയുടെ പേര്, ജീവനക്കാരുടെ പേര്, അവരുടെ പദവികൾ, ഇമെയിൽ, ഫോൺനമ്പറുകൾ എന്നിവ ഉൾപ്പെടെയാണ് വെബ്സൈറ്റ് തയ്യാറാക്കുന്നത്. തൊഴിലുടമകളുമായും വ്യക്തികളുമായും കള്ളക്കടത്തുകാർ സമ്പർക്കം സ്ഥാപിച്ചുകഴിഞ്ഞാൽ, അവരുടെ വിലാസത്തിലാണ് ചരക്കുകൾ അയക്കുന്നത്.

മോറിംഗ ടീ ‌എന്ന് ലേബൽ ചെയ്തിട്ടുള്ള പാക്കറ്റുകളിലൂടെ ഉണക്കിയ ഖാത് ഇലകളാണ് ഇവർ അയക്കുന്നത്.  8 കിലോഗ്രാം മുതൽ 20 കിലോഗ്രാം വരെ വിവിധ വലുപ്പത്തിലുള്ള കാർട്ടണുകളായിട്ടാണ് ചരക്കുകൾ പായ്ക്ക് ചെയ്യുന്നത്. ഇങ്ങനെ അയച്ച് കിട്ടുന്ന ചരക്കുകൾ പാക്കേജിംഗ് മാറ്റി നിയുക്ത വിദേശ രാജ്യങ്ങളിലേക്ക് അയയ്ക്കാൻ വിലാസക്കാരോട് ആവശ്യപ്പെടുന്നു.

നിർദ്ദേശിച്ചതനുസരിച്ച്, ഇവർ പാക്കറ്റ് തുറന്ന്, ഭൂട്ടാൻ പോസ്റ്റിന്റെ പുതിയ ബോക്സുകൾ വാങ്ങി, അവ വീണ്ടും പായ്ക്ക് ചെയ്ത് മറ്റ് വിദേശ സ്ഥലങ്ങളിലേക്ക് വിമാന മാര്‍ഗം അയയ്ക്കുകയാണ് ചെയ്യുന്നത്. ചരക്കുകളുടെ എല്ലാ തപാൽ ചാർജുകളും കസ്റ്റംസ് ക്ലിയറൻസും കയറ്റുമതി ചെയ്ത രാജ്യത്ത് നിന്നാണ് ചെയ്യുന്നത്. എന്നാൽ അയച്ച് കിട്ടുന്ന വ്യക്തികളുടെ കമ്മീഷനെക്കുറിച്ച് കൂടുതൽ അറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം 1,575 കിലോഗ്രാം ഉണങ്ങിയ ഖാത് ഇലകളാണ് പിടിച്ചെടുത്തതെന്ന് പൊലീസ് വ്യക്തമാക്കുന്നു. തപാൽ, കൊറിയർ സേവനങ്ങൾ വഴി എത്തിച്ചേര്‍ന്ന ചരക്കുകളാണ് ഇവയെന്ന് മേജർ നംഗെ ഡോർജി പറഞ്ഞു. കൊറിയർ ലഭിച്ച 19 പേരെ സംഭവത്തിൽ ചോദ്യം ചെയ്യുകയാണ്.

ഭൂട്ടാനിലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലേക്കും കമ്പനികളുടെ വെബ്‌സൈറ്റുകൾ, ഇ-കൊമേഴ്‌സ് എന്നിവയിലേക്കും കള്ളക്കടത്തുകാർ തങ്ങളുടെ നെറ്റ്‌വർക്കുകൾ വ്യാപിപ്പിക്കുന്നതായി മേജർ നംഗെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണക്കാർ ഇത്തരം വെബ്സൈറ്റുകളിൽ തങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങൾ പങ്കുവയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ ജനങ്ങളാണ് പലപ്പോഴും ഇത്തരക്കാരുടെ തട്ടിപ്പുകൾക്ക് ഇരയാകുന്നതെന്നും മേജർ പറഞ്ഞു.

കൂടാതെ ഇത്തരം ചരക്ക് കൈമാറ്റങ്ങളെക്കുറിച്ച് കൊറിയർ സർവ്വീസ്, കയറ്റുമതി ഇറക്കുമതി സ്ഥാപനങ്ങൾ, പോസ്റ്റല്‍ സർവ്വീസ് എന്നിവിടങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയാസ്പദമായ രീതിയിൽ അത്തരം വസ്തുക്കൾ എത്തുന്നതായി ശ്രദ്ധയിൽ പെട്ടാൽ ആ വ്യക്തി ബി‌എൻ‌സി‌എയെയോ പോലീസിനെയോ അറിയിക്കണമെന്നും പൊലീസ് പറഞ്ഞു. 

ഖാത്, കാഥിനോൺ എന്നിവ 

കിഴക്കൻ ആഫ്രിക്ക, അറേബ്യൻ ഉപദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള പൂച്ചെടികളുള്ള നിത്യഹരിത കുറ്റിച്ചെടിയാണ് ഖാത്. കാഥിനോൺ, കാഥൈൻ എന്നിങ്ങനെ രണ്ട് തരത്തിലുള്ള ആൽക്കലോയിഡുകൾ (ക്ഷാരവസ്തുക്കൾ) ഈ ചെടിയിൽ അടങ്ങിയിരിക്കുന്നു, ഭൂട്ടാനിൽ ഇത് കാണുന്നില്ല. മുറുക്കാൻ പോലെയാണ് ഖാത് ഉപയോ​ഗിക്കുന്നത്. ഖാത് ചെടിയിൽ സ്വാഭാവികമായി തന്നെ കാഥിനോണിന്റെ സാന്നിദ്ധ്യമുണ്ട്. ഭൂട്ടാനിൽ, കാഥിനോൺ നിയന്ത്രിത മരുന്നാണ്. കൂടാതെ ഇവയ്ക്ക് യാതൊരു വിധത്തിലുള്ള മെഡിസിനൽ ​ഗുണങ്ങളൊന്നുമില്ലെന്നും പറയപ്പെടുന്നു. 

കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ കൊറിയർ സർവ്വീസ് വഴി അനധികൃത കള്ളകടത്ത് നടത്തിയതിനെ തുടർന്ന് തിംഫു പൊലീസിന്റെ പിടിയിലാകുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ വർഷം ഡിസംബർ ആദ്യ വാരത്തിൽ കസ്റ്റംസ് അധികൃതർ 19.30 കിലോഗ്രാം ഹാഷിഷും 600 ഗ്രാം ക്രിസ്റ്റൽ മെത്തും (മെത്താംഫെറ്റാമൈൻ) പിടിച്ചെടുത്തിരുന്നു. ഹോങ്കോങ്ങിലേക്കുള്ള ചരക്കുകളായിരുന്നു ഇവ. പിടിച്ചെടുത്ത വസ്തുക്കൾ കൂടുതൽ അന്വേഷണത്തിനായി പൊലീസിന് കൈമാറിയിരിക്കുകയാണ്. നേപ്പാളിൽ നിന്നുള്ള മഹേഷ് ലാമ എന്നയാളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.