Asianet News MalayalamAsianet News Malayalam

ചുംബനങ്ങൾ തിരിച്ചു വരുന്നോ?; ലോക്ക് ഡൗണിനുശേഷം പരസ്യമായ പ്രേമപ്രകടനങ്ങളിൽ കാര്യമായ വർധനവെന്ന് റിപ്പോർട്ട്

ആദ്യ ചുംബനത്തിന്റെ തരിപ്പ് പലപ്പോഴും കുഴിമാടത്തിലെത്തുവോളം നമ്മളെ വിട്ടുപോവില്ല.

kisses make a come back, public display of intimacy increased post covid post quarantine time
Author
London, First Published Oct 6, 2021, 2:53 PM IST
  • Facebook
  • Twitter
  • Whatsapp

ജെന്നിഫർ ലോപ്പസും(Jennifer Lopez) ബെൻ അഫ്ലെക്കും(Ben Affleck) തമ്മിലുള്ള പിണക്കങ്ങളൊക്കെ തീർന്ന് അവർ വീണ്ടും ഒന്നിച്ചു. ആ വിവരം അവരെങ്ങനെയാണ് ലോകത്തെ അറിയിച്ചത് ? റെഡ് കാർപ്പെറ്റിൽ ഇഴുകിച്ചേർന്നുനിന്ന് ഒരു ഫോട്ടോ എടുത്തോ? അതോ പി ആർ ഏജൻസികൾ അംഗീകരിച്ച ഒരു പ്രസ്താവന വഴിയോ? അല്ല. തങ്ങൾ വീണ്ടുമൊന്നായി എന്ന സന്തോഷവാർത്ത മാലോകരെ അറിയിക്കാൻ അവർ തിരഞ്ഞെടുത്ത മാർഗം, ഏറെ ഗാഢമായ ഒരു ആശ്ലേഷവും, അതിന്റെ തുടർച്ചയായി ചുണ്ടുകൾ പരസ്പരം കോർത്തുകൊണ്ടുള്ള ഒരുഗ്രൻ ചുംബനവും വഴിയാണ്. 'ബെന്നിഫർ' ദമ്പതികളുടെ ചുംബനം ഒരു അപവാദമല്ല എന്നാണ് എല്ലേ മാഗസിൻ പറയുന്നത്. ക്വാറന്റൈൻ(quarantine) , ലോക്ക് ഡൌൺ(lock down), മാസ്‌കിടീൽ, സാനിറ്റൈസർ എന്നിങ്ങനെ കൊവിഡ് ഏർപ്പെടുത്തിയ വിലക്കുകളെ മറികടന്ന് ചുംബനം പൂർവാധികം ശക്തിയോടെ മനുഷ്യർക്കിടയിലെ വൈകാരിക സമ്പർക്കങ്ങളിൽ അതിന്റെ മടങ്ങിവരവ് അറിയിച്ചിരിക്കുകയാണത്രെ. 

നമ്മളിൽ പലരും ആദ്യമായി അറിഞ്ഞ ലൈംഗികാനുഭൂതിയാണ് ചുംബനം. ടീനേജ് പ്രായത്തിൽ, ഹോർമോണുകൾ ഉടലിലൂടെ റോളർ കോസ്റ്റർ റൈഡ് നടത്തുന്ന കാലത്ത്, കൂടെപ്പഠിച്ചവരോടൊപ്പം ആ അനുഭവത്തിൽ പങ്കാളികളായവർ തൊട്ട്, ഏറെ വൈകി ചുംബനത്തിന്റെ മധുരം നുകർന്നവരും നമുക്കിടയിലുണ്ടാവും. ഇഷ്ടം അടുപ്പമായി പ്രണയത്തിലേക്ക് കടക്കുന്ന വേളയിൽ, കമിതാവിന്റെ തൊട്ടടുത്തെത്തി, ആ ഗന്ധവും ചൂടുമെല്ലാം അടുത്തറിഞ്ഞ്, അവരുടെ ഫെറോമോണുകളെ നമ്മുടെ നാസാരന്ധ്രങ്ങളിലേക്ക് വലിച്ചെടുത്തുതുടങ്ങുമ്പോൾ ഹൃദയം അതിന്റെ സകല കുതിരശക്തിയും പുറത്തെടുത്ത് പമ്പിങ് തുടങ്ങും. മിടിപ്പുകൾ സെക്കൻഡ് സൂചിയെ വെട്ടിക്കുന്ന ഏതെങ്കിലും അസുലഭാവസരത്തിലാവും നമുക്ക്, പ്രണയിക്കുന്നയാളിനെ ചേർത്തുപിടിച്ച് ഒന്നുമ്മവെക്കാനുള്ള ധൈര്യം ആദ്യമായി കൈവരുക. ഏതാണ്ട് അതേ ധൈര്യവും, അടുപ്പവും കമിതാവിലും ഉത്പാദിതമാവുന്ന ചരിത്ര സന്ധിയിൽ നമ്മുടെ ജീവിതത്തിലെ ആദ്യ ചുംബനം നമ്മളെ തേടിയെത്തും. 

 

kisses make a come back, public display of intimacy increased post covid post quarantine time

 

കൗമാരയൗവ്വനങ്ങളിൽ ഉള്ളിലേക്കെടുക്കുന്ന ആദ്യ ചുംബനത്തിന്റെ തരിപ്പ് പലപ്പോഴും കുഴിമാടത്തിലെത്തുവോളം നമ്മളെ വിട്ടുപോവില്ല. അതിന്റെ ഓർമ്മകൾ പിന്നീടേറെക്കാലം നമ്മളിൽ പലരും അയവെട്ടിയെന്നിരിക്കും. എന്നാൽ, മധ്യവയസ്സിലേക്ക് കാലെടുത്തു വെക്കുന്നതോടെ പലരിലും ആദ്യചുംബനത്തിന്റെ ആലക്തികാനുഭവത്തിന്റെയും നിറം മങ്ങും. ചുംബനം എന്നത് കുറേകൂടി ആനന്ദദായകമായ മറ്റു പല ശാരീരികാനുഭവങ്ങളിലേക്കുമുള്ള ഒരു റിലേ ബാറ്റൺ മാത്രമാവും. സെക്സ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിന്റെ ബാൽക്കണി ടിക്കറ്റ് മാത്രമാവും പലർക്കും ചുംബനം. ഓട്ടം ആ ശാരീരിക പ്രക്രിയയുടെ പിന്നാലെയാവും. അതിൽ മുഴുകി പലരും ചുംബനങ്ങളെക്കുറിച്ച് പാടെ മറന്നുപോയെന്നിരിക്കും.

എന്നാൽ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ആകുന്ന ചിത്രങ്ങളിൽ പ്രകടമായ ഒരു മാറ്റം ദൃശ്യമാവുന്നത്, ചുംബനം എന്ന വൈകാരികാനുഭവം അതിശക്തമായ രീതിയിൽ തന്നെ അതിന്റെ മടങ്ങിവരവ് നടത്തുന്നതാണ്.തങ്ങളുടെ ഇണകളെ  പരസ്യമായി, അതും അതിഗാഢമായിത്തന്നെ ചുംബിക്കാൻ ഇന്ന് പലരും മടിച്ചു നിൽക്കുന്നില്ല. എന്ന് വെറുതെ പറഞ്ഞു പോവുന്നതല്ല. ചിത്രങ്ങളാണ് തെളിവ്. ഒന്നല്ല, രണ്ടല്ല, ഒരായിരം ചിത്രങ്ങൾ. ബെൻ അഫ്‌ളെക്കും ജെന്നിഫർ ലോപ്പസും ഉമ്മവെച്ചത്, വെനീസ്  ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു. അതേ വേദി ചുണ്ടുകൾ തമ്മിലുള്ള അത്ര തന്നെ ഗാഢമായ മറ്റു പല സമ്പർക്കങ്ങൾക്കും സാക്ഷ്യം വഹിച്ചു. ഉദാ. അഡ്രിയാന ലിമയും കാമുകൻ ആന്ദ്രേ എല്ലും, തങ്ങളുടെ പ്രതിശ്രുത വധുക്കളെ ചുംബിച്ച  മാരിയോ മാർട്ടോണിയും ഗബ്രിയേൽ മെയ്നെട്ടി എന്നീ സംവിധായകർ. കോവിഡ് കാരണം ചുംബനങ്ങൾക്ക് വിലക്കുണ്ടായിരുന്നിട്ടും കാൻ ഫിലിം ഫെസ്റ്റിവലും നിരവധി ചൂടൻ ചുംബനങ്ങൾക്കുള്ള വേദിയായി. 

ഫാഷൻ രംഗത്ത് ഇതിന്റെ തരംഗം നേരത്തെ തുടങ്ങിയിരുന്നു. ജാക്വസ്‌മസ് എന്ന സുപ്രസിദ്ധ ഡിസൈനർ തന്റെ SS21 L'Amour കാമ്പെയ്ൻ സമർപ്പിച്ചിട്ടുള്ളത് തന്നെ ചുംബനങ്ങൾക്കാണ്. കിടക്കയിൽ കിടന്നുകൊണ്ട്, ചുവരിൽ ചാരി നിന്നുകൊണ്ട്, വെറും നിലത്ത്, മോട്ടോർബൈക്കിൽ ഇരുന്നുകൊണ്ട് ഒക്കെ പരസ്പരം ചുണ്ടുകൾ കോർക്കുന്ന സൂപ്പർമോഡലുകളെ ഈ കാംപെയിനിൽ നമുക്ക് കാണാം. 

kisses make a come back, public display of intimacy increased post covid post quarantine time

കൊവിഡ് കാലം പരസ്യചുംബനങ്ങളുടെ പഞ്ഞകാലം തന്നെയാണ്. അപരിചിതരായ രണ്ടു പേര് തെരുവിൽ വെച്ച് കണ്ടുമുട്ടുക. പ്രഥമദർശനത്തിലെ ആകർഷണത്തിന്മേൽ അവർ പരസ്പരം ചാഞ്ഞ് പൊടുന്നനെ ചുംബിച്ചു പോവുക തുടങ്ങിയ കലാപരിപാടികൾക്കൊക്കെ ക്വാറന്റൈൻ അപ്രഖ്യാപിത വിലക്കുതീർത്തിരുന്നു. സുരക്ഷാമാനദണ്ഡങ്ങളുടെ പേരിൽ, കോവിഡിനോടുള്ള ഭയത്തിന്റെ പേരിൽ ജനങ്ങൾ ഒഴിച്ച് മാറ്റിനിർത്തിയിരുന്നേടത്തുനിന്നാണ് ചുംബനങ്ങൾ ചുരുങ്ങിയത് പാശ്ചാത്യ ലോകത്തെങ്കിലും മടങ്ങി വരവ് പ്രഖ്യാപിച്ചിരിക്കുന്നത്. "ഒന്നൊന്നര വർഷമായി നിരോധിക്കപ്പെട്ടിരുന്നതുകൊണ്ട് മടങ്ങിവരവിൽ ചുംബനങ്ങൾക്ക് തീക്ഷ്ണത ഏറെയാണ്" എന്നാണ് 'Kissing And Other Stories ' എന്ന പേരിൽ ചുംബനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഫോട്ടോ സ്റ്റോറികൾക്ക് മാത്രമായി ഒരു ഇൻസ്റ്റാഗ്രാം ഹാൻഡിൽ നടത്തുന്ന എമ്മ ഫിർത്ത് പറയുന്നത്. നഗരത്തിൽ തനിക്കു ചുറ്റും കൂടുതൽ പേർ പൊതു ഇടങ്ങളിൽ വെച്ച് ചുംബനങ്ങൾ കൈമാറുന്നതായി ശ്രദ്ധയിൽ പെട്ട് എന്ന് ലണ്ടനിൽ സ്ഥിരതാമസമുള്ള ഫിർത്ത് പറയുന്നു. "ലോകം മുഴുവൻ നിരാശപ്പെടുത്തുമ്പോൾ, മറ്റൊരാളിൽ നിന്നുണരുന്ന പ്രതീക്ഷകൾ, അതിൽ നിന്നുടലെടുക്കുന്ന ആകർഷണം അതാണ് ചുംബനത്തിലേക്ക് നമ്മളെ നയിക്കുന്നത്. ചുംബനം പകർന്നു നൽകുന്ന വൈദ്യുതീകമ്പനങ്ങൾ എനിക്ക് ഇനിയുമിനിയും വേണമെന്നുണ്ട്..." എന്നാണ്   എമ്മ ഫിർത്ത് എല്ലേ മാഗസിനോട് പറഞ്ഞത്. 

 

അപ്പോൾ, ഇപ്പോൾ മടങ്ങിവന്നിരിക്കുന്നു എന്നുപറയുന്ന ചുംബനങ്ങൾ ഇനിയും ഏറെനാൾ ഇതുപോലെ തന്നെ തുടർന്നേക്കുമോ? അതോ, കൊവിഡ് അടിച്ചേൽപ്പിച്ച വൈകാരികദാരിദ്ര്യത്തിൽ നിന്ന് പുറത്തുവന്നതിന്റെ തരിപ്പിൽ യുവത നടത്തുന്ന താൽക്കാലികമായ ആഘോഷങ്ങൾ മാത്രമായി അവസാനിക്കുമോ അതും. മാസ്ക് ധരിച്ചും, ക്വാറന്റൈനിന്റെ പേരിൽ അടച്ചിരുന്നുമൊക്കെ 'ഇന്റിമസി' അഥവാ അടുപ്പം എന്തെന്നു തന്നെ മറന്നു പോയിരിക്കുന്ന ഒരു ജനതയ്ക്ക് ഒരോർമ്മപ്പെടുത്തലാണ് ചുംബനങ്ങളുടെ ഈ മടങ്ങിവരവ്. എന്തൊക്കെ പറഞ്ഞാലും, കൊടുമ്പിരിക്കൊണ്ട പല പ്രണയങ്ങളും, പതിറ്റാണ്ടുകൾ നീണ്ട പല ദാമ്പത്യങ്ങളും തുടങ്ങിയത് ഒരു ചുംബനത്തിന്റെ വീറിലാവുമല്ലോ..!

Follow Us:
Download App:
  • android
  • ios