രാത്രി നേരത്തേ ഉറങ്ങുന്നതും രാവിലെ നേരത്തേ എഴുന്നേല്‍ക്കുന്നതുമാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം എന്നാണ് പൊതുവില്‍ പറഞ്ഞുകേള്‍ക്കാറ്, അല്ലേ? രാത്രിയില്‍ ഉറങ്ങാന്‍ വൈകുന്നവരെ മിക്കപ്പോഴും കുറ്റപ്പെടുത്തുന്നതാണ് പതിവായി കാണുന്നതും. 

എന്നാല്‍ രാത്രി 'ആക്ടീവ്' ആകുന്ന ആളുകള്‍ക്ക് ചില ഗുണങ്ങളുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത്തരത്തിലുള്ള അഞ്ച് ഗുണങ്ങളേതെല്ലാം എന്ന് അറിയാം. 

ഒന്ന്...

രാത്രിയില്‍ സജീവമായിരിക്കുന്നവരില്‍ ക്രിയാത്മകത കൂടുതലായിരിക്കുമെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. മിലാനിലെ 'കാത്തലിക് യൂണിവേഴ്‌സിറ്റി ഓഫ് ദ സേക്രഡ് ഹാര്‍ട്ടി'ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. 

 

 

തലച്ചോറിന്റെ ക്രിയാത്മകതയ്ക്കുള്ള കഴിവിനെ പരിശോധിക്കുന്ന ടാസ്‌കുകള്‍ ആളുകളെക്കൊണ്ട് ചെയ്യിച്ച് നോക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലേക്കെത്തിയത്. 

രണ്ട്...

രാത്രിയില്‍ വൈകിയും ഉറങ്ങാതിരിക്കുന്നവര്‍ മാനസികമായി കൂടുതല്‍ 'അലര്‍ട്ട്' ആയിരിക്കുമത്രേ. ബെല്‍ജിയത്തിലെ 'ലീഗ് യൂണിവേഴ്‌സിറ്റി'യില്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനം നടത്തിയത്. 

മൂന്ന്...

രാത്രിയില്‍ ദീര്‍ഘനേരം 'ആക്ടീവ്' ആയിരിക്കുന്നവര്‍ സമാന മനസ്‌കരുമായി ഏറെ അടുപ്പത്തിലായിരിക്കുമെന്നും ഇത് വ്യക്തിത്വ വികസനത്തെ അനുകൂലമായി സ്വാധീനിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഡിജിറ്റല്‍ യുഗത്തില്‍ ഇന്റര്‍നെറ്റാണ് ഇതിന് ഏറെ സഹായിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സമാനമനസ്‌കരെ കണ്ടെത്താനും ബന്ധം നിലനിര്‍ത്താനും ഇവര്‍ക്കാകുന്നു. 

നാല്...

ചെറിയ കുഞ്ഞുങ്ങളെ നോക്കുന്ന കാര്യത്തില്‍ രാത്രി 'ആക്ടീവ്' ആയി പരിചയിച്ച ആളുകള്‍ക്ക് പ്രത്യേക പ്രാവീണ്യമാകുമത്രേ. 

 

 

കുഞ്ഞുങ്ങള്‍ രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെയെല്ലാമാണ് ഒരേസമയം ഉറങ്ങൂ. അതിനാല്‍ മിക്കവാറും രാത്രി ഉണര്‍ന്നിരുന്ന് അവരെ പരിചയക്കേണ്ട അവസ്ഥയാണ് മാതാപിതാക്കള്‍ക്കുണ്ടാവുക. മിക്കവരേയും ഈ ശീലം മോശമായി ബാധിക്കാറുണ്ട്. എന്നാല്‍ രാത്രിയില്‍ വൈകി ഉറങ്ങി ശീലിച്ചവര്‍ക്ക് ഇതൊരു വിഷയമാവില്ലല്ലോ. 

അഞ്ച്...

രാത്രി 'ആക്ടീവ്' ആയിരിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് തങ്ങളുടെ ഹോബികള്‍ക്ക് ധാരാളം സമയം ലഭിക്കും. ഇത് അവരുടെ മാനസികാരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിച്ചേക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also Read:- എപ്പോഴും ചിരിക്കുന്നവരെ കളിയാക്കേണ്ട; ചിരി കൊണ്ടും ഗുണമുണ്ട്...