ഏറെ നാളത്തെ വീഴ്ചകളുടെ പരിണിതഫലമായ ഒരു വിസ്ഫോടനത്തിലേക്ക് ബെയ്‌റൂത്ത് നഗരം പ്രവേശിക്കുമ്പോൾ, തുറമുഖത്തിൽ നിന്ന് ഏറെ ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന സെന്റ് ജോർജ്സ് ഹോസ്പിറ്റലിൽ ഇമ്മാനുവേൽ എന്ന സ്ത്രീ പേറ്റുനോവിളകി അവിടത്തെ ലേബർ റൂമിലേക്ക് സ്‌ട്രെച്ചറിലേറിയുള്ള യാത്രയിലായിരുന്നു.

അവൾക്കു പിന്നാലെ, ആ അനർഘനിമിഷം വീഡിയോയിൽ പകർത്തിക്കൊണ്ട്, ഭർത്താവ് എഡ്‌മണ്ടും ഉണ്ടായിരുന്നു. അവരുടെ ആ ധൃതിപ്പെട്ടുള്ള പാഞ്ഞുപോക്ക് ലേബർ റൂമിൽ എത്തുന്നതിനു മുമ്പുതന്നെ സ്ഫോടനം നടക്കുന്നുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ആശുപത്രിയുടെ ജനൽചില്ലുകൾ ചിതറിത്തെറിക്കുന്നത് വീഡിയോയിൽ കാണാം. 

 

 

 

അവിചാരിതമായുണ്ടായ സ്‌ഫോടനത്തിൽ ആദ്യം ഒന്ന് പതറിയെങ്കിലും എഡ്‌മണ്ട് ഉടൻ തന്നെ മനസ്സാന്നിധ്യം വീണ്ടെടുത്ത് റിക്കോർഡിങ്ങിൽ ശ്രദ്ധപതിപ്പിക്കുന്നു. "ഞങ്ങളുടെ മകൻ പിറന്നുവീണിരിക്കുന്നത് ഒരു സ്‌ഫോടനത്തിൽ കത്തിയെരിയുന്ന ബെയ്‌റൂത്ത് നഗരത്തിലേക്കാണ്. ജീവനോടെ അവശേഷിക്കാനായി എന്നത് തന്നെ വലിയ ആശ്വാസമാണ്. അതിനു ഞാൻ ദൈവത്തോട് നന്ദി പറയുന്നു. " എഡ്‌മണ്ട് റോയിട്ടേഴ്സിനോട് പറഞ്ഞു. 

സ്ഫോടനം നടന്നതിന് പിന്നാലെ ആശുപത്രിയിലെ വിദ്യുച്ഛക്തി ബന്ധം വിച്ഛേദിക്കപ്പെടുന്നുണ്ട്. എന്നിട്ടും, ഡോക്ടർമാരും നഴ്‌സുമാരും തികഞ്ഞ മനസ്സാന്നിധ്യത്തോടെ, എമർജൻസി ലാമ്പുകളും മറ്റും തെളിച്ചുവെച്ച് ഇമ്മാനുവലിന്റെ പ്രസവം സുരക്ഷിതമായി പൂർത്തിയാക്കുന്നു. പ്രതിസന്ധികളെ അതിജീവിച്ച ആൺകുഞ്ഞിന് അവർ  'ജോർജ്' എന്നാണ് പേരിട്ടിരിക്കുന്നത്.