ഉറങ്ങാൻ നേരം ഫാനിന് മുകളിലോ അല്ലെങ്കിൽ ലെെറ്റിന് മുകളിലോ പല്ലിയോ പാറ്റയോ കണ്ടാൽ പോലും നമ്മളൊന്ന് പേടിക്കാറുണ്ട്. എന്നാൽ പല്ലിയുടെ സ്ഥാനത്ത് ഒരു പെരുമ്പാമ്പിനെ കണ്ടാലുള്ള അവസ്ഥ എന്തായിരിക്കും. അത്തരമൊരു സംഭവമാണ് ഓസ്ട്രേലിയയിലെ ഒരു കുടുംബത്തിന് ഉണ്ടായിരിക്കുന്നത്. 

വീടിന്റെ മുറിയിലെ ലൈറ്റ് ഫിറ്റിംഗ്സിനുള്ളിലാണ് പെരുമ്പാമ്പ് ഒളിച്ചിരുന്നത്. എന്നാൽ പെരുമ്പാമ്പിന്റെ ഭാരം താങ്ങാൻ ലൈറ്റിനായില്ല. പാമ്പ് നേരെ കട്ടിലിലേക്ക് വീഴുകയായിരുന്നു. ഈ സമയം കിടക്കയിൽ ആരും ഇല്ലാതിരുന്നത് വൻ ഭാഗ്യമായെന്ന്, ചിത്രങ്ങൾ പുറത്തുവിട്ട സൺഷൈൻ കോസ്റ്റ് സ്നേക്ക് ക്യാച്ചേഴ്സ് പറഞ്ഞു. ക്വീൻസ് ലാൻ‌ഡിലാണ് സംഭവം. ഫേസ്ബുക്കിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്..

 മൂന്ന് ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായി കഴിഞ്ഞു. പെരുമ്പാമ്പിനെ പിടിച്ചുവെന്നും മറ്റൊരിടത്തേക്ക് മാറ്റിയെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ വർഷം, ചൈനയിൽ ഒരു സ്റ്റാഫ് മീറ്റിംഗിനിടയിൽ സീലിം​ഗ് ഫാനിൽ നിന്ന് പെരുമ്പാമ്പ് വീഴുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ വെെറലായിരുന്നു.