രണ്ട് വയസ് മാത്രമുള്ള നായയെ 14 ദിവസമാണ് വെള്ളമോ ഭക്ഷണമോ ഒന്നും നൽകാതെ ഫ്ളാറ്റ് ഉടമ ബാൽക്കണിയിൽ പൂട്ടിയിട്ടത്. 29കാരനായ ഡാനിയേൽ ഉഗാൽഡെ ആൻഡ്രെസും 24 കാരനായ നിക്കോൾ മൊറേനോ മരിയാനോ എന്നിവരാണ് നായയെ രണ്ടാഴ്ച്ച ബാൽക്കണിയിൽ ഉപേക്ഷിച്ച് പോയത്.

ജോർജിയയിലെ പാർക്ക് ഷോർസ് അപ്പാർട്ട്മെന്റിലാണ് സംഭവം.നായ നിർത്താതെ ഉറക്കെ കുരയ്ക്കുന്ന ശബ്ദം കേട്ട് മറ്റ് അപ്പാർട്ട്മെന്റിലുള്ളവർറ് മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് ഫോൺ ചെയ്യുകയും ഉടൻ തന്നെ അധികൃതർ വന്ന് നായയെ രക്ഷപ്പെടുത്തുകയുമായിരുന്നു. ശേഷം നായയെ ഗ്വിനെറ്റ് കൗണ്ടി മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. 

മൃഗസംരക്ഷണ കേന്ദ്രത്തിൽ എത്തിയ ഉടനെ തന്നെ നായയ്ക്ക് വെള്ളവും ഭക്ഷണവും നൽകി. മൃ​ഗസംരക്ഷണ കേന്ദ്രത്തിൽ എത്തുമ്പോൾ നായയുടെ ആരോ​ഗ്യസ്ഥിതി വളരെ മോശമായിരുന്നുവെന്ന് ഗ്വിനെറ്റ് കൗണ്ടി അനിമൽ ഷെൽട്ടറിലെ അലൻ ഡേവിസ് പറയുന്നു. ഭാരം നല്ല പോലെ കുറഞ്ഞിരുന്നുവെന്നും നായ വളരെ ക്ഷീണിച്ച അവസ്ഥയിലായിരുന്നുവെന്നും അലൻ പറഞ്ഞു. 

ഭക്ഷണമോ വെള്ളമോ ഒന്നും കഴിക്കാതെ ഈ നായ രണ്ടാഴ്ച്ച എങ്ങനെ ജീവിച്ച് എന്നത് അത്ഭുതം തന്നെയാണെന്ന് അലൻ പറഞ്ഞു. ഫ്ളാറ്റ് ഉടമ നായയെ അഭയകേന്ദ്രത്തിൽ ഉപേക്ഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ആർക്കും അറിയില്ല. മൃ​ഗങ്ങളോട് കാട്ടുന്ന ഇത്തരത്തിലുള്ള ക്രൂരത അനുവദിക്കരുതെന്ന് അധികൃതർ പറയുന്നു. നായയെ വളർത്താൻ പറ്റില്ലെങ്കിൽ മൃ​ഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയാണ് ചെയ്യേണ്ടതെന്നും അലൻ ഡേവിസ് പറയുന്നു.