സ്നേഹമാണോ, ആഹാരമാണോ വലുത്..?  ലാളനയോ അതോ നിലനിൽപ്പോ വലുത്.. ? മനുഷ്യനുണ്ടായ കാലം മുതൽക്കു തൊട്ടേ പലരും ഉത്തരം അന്വേഷിച്ചിട്ടുള്ള ഒരു ചോദ്യമാണിത്. പലരും പറഞ്ഞു കേട്ടിട്ടുണ്ട്, " നിനക്കൊക്കെ നാലുനേരം മൂക്കുമുട്ടെ തിന്നാൽ നീട്ടുന്നതിന്റെ ദെണ്ണമാണ്. അതില്ലെങ്കിൽ, അതെങ്ങനെ ഉണ്ടാക്കണം എന്ന ഒരൊറ്റ ചിന്തയേ കാണൂ.. ഇതൊക്കെ തിന്നത് എല്ലിന്റെ ഇടയിൽ കുത്തിയിട്ടുണ്ടാവുന്ന പ്രശ്നങ്ങളാണ് .." എന്നൊക്കെ.

എന്നാൽ അങ്ങനെയാണോ കാര്യങ്ങൾ..? തിന്നത് ദഹിക്കാതെ വരുമ്പോൾ മാത്രം, അല്ലെങ്കിൽ എല്ലിന്റെ ഇടയിൽ കുത്തുമ്പോൾ മാത്രം തോന്നുന്ന ഒരു വികാരമാണോ സ്നേഹം..? ഒന്നുകൂടി വ്യക്തമാക്കിയാൽ, മനുഷ്യന്റെ അടിസ്ഥാന ചോദന, അതെന്താണ് ? സ്നേഹമോ വിശപ്പോ..? എന്തിനാണ് മനുഷ്യൻ കൂടുതൽ പരിഗണന നൽകുന്നത്...?  ഈ വിഷയത്തിൽ വളരെ കുറച്ച് ആധികാരിക പഠനങ്ങൾ മാത്രമാണ് ശാസ്ത്രലോകം നടത്തിയിട്ടുള്ളത്.  അവയിൽ ഒന്ന്, പ്രസിദ്ധ നരവംശശാസ്ത്രജ്ഞനായ ഹാരി ഹാർലോ തന്റെ റീസസ് കുരങ്ങുകളിൽ നടത്തിയ രസകരമെന്നു തന്നെ പറയാവുന്ന ചില പരീക്ഷണങ്ങളാണ്. 

ആരായിരുന്നു ഈ ഹാരി ഹാർലോ..? 

അദ്ദേഹം ഒരു പച്ചമനുഷ്യനായിരുന്നു. സ്നേഹത്തെക്കുറിച്ച് ആദ്യമായി പഠനങ്ങൾ നടത്തിയത് അദ്ദേഹമാണ്. അദ്ദേഹം നിരന്തരം സിഗരറ്റുകൾ പുകച്ചു തള്ളുമായിരുന്നു.  കവിതകളോട് അഗാധമായ താത്പര്യം പ്രകടിപ്പിച്ചിരുന്നു. ഒരു മദ്യാസക്തനായിരുന്നു.  വല്ലാത്തൊരു മർക്കടമുഷ്ടിക്കാരനും സർവോപരി ഒരു അറുമുഷിയനുമായ ഈ അസാമാന്യ ഗവേഷകൻ ചെയ്ത പഠനത്തിന്റെ വ്യാപ്തി അപാരമാണ്. 

 

 

 ഗവേഷണം എന്ന മേഖലയിൽ വഴിപിഴച്ച് എത്തിപ്പെട്ടവനാണ് താനെന്ന് അദ്ദേഹം കരുതി. അത് ഉറക്കെ വിളിച്ചു പറയാനും ഒട്ടും മടിയുണ്ടായിരുന്നില്ല. പലപ്പോഴും ഉറക്കം തന്റെ ലാബിനുള്ളിൽ തന്നെയായിരുന്നു.   കാപ്പിയെയും സിഗററ്റിനെയും മാത്രം ആശ്രയിച്ചുകൊണ്ട് ജീവിച്ചിരുന്ന ഒരു നട്ടപ്രാന്തനായിരുന്നു അദ്ദേഹം. എന്നാൽ ഇങ്ങനെയൊക്കെ ആയിരിക്കെയും, 'സ്നേഹം' എന്നത് പരമപ്രധാനമാണ് എന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചിരുന്നു. അതിനെപ്പറ്റി ഗവേഷണം നടത്താൻ അദ്ദേഹം തയ്യാറായി. മറ്റുള്ളവരെപ്പോലെ അതിനെ അവഗണിച്ചു തള്ളിയില്ല.

ഹാർലോയുടെ സ്നേഹാന്വേഷണ പരീക്ഷണങ്ങൾ 

ഹാർലോയുടെ ലാബിൽ 120 റീസസ് കുരങ്ങുകളുണ്ടായിരുന്നു. അവയെ ഉപയോഗപ്പെടുത്തിക്കൊണ്ട് അദ്ദേഹം അമ്മയും കുഞ്ഞും തമ്മിലുള്ള അടുപ്പത്തെപ്പറ്റിയുള്ള നിരവധി ശാസ്ത്രീയ പഠനങ്ങൾ നടത്തി. പ്രസവാനന്തരമുള്ള അമ്മയുടെ വേർപാട് കുട്ടിക്കുരങ്ങന്മാരുടെ സ്നേഹത്തെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി അദ്ദേഹം നിരവധി പരീക്ഷണങ്ങളിലൂടെ പഠിക്കാൻ ശ്രമിച്ചു.

 

 

അമ്മക്കുരങ്ങുകളിൽ നിന്നും വേർപെടുത്തി പാർപ്പിച്ച കുട്ടിക്കുരങ്ങന്മാരെ കൃത്രിമമായി ഉണ്ടാക്കിയ രണ്ടുതരം അമ്മക്കുരങ്ങുരൂപങ്ങളോട് ഇടപെടീച്ച് അദ്ദേഹം നടത്തിയ പഠനങ്ങൾ ശ്രദ്ധേയമാണ്. ആദ്യത്തെ രൂപം ഇരുമ്പു കമ്പികൾ വളച്ചുണ്ടാക്കിയ പരുപരുത്ത ഒന്നായിരുന്നു. രണ്ടാമത്തേത്, കമ്പിയിലുള്ള ഫ്രയിമിന് മുകളിൽ തുണി ചുറ്റിയ കുറേക്കൂടി മൃദുലവും സൗമ്യവുമായ ദേഹത്തോട്  കൂടിയ ഒരു അമ്മക്കുരങ്ങുരൂപവും. രണ്ടിന്റെയും ഉള്ളിൽ അമ്മയുടെ ശരീരത്തിന്റേതു പോലെ തോന്നിക്കുന്ന നേരിയ ഒരു ചൂടും കൃത്രിമമായി കൊടുത്തു അദ്ദേഹം.

ഒരൊറ്റകാര്യത്തിലാണ് പരീക്ഷണം അസാധാരണമാവുന്നത്. കമ്പി മാത്രം ഉപയോഗിച്ചുണ്ടാക്കിയ അമ്മക്കുരങ്ങിന്റെ കയ്യിൽ അദ്ദേഹം ഒരു കുപ്പി പാൽ പിടിപ്പിച്ചിരുന്നു. എന്നാൽ ആ രൂപത്തെ കെട്ടിപ്പിടിക്കാനോ, താലോലിക്കാനോ അത്ര സുഖം പോരായിരുന്നു. അത്‌ ഏറെ പരുക്കനായിരുന്നു. രണ്ടാമത്തെ, കുറേക്കൂടി സൗമ്യമായ പ്രതലത്തോട് കൂടിയ അമ്മക്കുരങ്ങുരൂപത്തിന്റെ കയ്യിലാവട്ടെ പാൽക്കുപ്പി ഇല്ലായിരുന്നു. കുഞ്ഞുങ്ങൾക്ക് നൽകാൻ അതിന്റെ കയ്യിൽ ആകെയുണ്ടായിരുന്നത്, ചേർത്ത് നിർത്താൻ പോന്ന മൃദുലമായ ഒരു ദേഹവും, ചൂടുപകർന്നു നൽകുന്ന ഒരു നെഞ്ചും മാത്രമായിരുന്നു. ഇതിൽ ഏത് രൂപത്തിനോടാണ് കുട്ടിക്കുരങ്ങന്മാർക്ക് അടുപ്പം എന്നതായിരുന്നു അദ്ദേഹത്തിന്റെ പഠന വിഷയം.

 

 

ഹാർലോയുടെ പഠനം നടക്കുന്നതിനു മുമ്പ് വരെയും ശാസ്ത്രലോകം വിശ്വസിച്ചിരുന്നത്, പരിണാമത്തിന്റെ അടിസ്ഥാനം പ്രായോഗികമായ നിലനിൽപ്പാണെന്നായിരുന്നു. അതിനുള്ള ചോദനമാത്രമാണ് ഏതൊരു ജീവിക്കും ഉള്ളത് എന്നായിരുന്നു. അതിൻ പ്രകാരം, ഈ കുട്ടിക്കുരങ്ങുകൾ, നിലനിൽപ്പിന്റെ അമ്മിഞ്ഞപ്പാൽ തരാനില്ലാത്ത അമ്മനെഞ്ചിന്റെ ചൂടിനേക്കാൾ, ജീവൻ നിലനിർത്താൻ വേണ്ട പാൽ തരുന്ന, എന്നാൽ പരുപരുത്ത, ഇരുമ്പിന്റെ കൂടിന്റെ രൂപത്തിലുള്ള അമ്മക്കുരങ്ങിനോട് വേണമായിരുന്നു അടുപ്പം കാണിക്കാൻ.

സ്നേഹം, സ്നേഹം... അത് കഴിഞ്ഞുമാത്രം.. 

എന്നാൽ ഹാർലോയുടെ പഠനങ്ങൾ തെളിയിച്ചത് നേരെ തിരിച്ചായിരുന്നു. ലാബിലെ കുട്ടിക്കുരങ്ങന്മാർക്ക് പാലുതരുന്ന അമ്മയേക്കാൾ പ്രിയം കെട്ടിപ്പിടിക്കാനും കുത്തിമറിയാനും പതമുള്ള അമ്മയെ ആയിരുന്നു. അവർ ഏതുനേരവും തുണിയിൽ തീർത്ത അമ്മക്കുരങ്ങുരൂപത്തെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങും. വിശക്കുന്ന ഒരിത്തിരി നേരം മാത്രം ഒന്ന് ഏന്തി വലിഞ്ഞ്, തൊട്ടടുത്ത് തന്നെ വെച്ചിരിക്കുന്ന ഇരുമ്പുകമ്പിയിൽ തീർത്ത അമ്മരൂപത്തിലേക്ക് ചായും. അങ്ങനെ ചെയ്യുമ്പോൾ പോലും, അവർ പൂർണമായും - അതായത് മാനസികമായും, ശാരീരികമായും - തങ്ങളുടെ മറ്റേ അമ്മയുടെ ദേഹത്തോട് 'ബന്ധപ്പെട്ടു' തന്നെയാണ് ഇരിക്കുക.

 

 

ആ കുട്ടിക്കുരങ്ങന്മാരുടെ പെരുമാറ്റം ദിവസങ്ങളോളം നിരീക്ഷിച്ച ഹാർലോയ്ക്ക് ഒരു കാര്യം വ്യക്തമായി. ഒരു ജീവിയുടെ വളർച്ചയ്ക്ക്, പോഷണത്തിന്റെ പ്രായോഗികതയേക്കാൾ അത്യാവശ്യമായിട്ടുള്ളത് സാന്ത്വനത്തിന്റെ, സ്നേഹത്തിന്റെ, ഊഷ്മളസ്പർശമാണ് എന്ന സത്യം.

അന്നത്തെ പ്രമുഖ ടെലിവിഷൻ ചാനലുകളിൽ ഒന്നിൽ ചെന്നിരുന്നുകൊണ്ട് ഹാരി ഹാർലോ ഇങ്ങനെ പറഞ്ഞു, " നമ്മളെല്ലാവരും തന്നെ നമ്മുടെ ജീവിതങ്ങൾ തുടങ്ങുന്നത്, നമ്മുടെ വീട്ടിൽ നിന്നും മനുഷ്യബന്ധങ്ങളുടെ ബാലപാഠങ്ങൾ അഭ്യസിച്ചുകൊണ്ടാണ്. നമ്മുടെ പിൽക്കാല ജീവിതങ്ങളുടെ അസ്തിവാരങ്ങളാണ് അത്. അതിന്മേലാണ് നമ്മുടെ ഭാവി ജീവിതങ്ങൾ നമ്മൾ കെട്ടിപ്പടുക്കുന്നത്, അഥവാ കെട്ടിപ്പടുക്കേണ്ടത്. എന്നാൽ, കുരങ്ങനോ അല്ലെങ്കിൽ മനുഷ്യനോ, കുഞ്ഞുന്നാളിൽ തന്നെ സ്നേഹത്തെപ്പറ്റി അറിഞ്ഞു പഠിക്കുന്നില്ല എങ്കിൽ, പിന്നീടൊരിക്കലും അവൻ അതേപ്പറ്റി പഠിക്കാനേ പോവുന്നില്ല.." - അദ്ദേഹത്തിന്റെ വാക്കുകൾ, സ്നേഹമെന്തെന്നറിയാതെ വളർന്നുവന്ന പലരുടെയും മനസ്സുകളിൽ കൊടുങ്കാറ്റുകൾ ഇളക്കിവിട്ടു. അവർ ഇന്നത്തെ തങ്ങളുടെ കടപുഴകിയ മാനസികാവസ്ഥയ്ക്ക് കുട്ടിക്കാലത്തെ തങ്ങളുടെ അച്ഛനമ്മമാരുടെ അശ്രദ്ധമായ പരിചരണങ്ങളെ പഴിച്ചു.

" ഈ കുരങ്ങന്മാരെ നിരീക്ഷിക്കുന്നതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടതെന്താണ്..? " അദ്ദേഹം ചോദിച്ചു," അത്, ജീവിക്കാൻ പഠിക്കും മുമ്പേ ഒരു ജീവി പഠിക്കുന്നത് സ്നേഹിക്കാനാണ് എന്ന പരമസത്യമാണ്.."