തമിഴ്മക്കളുടെ എക്കാലത്തേയും പ്രിയപ്പെട്ട നേതാവും നടനുമായിരുന്നു എംജിആര്‍. തിരശ്ശീലയില്‍ നിന്നും ജീവിതത്തില്‍ നിന്നും പിന്‍വാങ്ങി, ഇത്രയും വര്‍ഷങ്ങള്‍ കടന്നുപോയിട്ടും ജനമനസുകളില്‍ ആ ഗംഭീരരൂപം അങ്ങനെ തന്നെ അതിശക്തമായി നില്‍ക്കുകയാണ്.

വെളിച്ചം തൂകുന്ന ചിരിയും, ചീകിവച്ച ഇടതൂര്‍ന്ന മുടിയും പതിനൊന്ന് മീശയും ഒത്ത സ്റ്റൈലുമുള്ള പഴയ എംജിആറിന്റെ ആ പ്രഭാവം പിന്നീട് സിനിമയിലോ രാഷ്ട്രീയത്തിലോ കടന്നുവന്ന മറ്റാര്‍ക്കും അനുകരിക്കാനോ, പകരം മാറ്റിയെടുക്കാനോ കഴിഞ്ഞില്ല. ആ രൂപം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിനിമാപ്രേമികളുടെ ഉള്ളില്‍ വീണ്ടും തെളിഞ്ഞുപൊങ്ങി വരികയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം പ്രമേയമാക്കുന്ന 'തലൈവി' എന്ന ചിത്രത്തില്‍, എംജിആറായി വേഷമിടുന്ന അരവിന്ദ് സ്വാമിയുടെ മേക്കോവറാണ് ഇതിന് കാരണം. ഒരുനിമിഷം എംജിആര്‍ തന്നെയെന്ന് സംശയിച്ച് നിന്നുപോകും വിധം അത്രയും സാമ്യം.

 


(അരവിന്ദ് സ്വാമി എംജിആർ ലുക്കിൽ...)


ഞെട്ടിച്ച മേക്കോവര്‍...

'തലൈവി'യെപ്പറ്റിയുള്ള ചര്‍ച്ചകളെല്ലാം ഇത്തിരി നേരത്തേക്ക് അരവിന്ദ് സ്വാമിയുടെ മേക്കോവര്‍ കവര്‍ന്നെടുത്തു എന്ന് വേണമെങ്കില്‍ പറയാം. പ്രമുഖ മേക്കപ്പ് ആര്‍ട്ടിസ്റ്റായ പട്ടണം റഷീദാണ് അരവിന്ദ് സ്വാമിയുടെ ഈ വമ്പന്‍ മേക്കോവറിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഗോപുരം കണക്കെ ഒരു വശത്തേക്ക് ഉയര്‍ത്തി ചീകിവച്ച മുടിയും, ഉയര്‍ന്ന പുരികവും, നേരിയ മീശയുമെല്ലാം സാക്ഷാല്‍ എംജിആറിനെ മുറിച്ചെടുത്തുവച്ച പോലെ!

മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെപ്പറ്റി പ്രേക്ഷകര്‍ക്കിടയില്‍ ഏറെയൊന്നും ചര്‍ച്ചകളുണ്ടായിട്ടില്ലാത്ത കാലത്ത് പോലും പട്ടണം റഷീദ് എന്ന പേര്, മലയാള സിനിമയെ സ്‌നേഹിക്കുന്ന ഏത് സാധാരണക്കാരനും സുപരിചതമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വര്‍ക്കുകളിലൊന്നായി ചരിത്രം, 'തലൈവി'യിലെ എംജിആറിനെ രേഖപ്പെടുത്തുമ്പോള്‍ ആ ക്രെഡിറ്റിന്റെ പങ്ക് നേടാന്‍ അര്‍ഹതയുള്ള ഒരാള്‍ കൂടിയുണ്ട്. ആര്‍ട്ടിസ്റ്റ് സേതു ശിവാനന്ദന്‍.

 


(അരവിന്ദ് സ്വാമി, മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദിനൊപ്പം...)


സേതുവിലേക്ക്...

സിനിമയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് അറിയാനും അന്വേഷിക്കാനും ഏറെ താല്‍പര്യപ്പെടുന്ന യുവതലമുറയാണ് ഇന്നുള്ളത്. ഒരുപക്ഷേ മുമ്പത്തെക്കാളൊക്കെ സിനിമയുടെ അണിയറയിലേക്ക് പ്രേക്ഷകന്‍ ഇറങ്ങിപ്പോകുന്ന കാലം. ഈ കാലത്ത് സേതുവിനെപ്പോലെയൊരു ആര്‍ട്ടിസ്റ്റിനെ കുറിച്ച് അറിയുന്നത് പോലും എത്രയോ സന്തോഷമുണ്ടാക്കുന്നതാണ്.

ഒരു കഥാപാത്രത്തെ കഥാകാരന്‍ എത്തരത്തിലാണോ ഭാവനയില്‍ കാണുന്നത്. അതിനെ രൂപത്തിലേക്കാക്കുകയാണ് ആര്‍ട്ടിസ്റ്റിന്റെ ജോലി. 'തലൈവി'യിലെ എംജിആറിനെ പോലെ നമുക്ക് അത്രയും സുപരിചിതമായ മുഖമാണെങ്കില്‍ പോലും അതിനകത്തും ചിത്രകാരന്‍ ഒരന്വേഷണം നടത്തുന്നുണ്ട്.

കഥാപാത്രം ചെയ്യാന്‍ പോകുന്ന നടന്റെ മുഖത്തിലേക്ക് കഥാപാത്രത്തിന്റെ മുഖം ചേര്‍ത്തുവയ്ക്കുകയെന്നതാണ് ഇതിലെ സുപ്രധാനമായ വെല്ലുവിളി. അവിടെയാണ് അരവിന്ദ് സ്വാമിയുടെ മേക്കോവറിന് പിന്നില്‍ സേതുവിന്റെ വിരലുകള്‍ തീര്‍ത്ത മായാജാലം മനസിലാകുന്നത്.

'കഥാപാത്രങ്ങളെ, അഭിനേതാക്കള്‍ക്ക് വേണ്ടി വരയ്ക്കുമ്പോള്‍ മേക്കപ്പിന്റെ സാധ്യകളെല്ലാം നമ്മള്‍ പരിഗണിക്കേണ്ടിവരും. പട്ടണം റഷീദ് എന്ന ആര്‍ട്ടിസ്റ്റുമായി കഴിഞ്ഞ കുറച്ചധികം വര്‍ഷങ്ങളായി വര്‍ക്ക് ചെയ്യുകയാണ്. അപ്പോള്‍ അദ്ദേഹത്തിന്റെ ടേസ്റ്റുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. ചില കഥാപാത്രങ്ങള്‍ സിനിമയില്‍ പല പ്രായത്തിലും എത്തുന്നുണ്ടാകാം. അതനുസരിച്ച് മേക്കപ്പിലും വ്യത്യാസം വരും. കങ്കണയ്ക്ക് തലൈവിയില്‍ പ്രോസ്‌തെറ്റിക് മേക്കപ്പാണ്. അപ്പോള്‍ അതിന് അനുസരിച്ച് വരയ്‌ക്കേണ്ടി വന്നു. അതുപോലെ എംജിആറിന്റെ മൂന്ന് കാലഘട്ടമാണ് തലൈവിയില്‍ വരുന്നത്. അതിനായി, മൂന്ന് പ്രായത്തിലുള്ള എംജിആറിനെ അരവിന്ദ് സ്വാമിക്ക് വേണ്ടി വരച്ചു. ഇതേ ചിത്രത്തില്‍ ജയലളിത, കരുണാനിധി എന്നിവരെയൊക്കെ വരച്ചിട്ടുണ്ട്...'- സേതു ശിവാനന്ദന്‍ പറയുന്നു.

 


(സേതു ശിവാനന്ദൻ വരച്ച എംജിആർ ക്യാരക്ടർ സ്കെച്ച്...)

 

നേരത്തേ നമുക്ക് പരിചിതരല്ലാത്ത കഥാപാത്രങ്ങളെയാണ് വരയ്ക്കുന്നതെങ്കില്‍ അതില്‍ നല്ലതുപോലെ റിസര്‍ച്ച് നടത്തേണ്ടിവരാറുണ്ടെന്നും സേതു പറയുന്നു. പത്തേമാരിയില്‍ മമ്മൂട്ടി ചെയ്ത പ്രവാസിയുടെ പഴയകാല ലുക്കിന് വേണ്ടിയൊക്കെ അങ്ങനെ ചെറിയ അന്വേഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും സേതു.

'പൃഥ്യുരാജിന്റെ 'ആടുജീവിതം' എന്ന സിനിമയ്ക്ക് വേണ്ടി ഇതുപോലെ കുറച്ച് റിസര്‍ച്ച് ചെയ്തിട്ടുണ്ട്. അത് വരാനിരിക്കുന്ന ചിത്രമാണ്. ഇതുവരെയിപ്പോള്‍ മലയാളം, തമിഴ്, കന്നഡയൊക്കെയായി അമ്പതിലധികം ചിത്രങ്ങളില്‍ വര്‍ക്ക് ചെയ്തു. ബ്ലസി, ശ്രീകുമാര്‍ മേനോൻ തുടങ്ങിയ സംവിധായകരോടൊക്കെ വലിയ കടപ്പാടുണ്ട്. പിന്നെ പട്ടണം റഷീദ്, അദ്ദേഹത്തോടും അതുപോലെ തന്നെ കടപ്പാടുണ്ട്. ഇപ്പോള്‍ സിനിമയില്‍ ക്യാരക്ടര്‍ സ്‌കെച്ചിംഗ് വളരെ സാധാരണമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഏത് തരം ചിത്രമാണെങ്കിലും പ്രധാന കഥാപാത്രങ്ങളെങ്കിലും എങ്ങനെയിരിക്കണമെന്ന് ആദ്യം സ്‌കെച്ച് ചെയ്ത് തന്നെ നോക്കാറുണ്ട്...'- സേതു പറയുന്നു.

 


(ഇടത്- സേതു വരച്ച, ജയസൂര്യയുടെ ശ്രദ്ധേയ കഥാപാത്രം 'മേരിക്കുട്ടി'.... വലത്- സംവിധായകൻ വി.എ ശ്രീകുമാറിനൊപ്പം സേതു...)


'ഒടിയന്‍' എന്ന മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി വരച്ച ഒടിയന്റെ രൂപവും, ജയസൂര്യയുടെ കിടിലന്‍ മേക്കോവറുമായി എത്തിയ 'മേരിക്കുട്ടി'യുമെല്ലാം സേതുവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സ്‌കെച്ചുകളാണ്. ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലും സേതുവിന് പ്രതീക്ഷകളേറെയാണ്. സ്‌ക്രീനിലെ നടനും, അതിന് പിന്നിലെ മേക്കപ്പ് ആര്‍ട്ടിസ്റ്റിനും മുമ്പ് കഥാപാത്രത്തെ കയ്യിലെടുക്കുന്ന ഈ 'മാജിക്' അത്രയും പ്രിയപ്പെട്ടതാണെന്ന് തന്നെ സേതു ഉറപ്പിക്കുന്നു.