ലോകത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിക്കൊണ്ടാണ് കൊറോണ വൈറസ് ദുരിതം വിതച്ച് പടരുന്നത്. പലയിടങ്ങളിലും ആവശ്യത്തിന് ചികിത്സാസംവിധാനങ്ങളില്ല, അടിസ്ഥാനാവശ്യങ്ങള്‍ പോലും മുടങ്ങിക്കിടക്കുന്ന അവസ്ഥയില്‍ തുടരുന്നവരുണ്ട്. ഈ ദുരവസ്ഥകള്‍ക്കിടയിലും പരസ്പരം കൈത്താങ്ങാകുന്ന മനുഷ്യരും കുറവല്ല. അത്തരത്തിലൊരനുഭവം തുറന്ന് പങ്കുവയ്ക്കുകയാണ് ജറുസലേമില്‍ കെയര്‍ ഗിവറായി ജോലി ചെയ്യുന്ന മലയാളിയായ ആശ സൂസന്‍. 

850ന് മുകളില്‍ കൊറോണ കേസുകള്‍ ജറുസലേമില്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. ഒരു മരണവും ജറുസലേമില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പല സ്ഥലങ്ങളിലും ജനങ്ങള്‍ പേടിച്ച് പുറത്തിറങ്ങുന്നില്ല. അവശ്യസാധനങ്ങള്‍ ഇല്ലാത്ത സാഹചര്യവും നേരിടുന്നുണ്ട്. ഈ പരിഭ്രാന്തികള്‍ക്കിടെ ഒറ്റയ്ക്ക് കഴിയുമ്പോള്‍ തികച്ചും അപ്രതീക്ഷിതമായി ഒരാള്‍ വന്ന് കരുതലോ സ്‌നേഹമോ കാണിച്ചാല്‍ അത് എത്രമാത്രം ആശ്വാസമാണ് പകരുക. അതെ, അങ്ങനെയൊരു അനുഭവം തന്നെയാണ് ആശ പറയുന്നത്. 

ആശയുടെ കുറിപ്പ് വായിക്കം...

എന്റെ ബാല്‍ക്കണിയില്‍ നിന്ന് നോക്കിയാല്‍ വ്യക്തമായി കാണുന്ന ജ്യൂയിഷ് സെനഗോഗ് ആണിത്(പിന്‍ഭാഗം) സാധാരണ ശനിയാഴ്ച്ചകളില്‍ ശബ്ബത്തിന് വിശ്വാസികളായ എല്ലാവരും ഒത്തുകൂടി ചെറിയൊരു കല്യാണത്തിനുള്ള ആള്‍ക്കൂട്ടം കാണുന്ന ഇടമാണ്. പക്ഷേ പകര്‍ച്ചവ്യാധിയുടെ ഗൗരവം മനസ്സിലാക്കിയതോടെ ഈ മാസം ഒന്നാം തിയതി മുതല്‍ ആരും പുറത്തിറങ്ങാതെയായി, പള്ളികള്‍ തുറന്നിട്ടാലും അതിനകത്ത് 5 പേരില്‍ കൂടുതലാവാതെ അവര്‍ സ്വയം നിയന്ത്രിക്കുന്നു. ലിഫ്റ്റില്‍ പോലും സ്വന്തം ഫാമിലിയില്‍ ഉള്ളവര്‍ മാത്രമേ ഒന്നിച്ചു കയറൂ (ഇതൊക്കെ അവര്‍ സ്വയം പാലിക്കുന്നതാണ്)

ഈ മാസം ആദ്യം ബാങ്കില്‍ പോവാനായി പുറത്തിറങ്ങിയപ്പോ പുറം ലോകം കണ്ടതാണ് ഞാന്‍, പ്രായമായ രോഗികളോടൊപ്പം താമസിക്കുന്നതിനാല്‍ റൂമിലേക്ക് വരുന്നവര്‍ വാതില്‍ മുട്ടി കാര്യങ്ങള്‍ അവിടെനിന്നു പറഞ്ഞു പോവും (നമ്മളും അവരും നമുക്ക് വേണ്ടി അത്രത്തോളം ശ്രദ്ധിക്കുന്നു).ഇത് തുടര്‍ന്നാല്‍ മനുഷ്യര്‍ തമ്മിലുള്ള അദൃശ്യ മതില്‍ മനസ്സുകളിലേക്കും പടരുമോ എന്ന് ഞാന്‍ ആലോചിക്കാറുണ്ടായിരുന്നു പക്ഷേ!

ഫ്രാന്‍സിലെ ജ്യൂയിഷ് ആളുകള്‍ താമസിക്കുന്ന ഫ്‌ളാറ്റിലാണ് ഞാന്‍. ഭാഷ മനസ്സിലായില്ലേലും ഡോര്‍ തുറക്കുമ്പോ മിക്കപ്പോഴും കാണുന്ന ഓപ്പോസിറ്റ് റൂമിലെ പ്രായമായൊരു മനുഷ്യനുണ്ട്, അവരുടെ ഭാഷയില്‍ ഹായ് പറഞ്ഞു മനോഹരമായി പുഞ്ചരിക്കുന്ന ഒരാള്‍. ഇത്രയധികദിവസം പരസ്പരം കാണാത്തതിനാല്‍ ഇന്നെന്റെ ഡോറില്‍ മുട്ടി അദ്ദേഹം എന്തോ പറഞ്ഞു. വാതില്‍ തുറന്നു നോക്കുമ്പോ വാതിക്കല്‍ ഒരു കവറുണ്ട്, അയാളുടെ റൂമിന്റെ മുന്നില്‍ നിന്നുകൊണ്ട് ആ മനുഷ്യന്‍ ചിരിച്ചു കവര്‍ എനിക്കുള്ളതാണെന്നു പറഞ്ഞു. അതെടുത്തു നോക്കുമ്പോ കുറച്ച് ഓറഞ്ച്, തക്കാളി, ഒരു ബോക്‌സ് ചോക്കലേറ്റ്. എന്റെ ഭക്ഷ്യസാധനങ്ങള്‍ തീര്‍ന്നു കാണുമോന്നുള്ള ആ മനുഷ്യന്റെ ആവലാതിയും ആരുമല്ലാത്ത എന്നോടുള്ള കരുതലുമാണ് ആ കവര്‍.

നിനക്ക് കുഴപ്പമൊന്നുമില്ലല്ലോന്നു ചോദിച്ചു ഒരു ഫോണ്‍കോള്‍ പോലും വരാറില്ലേലും ഒരു കവര്‍ നിറയെ സ്‌നേഹം ഇങ്ങനെ വാതിലില്‍ മുട്ടി വിളിക്കാറുണ്ട്. ശരീരങ്ങള്‍ അകന്നിരുന്നാലും മനസ്സ് കൊണ്ടു മനുഷ്യനെ ചേര്‍ത്ത് നിര്‍ത്തുന്ന ചിലര്‍.