ചുമ്മാ നടന്നുപോകുന്ന മനുഷ്യരേയും ബൈക്കിലും സൈക്കിളിലുമെല്ലാം യാത്ര ചെയ്യുന്നവരേയും ഒരു കാരണവും കൂടാതെ അക്രമിക്കുന്ന പക്ഷി. കേള്‍ക്കുമ്പോഴേ ചെറിയൊരു പേടി ഉള്ളിലുണ്ടാകുന്നുണ്ട് അല്ലേ? അപ്പോള്‍ അത് ആക്രമിക്കാനായി അപ്രതീക്ഷിതമായി നമ്മുടെ നേര്‍ക്ക് വന്നാലോ?

രക്ഷപ്പെടാനുള്ള തിടുക്കത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് പോലും ചിന്തിക്കാനുള്ള മാനസികാവസ്ഥ ഒരുപക്ഷേ ആ സമയത്ത് നമുക്കുണ്ടായിരിക്കില്ല. അതുതന്നെയാണ് എഴുപത്തിയാറുകാരനായ ആ വൃദ്ധനും സംഭവിച്ചത്. 

ഓസ്‌ട്രേലിയയിലെ സൗത്ത് സിഡ്‌നിയിലാണ് ദാരുണമായ സംഭവം നടന്നത്. വീടിനടുത്തുള്ള ഒരു പാര്‍ക്കിലേക്ക് സൈക്കിളില്‍ വെറുതെ കറങ്ങാന്‍ പോയതായിരുന്നു വൃദ്ധന്‍. പെട്ടെന്നാണ് കൂര്‍ത്ത കൊക്കുകളും നഖങ്ങളുമെല്ലാമുള്ള അപകടകാരിയായ പക്ഷി അദ്ദേഹത്തെ ആക്രമിക്കാനായി പാറിയടുത്തത്. 

'സ്വൂപിംഗ് മാഗ്പീ' എന്നറിയപ്പെടുന്ന ഒരിനം പക്ഷിയാണിത്. ഇണ ചേരുന്ന കാലങ്ങളില്‍ അവരുടെ സ്ഥലത്തുകൂടി കടന്നുപോകുന്ന മനുഷ്യരെ അവര്‍ ആക്രമിക്കും. ഓസ്‌ട്രേലിയയിലാണെങ്കില്‍ ചില സീസണില്‍ ഇവയുടെ ആക്രമണം അസഹ്യമാണ്. ഇത്തരം നിരവധി സംഭവങ്ങള്‍ അവിടെ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. മിക്കവാറും കാല്‍നടയാത്രക്കാരോ, ബൈക്കിലോ സൈക്കിളിലോ പോകുന്നവരോ ആണ് ആക്രമണത്തിന് ഇരയാകാറ്. മരണമൊന്നും സംഭവിക്കാറില്ലെങ്കിലും ഇവയുടെ കൂര്‍ത്ത കൊക്കുകളും നഖങ്ങളും കൊണ്ടുള്ള ആക്രമണം, സാരമായ പരിക്കാണ് ആളുകളിലുണ്ടാക്കാറ്. 

തനിക്കുനേരെ വേഗതയില്‍ പാറിവരുന്ന പക്ഷിയെ കണ്ടതോടെ വൃദ്ധന്‍ സൈക്കിള്‍ വെട്ടിച്ചു. ഇതോടെ ആക്രമിക്കാനായി പാഞ്ഞടുത്തുവന്ന പക്ഷിയുടെ ഉന്നം പിഴച്ചു. തലനാരിഴയ്ക്ക് അതിന്റെ കൊക്കില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും, റോഡ്‌സൈഡിലുണ്ടായിരുന്ന വേലി പൊളിച്ച് സൈക്കിള്‍ അടുത്തുള്ള മൈതാനത്തിലേക്ക് വേഗതിയില്‍ തെറിച്ചുവീണു. വീഴ്ചയില്‍ തലയ്ക്കും ദേഹമാസകലവും അദ്ദേഹത്തിന് പരിക്കേറ്റു. 

നാട്ടുകാരെത്തി, ആശുപത്രിയിലാക്കിയെങ്കിലും അദ്ദേഹം മരണത്തിന് കീഴടങ്ങി. തലയ്‌ക്കേറ്റ ആഴത്തിലുള്ളമ മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടകാരിയായ പക്ഷിക്കെതിരെ ഓസ്‌ട്രേലിയയില്‍ പല ഭാഗങ്ങളിലായി നടപടി ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാര്‍ നേരത്തേ അധികൃതരെ സമീപിച്ചിരുന്നു. ഈ മാസം ആദ്യം സിഡ്‌നിയില്‍ത്തന്നെ നാട്ടുകാരെ നിരന്തം ആക്രമിച്ചുകൊണ്ടിരുന്ന ഒരു ഭീമന്‍ 'മാഗ്പീ'യെ വേട്ടക്കാര്‍ വെടിവച്ചുകൊന്നത് വലിയ വിവാദമായിരുന്നു.