ക്വാറന്റൈൻ ലംഘിച്ച് വിമാനത്തിൽ കയറിയ യാത്രക്കാരന് നിമിഷങ്ങൾക്കുള്ളിൽ കൊവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചു. ലണ്ടൻ സ്റ്റാൻസ്റ്റെഡിൽ നിന്ന് ഇറ്റലിയിലെ പിസയിലേക്ക് പറക്കാനിരുന്ന റയാനെയർ വിമാനത്തിൽ ഇരിക്കവെയാണ് കൊവിഡ് സ്ഥിരീകരിച്ചതായി യാത്രികൻ അറിയുന്നത്.

കൊവിഡ് പോസിറ്റീവാണെന്ന് തിരിച്ചറിഞ്ഞ ആ സമയം തന്നെ മൂന്ന് ആരോഗ്യപ്രവർത്തകർ എത്തി രോഗബാധിതനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ഇറ്റലിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി തന്നെ സീറ്റുകളും ക്യാബിനും അണുവിമുക്തമാക്കുകയും ചെയ്തു.

 ക്വാറന്റൈൻ ലംഘിച്ചാണ് യാത്രക്കാരൻ വിമാനത്താവളത്തിൽ എത്തിയതെന്ന് പിന്നീട് വ്യക്തമായി. രോഗബാധിതനായ യാത്രക്കാരൻ മാസ്ക് ധരിച്ചിരുന്നുവെന്നും 10 മിനിറ്റ് മാത്രമാണ് ഇയാൾ വിമാനത്തിൽ ഇരുന്നതെന്നും അധികൃതർ പറഞ്ഞു.

 

 

 കൊവിഡ് -19 ലക്ഷണങ്ങളുള്ളവർ വീട്ടിൽ തന്നെ തുടരണമെന്നും എല്ലാ യാത്രകളും ഒഴിവാക്കണമെന്നും എൻഎച്ച്എസ് മുന്നറിയിപ്പ് നൽകുന്നു. കൊവിഡ് പരിശോധന നടത്തിയ ആളുകൾ ഫലം വരുന്നതുവരെ പുറത്തിറങ്ങരുതെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.  

പലരും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും നിർദേശങ്ങൾ വകവെക്കാതെ എത്തിയ യാത്രക്കാരനാണ് ഇന്ന് മറ്റു യാത്രക്കാർക്കിടയിൽ ഭീതി വിതച്ചതെന്നും അധികൃതർ പറയുന്നു. ഈ പ്രതിസന്ധിയെത്തുടർന്ന് വിമാനം ഒരു മണിക്കൂർ നാല്പത് മിനിറ്റ് വൈകിയാണ് പുറപ്പെട്ടത്.

രോഗബാധിതനായ യാത്രക്കാരനെ സുരക്ഷിതമായ ഇടത്തേക്ക് കൊണ്ടുപോയെന്നും പബ്ലിക് ഹെൽത്ത്‌ ഇംഗ്ലണ്ടുമായും ഹോം ഓഫീസുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും എയർപോർട്ട് അധികൃതർ അറിയിച്ചു. 

കൊവിഡ് 19 ശ്വാസകോശത്തെ മാത്രമല്ല, പല അവയവങ്ങളേയും സാരമായി ബാധിക്കുന്നു