ടെക്സാസ്: നായ്ക്കളെ അയാള്‍ വളരെയധികം സ്നേഹിച്ചിരുന്നു. അവയ്ക്ക് വേണ്ട ഭക്ഷണവും പരിപാലനവും നല്‍കുന്നതിലും പിശുക്ക് കാണിച്ചിരുന്നില്ല. എന്നാല്‍ കാണാതായി മാസങ്ങള്‍ക്കിപ്പുറം മധ്യവയസ്കനായ അയാളെ  കണ്ടെത്തുമ്പോള്‍ അവശേഷിച്ചത് പൊട്ടിയ എല്ലിന്‍ കഷണങ്ങളും മുടിയുടെയും വസ്ത്രത്തിന്‍റെയും ഭാഗങ്ങളും മാത്രം. മൃതദേഹം മുഴുവന്‍ തിന്നുതീര്‍ത്തത് അയാള്‍ നോക്കിവളര്‍ത്തിയ 18 നായ്ക്കള്‍ ചേര്‍ന്ന്! യു എസിലെ ടെക്സാസിലാണ്  സംഭവമുണ്ടായത്. 

യജമാനഭക്തിയുള്ളവരാണ് നായ്ക്കള്‍. ഉടമയോടുള്ള നന്ദി പല അവസരങ്ങളിലും പ്രകടമാക്കുന്ന വളര്‍ത്തുനായ്ക്കളുടെ  പൊതുസ്വാഭാവരീതിയില്‍ നിന്നും വ്യത്യസ്തമായി ഉടമയെ കടിച്ചുതിന്ന വളര്‍ത്തുനായ്ക്കളുടെ വാര്‍ത്ത ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ടെക്സാസിന് സമീപം വെനസ് എന്ന ഒറ്റപ്പെട്ട സ്ഥലത്ത് താമസിച്ചിരുന്ന ഫ്രെഡി മാക്കാണ് എന്നയാളാണ് മരണമടഞ്ഞത്. വീട്ടില്‍ ഒറ്റക്ക് താമസിക്കുകയായിരുന്ന 57-കാരനായ ഇയാള്‍ക്ക് കൂട്ടായി വ്യത്യസ്ത ബ്രീഡുകളില്‍പ്പെട്ട 18 നായ്ക്കള്‍ മാത്രമാണുണ്ടായിരുന്നത്.

ഏപ്രിലിലാണ് ഫ്രെഡിയെ കാണാതായെന്ന് സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. വീട്ടുവളപ്പില്‍ നടത്തിയ തെരച്ചിലില്‍ നായ്ക്കളുടെ വിസര്‍ജ്യത്തില്‍ മനുഷ്യന്‍റെ എല്ലുകള്‍  കണ്ടെത്തിയതോടെ സംശയം തോന്നിയ പൊലീസ് ഇവ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കി. പിന്നീട് നായ്ക്കളുടെ വിസര്‍ജ്യത്തില്‍ നിന്ന് തന്നെ മുടിയുടെ അവശിഷ്ടങ്ങളും പറമ്പില്‍ നിന്ന് വസ്ത്രങ്ങളും കണ്ടെടുത്തു. ഡിഎന്‍എ ഫലം ലഭിച്ചപ്പോഴാണ് മരിച്ചത് ഇവയുടെ ഉടമയായ ഫ്രെഡി മാക്കാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിച്ചേര്‍ന്നത്.

18 വളര്‍ത്തുനായ്ക്കള്‍ ചേര്‍ന്ന് മൃതദേഹം പൂര്‍ണമായും തിന്നുതീര്‍ത്തിരുന്നു. എല്ലും മുടിയുടെ ഭാഗങ്ങളും മാത്രമാണ് അവശേഷിപ്പിച്ചത്. നായ്ക്കളുടെ ആക്രമണത്തിലാണോ ഇയാള്‍ കൊല്ലപ്പെട്ടത് അതോ അസുഖം മൂലം മരണമടഞ്ഞ ശേഷം മൃതദേഹം നായ്ക്കള്‍ തിന്നുതീര്‍ത്തതാണോ എന്ന കാര്യത്തില്‍ ഇനിയും വ്യക്തത വരാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ആക്രമണ സ്വഭാവം കൂടുതലായ ഈ നായ്ക്കളില്‍ രണ്ടെണ്ണത്തെ മറ്റുനായ്ക്കള്‍ കൊന്നിരുന്നു. ബാക്കിയുള്ള 16 നായ്ക്കളെ പൊലീസ് പിടികൂടിയെങ്കിലും ആക്രമണസ്വഭാവം പ്രകടിപ്പിച്ചതിനാല്‍ 13 നായ്ക്കളെ പിന്നീട് കൊല്ലുകയായിരുന്നു. 

2017-ല്‍ ഒരിക്കല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടപ്പോള്‍ നായ്ക്കളുടെ ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും മാത്രമാണ് ഇയാള്‍ തിരക്കിയതെന്നും നായ്ക്കളെ ഫ്രെഡി ജീവനുതുല്യം സ്നേഹിച്ചിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥനായ ആരോണ്‍ പിറ്റ്സ് പറഞ്ഞു.