മറ്റുള്ളവരെ പറ്റിച്ചുകൊണ്ട് രസകരമായി ചെയ്യുന്ന വീഡിയോ ആണ് 'പ്രാങ്ക്' വീഡിയോ. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ  'പ്രാങ്കുകള്‍' അതിര് കടക്കാറുമുണ്ട്. അങ്ങനെ അല്‍പം അതിര് കടന്നോ എന്ന് ചിന്തിപ്പിക്കുന്നൊരു വീഡിയോയിലേക്കാണിനി ശ്രദ്ധ ക്ഷണിക്കുന്നത്. 

നിത്യവും സോഷ്യല്‍ മീഡിയയിലൂടെ രസകരമായ പല വീഡിയോകളും നാം കാണാറുണ്ട്, അല്ലേ? ഇവയില്‍ പലതും താല്‍ക്കാലികമായ ആസ്വാദനത്തിന് വേണ്ടി തയ്യാറാക്കുന്ന ഉള്ളടക്കങ്ങള്‍ തന്നെയായിരിക്കും. ഇത്തരത്തില്‍ ഏറെ പ്രചാരം നേടിയൊരു വിഭാഗം വീഡിയോകളാണ് 'പ്രാങ്ക്' വീഡിയോകള്‍. 

മറ്റുള്ളവരെ പറ്റിച്ചുകൊണ്ട് രസകരമായി ചെയ്യുന്ന വീഡിയോ ആണ് 'പ്രാങ്ക്' വീഡിയോ. എന്നാല്‍ ചിലപ്പോഴെങ്കിലും ഈ 'പ്രാങ്കുകള്‍' അതിര് കടക്കാറുമുണ്ട്. അങ്ങനെ അല്‍പം അതിര് കടന്നോ എന്ന് ചിന്തിപ്പിക്കുന്നൊരു വീഡിയോയിലേക്കാണിനി ശ്രദ്ധ ക്ഷണിക്കുന്നത്. 

ഇന്ന് മിക്കവാറും സാഹചര്യങ്ങളില്‍ പണത്തിന്‍റെ ആവശ്യം വരുമ്പോള്‍ നമ്മള്‍ ഓണ്‍ലൈൻ ട്രാൻസാക്ഷനെയാണ് ആശ്രയിക്കാറ്. മുമ്പായിരുന്നെങ്കില്‍ ബാങ്കില്‍ പോയിരുന്നത് പിന്നീട് എടിഎം സംവിധാനം വന്നതോടെ അതിലേക്ക് മാറി. ഇപ്പോഴും എടിഎം സേവനങ്ങള്‍ സജീവം തന്നെയാണ്. പണം 'ലിക്വിഡ്' ആയി കയ്യില്‍ വേണമെങ്കില്‍ എടിഎമ്മുകളെ ആശ്രയിച്ചല്ലേ പറ്റൂ.

തിരക്കുള്ള കേന്ദ്രങ്ങളിലാകട്ടെ, എടിഎമ്മുകളിലും ഇതേ തിരക്കിന്‍റെ പ്രതിഫലനം കാണും. ആളുകള്‍ ക്യൂ നില്‍ക്കുന്ന എടിഎം മെഷീനുകളുണ്ട്. അത്തരത്തിലൊരു എടിഎം കൗണ്ടറാണ് വീഡിയോയില്‍ കാണിക്കുന്നത്. ഇതിന് നേരെ മുമ്പില്‍ ഒരാള്‍ നില്‍ക്കുന്നത് കാണാം. 

അല്‍പം പുറകിലായി പണമെടുക്കാനെത്തിയ ഒരു സ്ത്രീയുണ്ട്. ഇവര്‍ ഏറെ നേരം കാത്തുനിന്നിട്ടും കൗണ്ടറിന് മുന്നിലുള്ളയാള്‍ പണമെടുത്ത ശേഷം മാറുന്നില്ല. സ്വാഭാവികമായും ഇങ്ങനെയൊരു സാഹചര്യത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ പണമിടപാട് നടത്താൻ കാണുമെന്ന ചിന്തയായിരിക്കുമല്ലോ നമുക്ക് വരിക. അവരും അങ്ങനെ തന്നെ ചിന്തിച്ചിരിക്കാം. അയാളുടെ സ്വകാര്യതയില്‍ കടന്നുകയറാതെ അവര്‍ ക്ഷമയോടെ കാത്തുനിന്നു. 

പിന്നീട് എടിഎമ്മില്‍ നിന്ന് പണമെടുക്കാൻ കൂടുതല്‍ പേര്‍ അവിടെയെത്തുകയാണ്. ക്യൂ പാലിക്കേണ്ട അവസ്ഥയായി. എന്നിട്ടും നേരത്തെ നിന്നയാള്‍ മാറുന്നില്ല. അല്‍പനേരം കാത്തുനിന്ന ശേഷം കൂട്ടത്തിലൊരാള്‍ എന്താണ് സംഭവിക്കുന്നതെന്നറിയാൻ മുന്നോട്ടുവന്നു. കൗണ്ടറിന് തൊട്ടുമുന്നില്‍ നില്‍ക്കുന്നയാളുടെ അടുത്തെത്തി. അപ്പോഴാണ് സംഗതി എന്താണെന്ന് ഏവര്‍ക്കും മനസിലാകുന്നത്. അത് ഒരു മനുഷ്യരൂപത്തിലുള്ള പാവ മാത്രമായിരുന്നു.

ആരോ 'പ്രാങ്ക്' ചെയ്തതാണ് സംഭവം. യുകെയിലാണ് സംഭവം നടന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ വലിയ രീതിയിലാണ് പങ്കുവയ്ക്കപ്പെടുന്നത്. എന്നാലിത്തരം പ്രാങ്കുകളെല്ലാം ഇത്തിരി കൂടിയതാണെന്നാണ് മിക്കവരുടെയും അഭിപ്രായം. ഇതെല്ലാം തമാശയായി കാണാമെന്ന് അഭിപ്രായപ്പെടുന്നവരും കുറവല്ല. എന്തായാലും വീഡിയോ ഒന്ന് കണ്ടുനോക്കൂ...

Scroll to load tweet…

Also Read:- 'ഒരിക്കലും അനുകരിക്കരുത്'; ജീവൻ പണയപ്പെടുത്തി യുവാവിന്‍റെ അഭ്യാസം, വീഡിയോ വൈറല്‍