പത്ത് സെക്കൻഡ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു ഉപഭോക്താവിന്‍റെ കയ്യിലെത്തിയ സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധേയമാകുന്നത്. സംഭവം ഏറെ രസകരമാണ്

ഇത് ഓണ്‍ലൈൻ ഫുഡ് ഓര്‍ഡറുകളുടെ കാലമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ഇന്ന് ധാരാളം പേര്‍ ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഏജൻസികളെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്. ഒരുപാട് പേര്‍ ഈ മേഖലയില്‍ ജോലിയിലും തുടരുന്നു. 

ഓണ്‍ലൈൻ ഫുഡ് ഓര്‍ഡര്‍ നമുക്കറിയാം, കൃത്യമായ വിലാസം നല്‍കിയാല്‍ നമ്മളിരിക്കുന്ന ഇടത്തേക്ക് പറഞ്ഞ സമയത്തിന് എത്തിച്ചേരും. നമുക്ക് ഒരുങ്ങി, പുറത്തുപോയി ട്രാഫിക് കടന്ന് ഭക്ഷണം വാങ്ങിക്കേണ്ട ജോലിയോ സമയമോ ലാഭം. എന്നാല്‍ ഈ ലാഭത്തിന് അല്‍പം പണം ചെലവഴിക്കേണ്ടതുണ്ട് എന്ന് മാത്രം.

എന്തായാലും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്താല്‍ എത്ര അടുത്തുള്ള റെസ്റ്റോറന്‍റില്‍ നിന്നായാലും ഡെലിവെറിക്കായി കുറഞ്ഞ ഒരു സമയമെങ്കിലും എടുക്കുമല്ലോ. എന്നാലിതാ പത്ത് സെക്കൻഡ് കൊണ്ട് ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ഒരു ഉപഭോക്താവിന്‍റെ കയ്യിലെത്തിയ സംഭവമാണിപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധേയമാകുന്നത്. 

സംഭവം ഏറെ രസകരമാണ്. ബെംഗലൂരുവില്‍ താമസിക്കുന്ന കാലിബ് ഫ്രൈസെൻ എന്നയാള്‍ രാത്രി അല്‍പം വൈകി മെക്-ഡൊണാള്‍ഡ്സില്‍ നിന്നും ചിക്കൻ കഴിക്കണമെന്ന ആഗ്രഹവുമായി ഡ്രൈവ് ചെയ്ത് മെക്-ഡൊണാള്‍ഡ്സ് ഔട്ട്‍ലെറ്റിലെത്തി. എന്നാല്‍ കാലിബ് എത്തിയപ്പോഴേക്ക് വൈകിപ്പോയിരുന്നു. കടയില്‍ ഡൈനിംഗ് സമയം തീര്‍ന്നുപോയതിനാല്‍ ഷട്ടറിട്ടുകഴിഞ്ഞപ്പോഴാണ് കാലിബ് സ്ഥലത്തെത്തിയത്.

എന്നാല്‍ ഇവിടെ നിന്നും ചിക്കൻ കഴിക്കണമെന്ന് ഏറെ ആഗ്രഹിച്ചെത്തിയതാണ് ഇദ്ദേഹം. അപ്പോഴാണ് ഔട്ട്‍ലെറ്റിന് മുമ്പില്‍ കാത്തുനില്‍ക്കുന്ന ഡെലിവെറി ഏജന്‍റുകളെ ഇദ്ദേഹം ശ്രദ്ധിക്കുന്നത്. ഓണ്‍ലൈനായി അവിടെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാൻ ഇനിയും അവസരമുണ്ടെന്ന് ഇതോടെ കാലിബ് മനസിലാക്കി.

അങ്ങനെ ഔട്ട്‍ലെറ്റിന് മുമ്പില്‍ തന്‍റെ വാഹനത്തിലിരുന്ന് കൊണ്ടുതന്നെ കാലിബ് ചിക്കൻ ഓര്‍ഡര്‍ ചെയ്തു. ഓര്‍ഡര്‍ പ്ലേസ് ആവുകയും ചെയ്തു. ഭക്ഷണം ആയിക്കഴിഞ്ഞപ്പോള്‍ ഇദ്ദേഹത്തിന് വേണ്ടിയുള്ള ഡെലിവെറി ബോയ് അവിടെ നിന്നും ഭക്ഷണം വാങ്ങുന്നു.നേരെ തിരിഞ്ഞ് ഇദ്ദേഹത്തിന് നല്‍കുന്നു. പത്ത് സെക്കൻഡ് കൊണ്ട് പരിപാടി തീര്‍ന്നു. രസകരമായ ഈ അനുഭവം ഇദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ പങ്കിട്ടത്. 

Scroll to load tweet…

അസാധാരണമായ- എന്നാല്‍ രസകരമായ ഈ അനുഭവകഥയ്ക്ക് കാഴ്ചക്കാരെയും ഏറെ ലഭിച്ചിട്ടുണ്ട്. എന്തായാലും ഡൈനിംഗ് സമയം കഴിഞ്ഞു എന്നതിനാല്‍ തിരികെ പോകാതെ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യാമെന്ന ഐഡിയയിലേക്ക് എത്തിയല്ലോ, അതിന് കയ്യടിയുണ്ടെന്നാണ് ഏവരും പറയുന്നത്. 

Also Read:- കണ്ടാല്‍ ഫുഡ് ഡെലിവെറി ഏജന്‍റ്; പക്ഷേ സംഗതി അതല്ല...