തൊലിയുടെ നിറം ഉപയോഗിച്ച് പങ്കാളിയെ തിരഞ്ഞുകണ്ടുപിടിക്കാന്‍ സഹായിക്കുന്ന 'ഫില്‍ട്ടര്‍' ഉപേക്ഷിച്ച് മാട്രിമോണിയല്‍ സൈറ്റായ ശാദി ഡോട്ട് കോം. തൊലിയുടെ നിറത്തിനനുസരിച്ച് പങ്കാളിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കുന്ന 'സ്‌കിന്‍ കളര്‍ ഫില്‍ട്ടര്‍' ആണ് വെബ്‌സൈറ്റ് നീക്കം ചെയ്തതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഉപയോക്താക്കളില്‍ നിന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. 

ഈ 'ഫില്‍ട്ടര്‍' നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അമേരിക്കയില്‍ നിന്ന് ഓണ്‍ലൈന്‍ അപേക്ഷ കഴിഞ്ഞ ദിവസം റെജിസ്റ്റര്‍ ചെയ്തിരുന്നു.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിറം കുറഞ്ഞിരിക്കുന്നത് ഇപ്പോഴും വലിയ പ്രശ്‌നമാണെന്ന് ശാദി ഡോട്ട് കോമിനെതിരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ഹേതല്‍ ലകാനി പറയുന്നു. 

 

 

''വെബ്സൈറ്റിൽ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തങ്ങളുടെ നിറം വ്യക്തമാക്കാന്‍ അവസരമുണ്ട്. വെളുത്ത നിറം, ഗോതമ്പിന്റെ നിറം, കറുപ്പ് എന്നിങ്ങനെയെല്ലാം നിറം വ്യക്തമാക്കാം. എന്നാൽ നിറം വ്യക്തമാക്കാൻ നിർബന്ധിക്കുന്ന ഫിൽട്ടർ എന്നെന്നേക്കുമായി എടുത്തുകളയാൻ ശാദി ഡോട്ട് കോം തയ്യാറാകണം.''  - ഹേതല്‍ ആവശ്യപ്പെട്ടു. 

മേഘന്‍ നാഗ്പാല്‍ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത്തരമൊരു ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഹേതലിനെ പ്രേരിപ്പിച്ചത്. ശാദി ഡോട്ട് കോമില്‍ റെജിസ്റ്റര്‍ ചെയ്ത മേഘനെ വെബ്‌സൈറ്റ് വക്താവ് വിളിക്കുകയും 'സ്‌കിന്‍ കളര്‍ ഫില്‍ട്ടറി'നെ കുറിച്ച് സംസാരിക്കുകയും ചെയ്തു. മിക്ക രക്ഷിതാക്കളും ഇത് നോക്കിയാണ് തെരഞ്ഞെടുക്കുന്നതെന്നും അയാള്‍ അറിയിച്ചതോടെയാണ് മേഘന്‍ ഫേസ്ബുക്കില്‍ തനിക്കുണ്ടായ അനുഭവം പങ്കുവച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹേതൽ, 'ഫില്‍ട്ടര്‍' നിര്‍ത്തലാക്കണമെന്നാവശ്യപ്പെട്ട് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചത്. 14 മണിക്കൂറിനുള്ളില്‍ 1,500 പേരാണ് ഈ അപേക്ഷയില്‍ ഒപ്പുവച്ചത്. വര്‍ണവിവേചനത്തിന്റെ ഇരയായി ജോര്‍ജ് ഫ്ളോയിഡ് എന്ന ആഫ്രോ -അമേരിക്കന്‍ വംശജൻ കൊല്ലപ്പെട്ടതോടെ 'ശരീരത്തിന്‍റെ നിറം' വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ചുവടുവയ്പ് ഉണ്ടായിരിക്കുന്നതെന്നും ശ്രദ്ധേയമാണ്.