ബ്രിട്ടീഷ് രാജകുമാരന്‍ ഹാരിയുടെയും പ്രിയപത്നി മെഗന്‍ മര്‍ക്കലിന്‍റെയും കുഞ്ഞ് ജനിച്ച അന്ന് മുതല്‍ ക്യാമറ കണ്ണുകള്‍ ഇവരുടെ പുറകെയാണ്. അടുത്തിടെ ഇവരുടെ ശ്രദ്ധ നേടിയ ചിത്രത്തില്‍ മെഗന്‍ മകന്‍ ആര്‍ച്ചിയെ എടുത്തിരിക്കുന്ന രീതിയെ സോഷ്യല്‍ മീഡിയ വിമര്‍ശിക്കുകയുണ്ടായി. എന്നാല്‍ ആ ചിത്രം ശ്രദ്ധിച്ചാല്‍ മറ്റൊരു കാര്യം കാണാം. ചിത്രത്തില്‍ ആര്‍ച്ചിയെ പുതപ്പിച്ചിരിക്കുന്ന ഷോള്‍- അതാണ് ഇപ്പോഴത്തെ താരം.

തൂവെള്ള നിറത്തിലുള്ള ഷോളിന്‍റെ അരികില്‍ മഞ്ഞ നിറത്തിലുള്ള ലെയ്സുകള്‍ തുന്നിച്ചേര്‍ത്തിരുന്നു. ആ ഷോളിന് ഇന്ത്യയുമായൊരു ഒരു ബന്ധമുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാനിലെ ജയ്പൂരിലുള്ള ബാഗരു എന്ന ചെറിയ തുന്നല്‍ ഗ്രാമത്തിലെ അരുണ റിഗര്‍ എന്ന 50 വയസുകാരിയാണ് ഈ ഷോള്‍ തുന്നിയത്. 

ബാഗരുവിലെ 'നായിക' ടെക്സ്റ്റൈല്‍സ് കമ്പനിയിലെ തൊഴിലാളിയാണ് ഇവര്‍. 48 മണിക്കൂര്‍ എടുത്താണ് ഇവര്‍ ഈ റോയല്‍ ഷോള്‍ തുന്നിയത്.  അരുണയ്‌ക്കോ മറ്റ് തൊഴിലാളികള്‍ക്കോ മെഗനോ കുറിച്ചോ രാജകുടുംബത്തെ കുറിച്ചോ വലിയ അറിവൊന്നുമില്ലായിരുന്നു. 

നായിക കമ്പനിയില്‍ നിന്ന് ഹോങ് കോങ് ബ്രാന്‍ഡ് ആണ് വസ്ത്രം വിതരണം ചെയ്തത്. തങ്ങള്‍ തുന്നിത്തീര്‍ത്ത ആ ഷോളിന് രണ്ടാഴ്ച മുഴുവന്‍ ജോലി ചെയ്താല്‍ പോലും കിട്ടാത്ത പ്രതിഫലമാണ് കിട്ടിയതെന്നാണ് ഇവര്‍ പറയുന്നത്. 

ജീവിതച്ചെലവുകള്‍ കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെടുകയാണെന്നും തങ്ങളുടെ തൊഴിലിന് കാര്യമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും പറയുന്ന ഇവര്‍ രാജകുടുംബത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ഏറെ സന്തുഷ്ടരായി. ഇതുമൂലം തങ്ങള്‍ക്ക് കൂടുതല്‍ ഓര്‍ഡര്‍ ലഭിക്കാന്‍ ഇടയാക്കുമെന്നാണ് ഇവര്‍ വിശ്വാസിക്കുന്നത്.