ആണ് പെണ്ണാവുന്ന ഉത്സവത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? കൊല്ലം ജില്ലയിലെ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്കിലാണ് ആണുങ്ങള്‍ പെണ്ണുങ്ങളെ പോലെ ഒരുങ്ങി എത്തുന്നത്. അവരെ കണ്ടാല്‍ പെണ്ണുങ്ങള്‍ക്ക് പോലും അസൂയ തോന്നും. പറഞ്ഞുവരുന്നത് ചില എതിര്‍ലിംഗ ചായിവിനെ കുറിച്ചാണ്.  അത് ഇപ്പോള്‍ തങ്ങളുടെ ഫാഷനിലും എത്തിനില്‍ക്കുന്നു എന്നതാണ് മറ്റൊരു കാര്യം. 

സ്ത്രീകള്‍ പുരുഷന്മാരെ പോലെ വസ്ത്രം ധരിക്കുന്നത് പുതിയ കാര്യമൊന്നുമല്ല.  ഇന്ന് സ്ത്രീകള്‍ ധരിക്കുന്ന ജീന്‍സും ഷര്‍ട്ടുമൊക്കെ അങ്ങനെ എത്തിയതാണ്. എന്നാല്‍ ആണുങ്ങള്‍ പെണ്ണുങ്ങളെ പോലെ വസ്ത്രം ധരിച്ചാല്‍, അത് എങ്ങനെ ഉണ്ടാകും? അത്തരം ഒരു Gender bending ഫാഷനിലും എത്തുന്നു എന്നതിന് ഒരു സൂചനയാണ് പാരീസില്‍ നടന്ന 2020ലെ വരും ഫാഷന്‍ കളക്ഷന്‍സ് ഷോ സൂചിപ്പിക്കുന്നത്. സ്ത്രീകളുടെ വസ്ത്രത്തോട് സാമ്യം തോന്നുന്ന ഡിസൈനുകളിലാണ് മോഡലുകള്‍ പ്രത്യേക്ഷപ്പെടുന്നത്. 

പുരുഷന്മാര്‍ക്ക് എന്താ ഫാഷനായിക്കൂടെ? പിങ്ക് നിറം പെണ്ണുങ്ങളുടെ മാത്രമുളള നിറമാണെന്ന് ആരാണ് പറഞ്ഞത്? ആണുങ്ങളും പിങ്ക് നിറത്തില്‍ സുന്ദരന്‍മാരാണ് കേട്ടോ. പിങ്ക് ജാക്കറ്റും പിങ്ക് സ്റ്റോളും ധരിച്ച് കൈയില്‍ പിങ്ക് ബാഗുമായി നടന്നുവരുന്ന പുരുഷ മോഡലിനെയും ഫാഷന്‍ ഷോയില്‍ കാണാം. 

Louis vuitton , loewe and thom Browne തുടങ്ങിയ നിരവധി ബ്രാന്‍ഡുകളാണ് ഈ ഫാഷന്‍ പരീക്ഷണത്തിന് പുറകില്‍. വളരെ കടുത്ത നിറത്തിലുളള വസ്ത്രങ്ങളാണ് ഇവയില്‍ പലതും. 'ഈ  ആണുങ്ങളെക്കെ എന്ത് സെക്സിയാ' എന്ന് തോന്നുപോകും ഈ വസ്ത്രങ്ങളില്‍ അവരെ കണ്ടാല്‍. ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ് അത്തരം ചില ഫാഷന്‍ പരീക്ഷണങ്ങള്‍ നടത്താറുണ്ട്.

സ്വന്തം ലൈംഗീകതയെ കുറിച്ചും ലിംഗ സമത്വത്തെ കുറിച്ചുമൊക്കെ പൊതുയിടങ്ങളില്‍ പോലും ചര്‍ച്ച ചെയ്യുന്ന ഈ സമൂഹത്തില്‍ സ്ത്രീകള്‍ക്ക്, പുരുഷന്മാര്‍ക്ക് എന്ന വേര്‍തിരിവ് ഇനി വസ്ത്രത്തില്‍ പോലും വേണ്ട എന്ന് സാരം. 2020ല്‍ വസ്ത്രത്തില്‍ പോലും ലിംഗ സമത്വം കാണാന്‍ കഴിയുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഫാഷന്‍ ലോകം.