ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണമാണ് നട്സ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പല പഠനങ്ങളും സൂചിപ്പിച്ചിട്ടുണ്ട്. ഒപ്പം ഹൃദയസംബന്ധമായ അസുഖങ്ങൾ, പക്ഷാഘാതം, കൊളസ്ട്രോൾ എന്നിവ വരാതിരിക്കാനും നട്സ് കഴിക്കുന്നത് ​ഗുണം ചെയ്യുമെന്നും പല പഠനങ്ങളും പറയുന്നു. 

എന്നാല്‍ പുരുഷന്മാര്‍ ദിവസവും നട്സ് കഴിക്കുന്നത് നല്ലതാണോ? അതെ എന്നാണ് പുതിയൊരു പഠനം പറയുന്നത്. നട്സ് കഴിക്കുന്നത് പുരുഷന്മാരില്‍ ലൈംഗികശേഷി വര്‍ധിപ്പിക്കുമെന്നാണ് ഈ പഠനം പറയുന്നത്. സ്പെയ്നിലെ ഗവേഷകരാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് ന്യൂട്രീയന്‍സ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 

രണ്ട് ഗ്രൂപ്പായി 14 ദിവസമാണ് പഠനം നടത്തിയത്. ആദ്യ ഗ്രൂപ്പ് ദിവസവും നട്സ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ മറ്റേ ഗ്രൂപ്പ് നട്സ് ഇല്ലാതെയുള്ള ഡയറ്റ് ആണ് സ്വീകരിച്ചത്. ബദാം, വാള്‍നട്ട് തുടങ്ങിയ നട്സ് ആണ് ആദ്യ ഗ്രൂപ്പ് കഴിച്ചുവന്നത്. ഇവരില്‍ ലൈംഗികശേഷി മറ്റെ ഗ്രൂപ്പിലുളളവരെക്കാള്‍ കൂടുതലാണെന്നും ഗവേഷകര്‍ പറയുന്നു. ഇവരില്‍ ബീജത്തിന്‍റെ അളവിലും വര്‍ധനയുണ്ടായെന്നും പഠനം വ്യക്തമാക്കുന്നു. ഇതിലടങ്ങിയിട്ടുള്ള വിറ്റാമിന്‍ ഇയാണ് പുരുഷന്റെ ആരോഗ്യത്തിനും ബീജാരോഗ്യത്തിനും സഹായിക്കുന്നത്.