Asianet News MalayalamAsianet News Malayalam

സൗന്ദര്യമത്സരത്തില്‍ മിന്നും വിജയം നേടിയ ഈ സുന്ദരിയുടെ ഉടുപ്പിനുണ്ടൊരു പ്രത്യേകത...

തന്‍റെ കഠിനാധ്വാനവും ആത്മവിശ്വാസവും കഴിവ് കൊണ്ടുമെല്ലാമാണ് അന്ന ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നതെന്നും അതിന് അന്ന ഏറെ അഭിനന്ദനമര്‍ഹിക്കുന്നുവെന്നുമെല്ലാമാണ് ഏവരും അഭിപ്രായപ്പെടുന്നത്.

miss thailand 2022 annas shimmering gown is made of waste materials
Author
First Published Jan 13, 2023, 1:15 PM IST

മിസ് യൂണിവേഴ്സ് തായ്ലാൻഡ് 2022 ആയി തെരഞ്ഞെടുക്കപ്പെട്ട അന്ന സുയെന്‍ഗാം- ഇയാം എന്ന സുന്ദരിയെ കുറിച്ച് ചിലരെങ്കിലും ഇതിനോടകം കേട്ടിരിക്കാം. ദാരിദ്ര്യത്തെയും സമൂഹത്തില്‍ വില കുറഞ്ഞവരെന്ന് കണക്കാക്കപ്പെടുന്ന അവസ്ഥയെയുമെല്ലാം അതിജീവിച്ചുകൊണ്ടാണ് അന്ന ഇത്രയും വലിയ വിജയം കരസ്ഥമാക്കിയിരിക്കുന്നത്. 

അതുകൊണ്ട് തന്നെ അന്നയെ കുറിച്ച് വരുന്ന റിപ്പോര്‍ട്ടുകളെല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുന്നതുമാണ്. വേസ്റ്റ് പെറുക്കുന്ന ജോലിയാണ് അന്നയുടെ അച്ഛന്. അമ്മയാകട്ടെ തെരുവ് വൃത്തിയാക്കുന്ന സ്ത്രീയും. ഈ പശ്ചാത്തലത്തില്‍ നിന്നാണ് അന്ന വരുന്നത്. 

തന്‍റെ കഠിനാധ്വാനവും ആത്മവിശ്വാസവും കഴിവ് കൊണ്ടുമെല്ലാമാണ് അന്ന ഇന്ന് ഈ നിലയിലെത്തിയിരിക്കുന്നതെന്നും അതിന് അന്ന ഏറെ അഭിനന്ദനമര്‍ഹിക്കുന്നുവെന്നുമെല്ലാമാണ് ഏവരും അഭിപ്രായപ്പെടുന്നത്.

ഇപ്പോഴിതാ മിസ് യൂണിവേഴ്സ് തായ്ലാൻഡ് ഇൻസ്റ്റഗ്രാം പേജ് കഴിഞ്ഞ ദിവസം പങ്കുവച്ച അന്നയുടെ ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ കാര്യമായ ചര്‍ച്ചയാകുന്നത്. ഈ ചിത്രങ്ങള്‍ സൗന്ദര്യമത്സരത്തിനിടെ തന്നെ പകര്‍ത്തിയിട്ടുള്ളതാണ്. മത്സരത്തിന്‍റെ ഭാഗമായി ധരിച്ച കോസ്റ്റ്യൂമിലാണ് അന്നയെ കാണുന്നത്.

ഈ വസ്ത്രത്തിനും ഒരു പ്രത്യേകതയുണ്ട്. സൗന്ദര്യമത്സരത്തില്‍ ഒരു റൗണ്ടില്‍ ധരിക്കാൻ വേസ്റ്റ് ആയ എന്തെങ്കിലും സാധനങ്ങള്‍ കൊണ്ട് കോസ്റ്റ്യൂം തയ്യാറാക്കണമെന്നത് അന്നയുടെ ഒരു നിര്‍ബന്ധവും തീരുമാനവുമായിരുന്നു.  ഇതനുസരിച്ച് ആരിഫ് ജെവാംഗ് എന്ന പ്രമുഖ ഡിസൈനറാണ് അന്നയ്ക്ക് ഈ ഡൗണ്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത്.

കാനില്‍ വരുന്ന പാനീയങ്ങളോ അതുപോലുള്ള ദ്രാവകരൂപത്തിലുള്ള സാധനങ്ങളോ കണ്ടിട്ടില്ലേ? ഈ കാൻ തുറക്കാൻ ചെറിയൊരു ഭാഗം പുറത്തുണ്ടായിരിക്കും. ഇതില്‍ പിടിച്ച് തിരിച്ചാണ് നാം കാൻ തുറക്കുന്നത്. ഈ പുള്‍ ടാബ്സ് മാത്രം വച്ചാണ് ആരിഫ് അന്നയ്ക്ക് വേണ്ടി ഗൗണ്‍ സിഡൈൻ ചെയ്തിരിക്കുന്നത്. 

വെട്ടിത്തിളങ്ങുന്ന, കിടിലൻ ലുക്കുള്ള സ്റ്റൈലിഷ് ഗൗണ്‍ കണ്ടാല്‍ പക്ഷേ ഇത് വച്ചൊന്നും ഡിസൈൻ ചെയ്തതാണെന്ന് പറയുകയേ ഇല്ല. അത്രയും മനോഹരമായും ചിന്തയുപയോഗിച്ചുമാണ് ഈ ഗൗണ്‍ ചെയ്തിരിക്കുന്നതെന്ന് പറയാം. ഇത്തരത്തിലൊരു ആശയം സ്വീകരിച്ചതിന് ചിത്രങ്ങള്‍ക്ക് താഴെയും അന്നയെ അഭിനന്ദിക്കുന്നവര്‍ ഏറെയാണ്. താൻ വന്ന വഴി മറക്കില്ലെന്ന സന്ദേശാണ് അന്ന ഇതിലൂടെ ലോകത്തിന് നല്‍കുന്നതെന്നും അത് ആവേശമോ പ്രചോദനമോ നിറയ്ക്കാൻ പോകുന്നത് സമൂഹത്തില്‍ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന എത്രയോ യുവാക്കള്‍ക്കായിരിക്കുമെന്നും നിരവധി പേര്‍ അഭിപ്രായമായി കുറിച്ചിരിക്കുന്നു. 

 

Also Read:- 'ഇതെന്താ കാബേജോ?';വിലയാണെങ്കില്‍ 60,000!

Follow Us:
Download App:
  • android
  • ios