Asianet News MalayalamAsianet News Malayalam

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ? എങ്കില്‍ ഈ ഒമ്പത് തെറ്റുകള്‍ ഒഴിവാക്കുക...

വ്യായാമവും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. 

mistakes you should avoid when you trying to Lose Weight
Author
Thiruvananthapuram, First Published Jan 11, 2021, 8:53 AM IST

അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ഇന്ന് പലരും ശ്രമിക്കുന്നുണ്ട്. വണ്ണം കുറയ്ക്കാനായി നൂറ്  വഴികള്‍ പരീക്ഷിച്ചു മടുത്തവരാണ് പലരും. വണ്ണം കുറയ്ക്കാനായി ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പടുത്തുകയാണ് വേണ്ടത്.

വ്യായാമവും കൃത്യസമയത്ത് ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്താല്‍ വണ്ണം കുറയ്ക്കാന്‍ കഴിയും. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ വരുത്തുന്ന ചില തെറ്റുകള്‍ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

പട്ടിണി കിടന്നാല്‍ മെലിയാമെന്നു വിചാരിക്കുന്നവർ കുറവല്ല. ഇത്തരത്തില്‍ ഭക്ഷണം ഒഴിവാക്കുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തെ ബാധിക്കും. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നതിലൂടെ വിശപ്പ് കൂടുകയും ഊർജ്ജം കുറയുകയുമാണ് ചെയ്യുന്നത്. ഇത് വ്യായാമം ചെയ്യുന്നതില്‍ നിന്നു പോലും നിങ്ങളെ പിന്തിരിപ്പിക്കും. അതിനാല്‍ മിതമായ അളവില്‍ കുറഞ്ഞത് മൂന്ന് നേരം എങ്കിലും ഭക്ഷണം കഴിക്കണം. ശ്രദ്ധിക്കുക, കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവ് കൂടരുത്. 

രണ്ട്...

പലരും കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി എത്രയാണെന്ന് നോക്കാറില്ല. വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി അറിഞ്ഞിരിക്കണം. ഒരു ദിവസം നിങ്ങള്‍ക്ക് വേണ്ട കലോറി എത്രയാണെന്നും ഏതൊക്കെ ഭക്ഷണങ്ങളില്‍ നിന്നും അവ ലഭിക്കുമെന്നും അറിഞ്ഞിരിക്കണം. കലോറി കുറഞ്ഞതും അന്നജം കുറച്ചുള്ളതുമായ വിഭവങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. 

മൂന്ന്...

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ പലപ്പോഴും വറുത്തതും പൊരിച്ചതുമായ ഭക്ഷണം കഴിക്കാറുണ്ട്.  വിശക്കുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത്  വണ്ണം വീണ്ടും കൂട്ടുകയാണ് ചെയ്യുന്നത്. അതിനാല്‍ ജങ്ക് ഫുഡ്, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, പാക്കറ്റ് ഫുഡുകൾ എന്നിവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം പച്ചക്കറികളും പഴങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

നാല്...

ഡയറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്തേണ്ട വിഭവങ്ങളെ കുറിച്ച് പലര്‍ക്കും വലിയ ധാരണയില്ല. ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്ന നിരവധി പേരുണ്ട്. എന്നാല്‍ വണ്ണം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഉറപ്പായും ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം. നാരുകള്‍ അടങ്ങിയവ കഴിക്കുമ്പോള്‍ വയര്‍ പെട്ടെന്ന് നിറഞ്ഞതായി തോന്നിക്കുകയും ഭക്ഷണം കഴിക്കുന്നതിന്‍റെ അളവു കൂടാതിരിക്കുകയും ചെയ്യും. ഇത് അമിതവണ്ണം നിയന്ത്രിക്കുന്നതിന് സഹായിക്കും. 

അഞ്ച്...

അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യുന്ന മറ്റൊരു തെറ്റാണ് വിശക്കുന്നത് വരെ കാത്തിരിക്കുന്നത്. കലോറി കുറഞ്ഞ ഡയറ്റ് പിന്തുടരുന്നവര്‍ വിശപ്പ് അനുഭവപ്പെടുന്നതിന് മുന്‍പ് തന്നെ ഭക്ഷണം കഴിക്കുക. നല്ല വിശപ്പ് അനുഭവപ്പെട്ടാല്‍ നിങ്ങള്‍ ഭക്ഷണം അമിതമായി കഴിക്കാന്‍ സാധ്യതയുണ്ട്. അത് ഒഴിവാക്കാനായി വിശപ്പിന് മുന്‍പുതന്നെ അളവ് കുറച്ച് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. 

ആറ്...

അമിതവണ്ണം ഉള്ളവർ ആവശ്യത്തിന് വെള്ളം കുടിക്കാതെ എന്തൊക്കെ ചെയ്താലും പ്രയോജനം ലഭിക്കണമെന്നില്ല. അതിനാല്‍ ദിവസവും ധാരാളം വെള്ളം കുടിക്കണം. അത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്. 

ഏഴ്...

ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല എന്ന് അറിയാമല്ലോ. പലര്‍ക്കും വ്യായാമം ചെയ്യാന്‍ മടിയാണ്. ഭക്ഷണം നിയന്ത്രിച്ചല്ലോ...പിന്നെ എന്തിനാ വ്യായാമം കൂടി ചെയ്യുന്നത് എന്ന് ചിന്തിക്കുന്നവരും നിരവധിയാണ്. എന്നാല്‍ ഡയറ്റ് മാത്രം പോരാ, വ്യായാമം നിര്‍ബന്ധമാണ്. ഡയറ്റിനോടൊപ്പം ദിവസവും ഒരു മണിക്കൂര്‍ എങ്കിലും വ്യായാമം ചെയ്യണം. 

എട്ട്...

ബിയർ, പഞ്ചസാര എന്നിവയുടെ ഉപയോഗം ശരീരത്തിന് ഏറെ ഹാനികരമാണെന്ന് മാത്രമല്ല, അടിവയറ്റിൽ കൊഴുപ്പ് അടിയാൻ ഇടയാക്കുകയും ചെയ്യും. അതിനാല്‍ ഇവയുടെ ഉപയോഗവും ഒഴിവാക്കുക. ശീതളപാനീയങ്ങളുടെ ഉപയോഗവും ഡയറ്റില്‍ നിന്ന് ഒഴിവാക്കുക. 

ഒമ്പത്...

രാത്രി ആവശ്യത്തിന് ഉറങ്ങുന്നുണ്ടോ? ഡയറ്റും വ്യായാമവും മാത്രം പോരാ, ഉറക്കവും വേണം.  ഉറക്കക്കുറവും ശരീരഭാരം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ദിവസവും അഞ്ച് മണിക്കൂറിൽ താഴെ ഉറങ്ങുന്നത് അലസത, അമിതമായ വിശപ്പ് എന്നിവയ്ക്ക് കാരണമാകാം. അതിനാല്‍ കുറഞ്ഞത് ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കണം. 

Also Read: രാത്രിയില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?

Follow Us:
Download App:
  • android
  • ios