പാരീസ് ഫാഷന്‍ വീക്ക് വിശേഷങ്ങള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ് ഫാഷന്‍ ലോകം. ലോകത്തെ ഏറ്റവും മികച്ച ഫാഷന്‍ ഷോകളിലൊന്നായ പാരീസ് ഫാഷന്‍ വീക്കില്‍ താരമാവുക എന്നത് എല്ലാ മോഡലുകളുടെയും സ്വപ്നമാണ്. ഇതിൽ  ജര്‍മന്‍ മോഡലായ ലിയോണ്‍ ഡെയിമിൻ ശരിക്കും താരമായി എന്നുതന്നെ പറയാം.

റാംപിലെ അസാധാരണമായ കാറ്റ് വാക്കിലൂടെയാണ് ഫാഷന്‍ ലോകത്തെ ലിയോണ്‍ അമ്പരപ്പിച്ചത്. ഡിസൈനൽ ജോൺ ഗാലിയാനോയുടെ സ്പ്രിങ് കലക്‌ഷൻ അവതരിപ്പിക്കാനാണ് ലിയോൺ വേദിയിലെത്തിയത്. അരയ്‌ക്കൊപ്പം നില്‍ക്കുന്ന ലെതര്‍ ജാക്കറ്റും ഹാറ്റുമായിരുന്നു ലിയോണിന്റെ വേഷം. ലിയോണിന്‍റെ അസാധാരണമായ നടത്തത്തിലാണ് എല്ലാവരുടെയും ശ്രദ്ധ പതിഞ്ഞത്.

ദേഷ്യത്തോടെ ആരെയോ തല്ലാൻ പോകുന്ന പോലെ അതിവേഗത്തിൽ കുതിച്ചുള്ള നടത്തമായിരുന്നു ലിയോണിന്‍റേത്. ഇത് കണ്ട് വേദയിലാകെ ചിരിപ്പടർന്നു. വോഗിന്റെ എഡിറ്റർ ഇൻ ചീഫ് അന്ന വിൻഡൗറിനും ചിരി നിയന്ത്രിക്കാനായില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍   ലിയോണിന്‍റെ നടത്തം വീഡിയോ വൈറലായി. ഒപ്പം നിരവധി ട്രോളുകളുമുണ്ടായി.