ഫാഷന്‍ ഷോകള്‍ എപ്പോഴും പുതുമകളിലാണ് ശ്രദ്ധിക്കപ്പെടാറ്. പരമ്പരാഗതമായ രീതിയില്‍ നടന്നും ചിരിച്ചും സ്വയം അവതരിപ്പിച്ചുമെല്ലാം താരമാകാന്‍ ഇപ്പോള്‍ പാടാണ്. എങ്ങനെ വ്യത്യസ്തത കൊണ്ടുവരാമെന്നാണ് ഓരോ മോഡലുകളും ചിന്തിക്കുന്നത്. ഇതിനുള്ള എന്തെങ്കിലും കോപ്പുമായാണ് ഇവര്‍ റാംപിലെത്തുക. 

അത്തരത്തില്‍ വ്യത്യസ്തതയ്ക്ക് വേണ്ടി പാരീസ് ഫാഷന്‍ വീക്കില്‍ ഇരുപതുകാരനായ ഒരു മോഡല്‍ നടത്തിയ ക്യാറ്റ്‍വാക്കാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാകുന്നത്. മോഡലുകള്‍ ഓരോരുത്തരായി തങ്ങളുടെ വ്യക്തിത്വം പ്രകടിപ്പിക്കും തരത്തിലുള്ള വേഷവിധാനവുമായി റാംപില്‍ നടന്ന് മടങ്ങുമ്പോള്‍ ഏവരുടേയും കാഴ്ചയെ കൗതുകത്തിലാക്കിക്കൊണ്ടായിരുന്നു ജര്‍മ്മന്‍ മോഡലായ ലിയോണ്‍ ഡെയിമിന്റെ വരവ്. 

അരയ്‌ക്കൊപ്പം നില്‍ക്കുന്ന ലെതര്‍ ജാക്കറ്റും ഹാറ്റുമായിരുന്നു ലിയോണിന്റെ വേഷം. വേഷത്തിലായിരുന്നില്ല ആരുടെയും ശ്രദ്ധ പതിഞ്ഞത്. ആ നടത്തമായിരുന്നു സദസിനെ ഇളക്കിമറിച്ചത്. ദേഷ്യമോ അസ്വസ്ഥതയോ ഒക്കെ വന്നത് പോലുള്ള ഭാവം. അല്‍പം 'മിസ്സിംഗ്' ആയ നടത്തം. നടത്തത്തിന്റെ താളവും വേഗതയുമാണെങ്കില്‍ പറയാനുമില്ല. 

സദസില്‍ മുന്‍നിരയിലുണ്ടായിരുന്ന 'വോഗ്' എഡിറ്റര്‍ അന്ന വിന്ററൊക്കെ സ്വയം മറന്ന് ചിരിച്ചുമറിഞ്ഞു. സ്വതവേ, അത്ര 'എക്‌സ്പ്രസീവ്' അല്ലാത്ത അന്നയെ വരെ കുലുക്കിയെങ്കില്‍ ലിയോണ്‍ അത്ര ചില്ലറക്കാരനല്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. താനും എന്തെങ്കിലും പുതുമയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നാണ് അന്നയും ഷോ കഴിഞ്ഞ ശേഷം പ്രതികരിച്ചത്. ഇതെല്ലാം ഫാഷന്‍ മേഖലയ്ക്കകത്തെ കാഴ്ചപ്പാടുകളും ചര്‍ച്ചകളുമാണ്. 

എന്നാല്‍ ഫാഷന്‍ ഷോകളെ കുറിച്ചോ, ഇതിന്റെ സാങ്കേതികമായ വശങ്ങളെക്കുറിച്ചോ ഒന്നും അറിയാത്ത സാധാരണക്കാരെ സംബന്ധിച്ച് ലിയോണിന്റെ ക്യാറ്റ് വാക്ക് വെറും ട്രോളിത്തള്ളാനുള്ള 'ചാന്‍സ്' മാത്രമായിരിന്നു. ആരെയോ തല്ലാന്‍ പോകുന്ന പോക്കാണ്, അമ്മ വിളിക്കുമ്പോള്‍ ദേഷ്യത്തോടെ നടന്നുചെല്ലുന്ന കുട്ടി- എന്നിങ്ങനെ പല സന്ദര്‍ഭങ്ങളുമായി ലിയോണിന്റെ നടത്തത്തെ താരതമ്യം ചെയ്യുകയാണ് സോഷ്യല്‍ മീഡിയയില്‍ സാധാരണക്കാര്‍.

എന്തായാലും ഒരൊറ്റ നടത്തത്തോടെ തന്നെ ലിയോണ്‍ മുമ്പുണ്ടായിരുന്നതിന്റെ ഇരട്ടി 'മൈലേജ്' നേടിയെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഇത്തരത്തില്‍ ശ്രദ്ധേയനാവുകയെന്നത് തന്നെയായിരുന്നു ലിയോണിന്റെ ഉദ്ദേശമെന്നും അഭിപ്രായങ്ങളുയരുന്നുണ്ട്. 

വീഡിയോ കാണാം...