നാട്ടിലിപ്പോൾ പല സ്‌കൂളുകളും വിർച്വൽ ക്‌ളാസുകൾ തുടങ്ങുന്നതിനെപ്പറ്റി ആലോചിക്കുന്നുണ്ട്. ചില സ്‌കൂളുകൾ ഇതിനകം തന്നെ സൂമിലും ഗൂഗിൾ മീറ്റിലും ഒക്കെയായി സ്മാർട്ട് ഓൺലൈൻ ക്‌ളാസുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ക്‌ളാസിലെ എല്ലാ കുട്ടികളും മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത ഒരു ആപ്പ് വഴി വീഡിയോ കോളിൽ ലോഗിൻ ചെയ്ത് കയറും. ടീച്ചറും കയറും. എന്നിട്ടാണ് സ്മാർട്ട് ക്‌ളാസ് തുടങ്ങുക. അങ്ങനെ സ്മാർട്ട് ക്‌ളാസിൽ ഇരിക്കുന്ന കുട്ടികൾക്ക് ടീച്ചറുടെയും മറ്റു കുട്ടികളുടെയും മൊബൈൽ ഫോണിലെ ക്യാമറയിൽ നിന്ന് ആപ്പ് വഴി വരുന്ന വീഡിയോ ദൃശ്യങ്ങൾ തങ്ങളുടെ മൊബൈൽ, ടാബ്, ലാപ്പ്ടോപ്പ് അല്ലെങ്കിൽ കംപ്യൂട്ടറിന്റെ സ്‌ക്രീനിൽ കാണാം. ഇതിന് ഒരു ചെറിയ അപകടമുണ്ട്. വീട്ടിലെ മറ്റുള്ളവർ കൂടി ചിലപ്പോൾ അറിയാതെ ഈ ദൃശ്യങ്ങളിൽ കടന്നുവരാം. 

അത്തരത്തിൽ അറിയാതെ തന്റെ ഒന്നാം ക്‌ളാസിൽ പഠിക്കുന്ന മകളുടെ വിർച്വൽ ഓൺലൈൻ ക്‌ളാസ്സിലേക്ക് കയറിവന്നതിന്റെ രസകരമായ, എന്നാൽ ഒരല്പം നാണക്കേട് തോന്നിക്കുന്ന അനുഭവം ഒരു രസകരമായ വീഡിയോ വഴി പങ്കുവെച്ചിരിക്കുകയാണ് ആഷ്‌ലി സ്മിത്ത് എന്ന ഫ്ലോറിഡ സ്വദേശി. " ഞാൻ ആളുകൾക്ക് പറ്റുന്ന ഓരോ അബദ്ധങ്ങളുടെ വീഡിയോ യൂട്യുബിലും ഫേസ്ബുക്കിലും ഒക്കെ കാണാറുണ്ട്. അന്നൊന്നും അത് ഞാൻ വിശ്വസിച്ചിരുന്നില്ല. ആളുകൾ മനഃപൂർവം ചെയ്യുന്നതാണവ എന്നാണു ഞാൻ ധരിച്ചിരുന്നത്. എന്നാൽ, ഇന്ന് എനിക്ക് നേരിട്ടുണ്ടായ ഒരു അനുഭവത്തോടെ എന്റെ തെറ്റിദ്ധാരണ മാറി. അബദ്ധം ആർക്കും സംഭവിക്കാം എന്ന് ഇന്നെനിക്ക് ബോധ്യമായി.' 

 

ആഷ്‌ലിക്ക് പറ്റിയ അബദ്ധം ഇതാണ്. രണ്ടു മക്കളാണ് ആഷ്‌ലിക്ക്. ഇരുവർക്കും  സ്മാർട്ട് ക്‌ളാസിൽ ഇരുന്നു പഠിക്കാൻ വേണ്ടി ഓരോ ഇടങ്ങൾ കൊടുത്ത ശേഷം അവർ കുളിക്കാൻ വേണ്ടി ബാത്ത്റൂമിലേക്ക് പോയി. ഷവറിനു ചുവട്ടിൽ ചെന്ന് നിന്ന് നല്ലൊരു കുളി പാസ്സാക്കിയ ശേഷം ആഷ്‌ലി ടവൽ പുതച്ച് പുറത്തിറങ്ങി. കുളിമുറിയിലേക്ക് കയറുമ്പോൾ ബെഡ്‌റൂമിൽ ആരും ഇല്ലായിരുന്നതിനാൽ അവർ ഒന്നുമോർക്കാതെ, ടവൽ ഊരി ദേഹം തുടച്ച ശേഷം നനഞ്ഞ മുടിയിൽ അതേ ടവൽ കെട്ടി കണ്ണാടിക്കു മുന്നിലേക്ക് നീങ്ങിയപ്പോഴാണ് പിന്നിൽ നിന്ന് കുറച്ചധികം കുട്ടികളുടെ ഒന്നിച്ചുള്ള " ഓ...ഓ.. " എന്ന അത്ഭുതപ്രകടനങ്ങൾ കേട്ടത്. ആഷ്‌ലി കുളിമുറിയിലേക്ക് കയറിയ ശേഷം, ഒന്നാംക്‌ളാസുകാരിയായ ഇളയ മകൾ, പുറത്ത് ഇരുത്തിയിടത്തു നിന്ന് ലാപ്ടോപ്പുമെടുത്ത് ബെഡ്‌റൂമിനുള്ളിലേക്ക് സ്ഥലംമാറി ഇരുന്ന കാര്യം അവർ അറിഞ്ഞിരുന്നില്ല. 

ടവൽ ഊരിമാറ്റി നനഞ്ഞ ദേഹത്തോടെ ആഷ്‌ലി നിന്നത് മകളുടെ ക്‌ളാസിലെ എല്ലാ കുഞ്ഞുങ്ങളും കണ്ടു. സംഗതി നിമിഷ നേരം കൊണ്ട് തിരിച്ചറിഞ്ഞ് ആഷ്‌ലി വസ്ത്രം എടുത്തുടുത്തു . നിമിഷ നേരത്തേക്കാണെങ്കിലും, മനഃപൂർവം ആയിരുന്നില്ലെങ്കിലും, താൻ കുഞ്ഞുങ്ങൾക്ക് മുന്നിൽ നടത്തിപ്പോയ നഗ്നതാപ്രദർശനത്തിന്റെ പേരിൽ ആഷ്‌ലി മകളുടെ സഹപാഠികളോടും അവരുടെ അച്ഛനമ്മമാരോടും ഖേദം പ്രകടിപ്പിച്ചു.   ഇന്ന് തനിക്ക് സംഭവിച്ചത് നാളെ ആർക്കുവേണമെങ്കിലും സംഭവിക്കാം എന്നും, താൻ ഇനിയങ്ങോട്ട് ശ്രദ്ധിക്കുമെന്നും, മറ്റുള്ളവരും ഈയൊരു സാധ്യത മനസ്സിൽ സൂക്ഷിക്കുന്നത് അബദ്ധങ്ങൾ ഒഴിവാക്കാൻ സഹായിക്കും എന്നും അവർ പറഞ്ഞു.

കൊവിഡ് ലോക്ക് ഡൌൺ കാരണം വിർച്വൽ ക്‌ളാസ്സുകൾ തുടങ്ങുന്നതിന്റെ പേരിൽ ലോകമെമ്പാടുമുള്ള അച്ഛനമ്മമാരും കുട്ടികളും കടന്നുപോകുന്ന സങ്കീർണ്ണമായ വെല്ലുവിളികളുടെ കൂട്ടത്തിൽ നടന്ന ഈ ഒരു അബദ്ധം നിരവധി പേര് പങ്കിട്ട് എന്തായാലും സാമൂഹ്യമാധ്യമങ്ങളിൽ വൈറൽ ആയിട്ടുണ്ട്.