തടി കൂടിയാലും കുറഞ്ഞാലും കളിയാക്കുന്ന നിരവധി പേരുണ്ട് നമ്മുക്ക് ചുറ്റും. തടി കൂടിയതിന്റെ പേരിൽ പരിഹസിക്കുമ്പോൾ ചിലർക്ക് ആ കളിയാക്കലുകൾ നിസാരമായി എടുക്കാൻ സാധിക്കാറില്ല. ചിലർ പരിഹസിച്ചവർക്ക് തക്കതായ മറുപടിയും നൽകാറുണ്ട്. 

ഭാരം കൂടിയതിന്റെ പേരിൽ കളിയാക്കിയ കൂട്ടുകാരിക്ക് എട്ടുവയസ്സുകാരിയായ ഐവി കത്തിലൂടെ കൊടുത്ത മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മെല്‍ വാട്‌സ് എന്ന അമ്മയാണ് മകള്‍ ഐവിയുടെ പക്വതയോടെയുള്ള മറുപടി പങ്കുവച്ചിരിക്കുന്നത്. 

കൂട്ടുക്കാരി തടിച്ചിയെന്ന് വിളിച്ചപ്പോള്‍ സങ്കടത്തോടെയിരിക്കാതെ ആത്മവിശ്വാസത്തോടെ ഐവി നല്‍കിയ മറുപടിയാണ് അമ്മയെപ്പോലും ഇപ്പോൾ അത്ഭുതപ്പെടുത്തിയിരിക്കുന്നത്. കളിയാക്കിയ കൂട്ടുകാരിക്ക് നല്‍കിയ കത്തിലാണ് ഐവി തന്റെ ശരീരത്തെക്കുറിച്ച് അഭിമാനത്തോടെ കുറിച്ചിരിക്കുന്നത്.

 

 

' ഇത് എന്റെ ശരീരമാണ്. എന്റെ ഈ ശരീരത്തെ ഞാൻ സ്നേഹിക്കുന്നു. ഒരിക്കലും അതിനെ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ല. അമ്മയും അച്ഛനും കുടുംബവും തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും അതു മതി...' -  ഐവി കുറിച്ചു.

ഐവിയുടെ കത്ത് വായിച്ചപ്പോൾ ശരിക്കും അതിശയിച്ച് പോയി. ഇപ്പോൾ താന്‍ മക്കളെ വളര്‍ത്തിയ രീതിയില്‍ സ്വയം അഭിമാനിക്കുന്നുവെന്ന് മെല്‍ വാട്‌സ് പറഞ്ഞു. മക്കളോട് എപ്പോഴും അവരുടെ ശരീരത്തെക്കുറിച്ചോര്‍ത്ത് അഭിമാനിക്കാന്‍ പറയുമായിരുന്നു.

അതവരുടെ മാത്രം ശരീരമാണ്, അവര്‍ക്ക് ജീവിക്കാനുള്ള ഒരേയൊരു അവസരമാണ്. അവര്‍ ആ ജീവിതത്തെ ബഹുമാനിക്കണമെന്നും അവരുടെ ശരീരം ബഹുമാനം തിരിച്ച് അര്‍ഹിക്കുന്നുണ്ടെന്നും പറയാറുണ്ടായിരുന്നുവെന്നും മെല്‍ വാട്‌സ് പറയുന്നു.ഇപ്പോൾ മകൾ ഐവിയെക്കുറിച്ചോര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവർ പറഞ്ഞു.