വണ്ണം കുറയ്ക്കാന്‍ തയ്യാറെടുക്കുന്നവര്‍ ജീവിതശൈലിയില്‍ വരുത്തേണ്ട നിരവധി മാറ്റങ്ങളുണ്ട്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ വണ്ണം കുറയ്ക്കാന്‍ കഴിയുകയുള്ളൂ. ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. 

നിങ്ങളുടെ ശരീരഭാരം വർധിപ്പിക്കാന്‍ കാരണമാകുന്ന ചില പ്രഭാത ശീലങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

ഒന്ന്...

ഒരു വ്യായാമവുമില്ലാതെ വണ്ണം കുറയ്ക്കാന്‍ സാധിക്കില്ല എന്ന് അറിയാമല്ലോ. പ്രത്യേകിച്ച് രാവിലെ വ്യായാമം മുടക്കുന്നത് ശരീരഭാരം കൂടാന്‍ ഇടയാക്കാം. വെറും വയറ്റിൽ വ്യായാമം ചെയ്യുന്നത് ശരീരത്തിലെ കൊഴുപ്പ് കൂടുതൽ കത്തിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുമെന്ന് പഠനങ്ങളിലും പറയുന്നുണ്ട്. അതിനാല്‍ രാവിലെയുള്ള വ്യായാമം മുടക്കേണ്ട. 

രണ്ട്...

രാവിലെ ടിവിയും കണ്ട് ഭക്ഷണം കഴിക്കുന്ന ശീലമുണ്ടോ? എങ്കില്‍ അതും ശരീരഭാരം കൂടാന്‍ കാരണമാകാം.  ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്നത് നിങ്ങളെ കൂടുതൽ കഴിക്കാനും കുറച്ച് ചവയ്ക്കാനും ഇടയാക്കും. ഇങ്ങനെ ചെയ്യുന്നത് ശരീരഭാരം വർധിപ്പിക്കും.  ഭക്ഷണം വളരെ പതുക്കെയാണ് കഴിക്കേണ്ടത്.

മൂന്ന്...

ഉറക്കം മനുഷ്യന് ആവശ്യമാണ്. ഉറക്കവും വണ്ണവും തമ്മില്‍ ബന്ധമുണ്ടെന്നാണ് പഠനങ്ങളും പറയുന്നത്. ശരിയായി ഉറക്കം ലഭിക്കാതെ വരുമ്പോള്‍ വിശപ്പ്‌ അനുഭവപ്പെടും. ഇത്‌ കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ പ്രേരിപ്പിക്കുകയും വണ്ണം കൂടാന്‍ കാരണമാവുകയും ചെയ്യും. ഉറക്കം വേണ്ടത്ര ഇല്ലാത്തവരില്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാനും പ്രയാസമാണ്. അതിനാൽ, വേണ്ടത്ര ഉറക്കം ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക. അതുപോലെ തന്നെ പ്രധാനമാണ് ഉറക്കം കൂടുന്നതും.  നിങ്ങൾ കൂടുതൽ നേരം ഉറങ്ങുകയാണെങ്കിൽ, പ്രഭാതഭക്ഷണം കഴിക്കുന്നതും വൈകും, വിശപ്പ് കൂടും. ഇത് നിങ്ങളുടെ ശരീരഭാരം കൂടാന്‍ കാരണമാവുകയും ചെയ്യും. 

നാല്...

പ്രഭാത ഭക്ഷണം ഒഴിവാക്കുന്നതും ശരീരഭാരം കൂടാന്‍ കാരണമാകും.  ഒരു ദിവസം മുഴുവന്‍ ഉന്‍മേഷവും ഊര്‍ജ്ജവും നിലനിര്‍ത്തണമെങ്കില്‍ പ്രഭാത ഭക്ഷണം ഏറെ പ്രധാനമാണ്. പ്രഭാത ഭക്ഷണം മുടക്കിയാല്‍ വ്യായാമം ചെയ്യാനുള്ള ഊര്‍ജ്ജവും ഉണ്ടാകില്ല. ഇതും ഭാരം കുറയ്ക്കാന്‍ നിങ്ങളെ സഹായിക്കില്ല. അതിനാല്‍ പ്രഭാത ഭക്ഷണം ഒരിക്കലും മുടക്കരുത്. 

അഞ്ച്...

രാവിലെ വെള്ളം കുടിക്കാന്‍ മടിയാണോ? ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉറപ്പായും വെള്ളം ധാരാളം കുടിക്കണം. രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു ​ഗ്ലാസ് ചെറുചൂടുവെള്ളം കുടിച്ച് ദിവസം തുടങ്ങുന്നത് ഉന്മേഷത്തോടെയിരിക്കാനും സഹായിക്കുന്നു.

ആറ്...

രാവിലെ തന്നെ ജങ്ക് ഫുഡ് കഴിക്കുന്നത് ഒഴിവാക്കുക. പകരം പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് അമിതവണ്ണം കുറയ്ക്കാൻ സഹായിക്കും.  പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത്  വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. അത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിക്കും. അതുവഴി വണ്ണം കുറയ്ക്കാം. 

Also Read: കലോറി കുറഞ്ഞ ഈ പഴങ്ങൾ കഴിക്കൂ; ഭാരം എളുപ്പം കുറയ്ക്കാം...