Asianet News MalayalamAsianet News Malayalam

കുഞ്ഞിനെക്കൊല്ലാൻ വന്ന പുലിയെ നേരിട്ട് അമ്മപ്പട്ടി, മറ്റു തെരുവുനായ്ക്കളും കൂടെച്ചേർന്നപ്പോൾ തോറ്റോടി പുലി

തന്റെ കുഞ്ഞിനെ പുലി പിടികൂടിയപ്പോൾ, അതിന്റെ അമ്മപ്പട്ടി ഉച്ചത്തിൽ കുരച്ച് ചുറ്റുമുള്ള തെരുവുനായ്ക്കളെ രക്ഷയ്ക്ക് വിളിച്ചുകൂട്ടി. 

mumbai leopard let go pup as stray dogs gang up and bark
Author
Aarey Colony, First Published Jul 2, 2020, 6:31 PM IST

ഈ നായ്ക്കുട്ടിക്ക് ഇത് രണ്ടാം ജന്മമാണ്. മിനിഞ്ഞാന്ന് അത് രക്ഷപ്പെട്ടത് സാധാരണഗതിക്ക് ഒട്ടും സാധ്യതയില്ലാത്ത ഒരു അപകടത്തിൽ നിന്നാണ്. മുംബൈയിലെ കാടിനോട് ചേർന്നുകിടക്കുന്ന ആറേ  കോളനി എന്ന റെസിഡൻഷ്യൽ ഏരിയയിൽ നിന്നാണ് ഈ വാർത്ത പുറത്തുവന്നിരിക്കുന്നത്. ചൊവ്വാഴ്ച അതി രാവിലെയോടെ, കോളനിയിൽ തിരിഞ്ഞു നടക്കുന്ന തെരുവ് പട്ടിക്കൂട്ടത്തിന്റെ കുര പതിവിലും ഉച്ചത്തിൽ ഉയർന്നു കേട്ടപ്പോഴാണ് അവിടത്തെ താമസക്കാരിൽ പലരും തങ്ങളുടെ വീടുകളുടെ ബാൽക്കണികളിലും, വാതിൽക്കലും ഒക്കെ വന്ന് പുറത്തേക്ക് എത്തിനോക്കുന്നത്. അവർ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. കാട്ടിൽ നിന്ന് നാട്ടിലേക്കിറങ്ങി വന്ന ഒരു പുലി കോളനിയിലെ ഒരു പട്ടിക്കുട്ടിയെ പിടിച്ചു വെച്ചിരിക്കുന്നു. 

തന്റെ കുഞ്ഞിനെ പുലി പിടികൂടിയപ്പോൾ, അതിന്റെ അമ്മപ്പട്ടി ഉച്ചത്തിൽ കുരച്ച് ചുറ്റുമുള്ള തെരുവുനായ്ക്കളെ രക്ഷയ്ക്ക് വിളിച്ചുകൂട്ടി. ആ അമ്മപ്പട്ടിയുടെ കുര കേട്ട് പാഞ്ഞുവന്ന മറ്റു തെരുവുപട്ടികളെല്ലാം ചേർന്ന്, ആ പുലിയുടെ ചുറ്റും കൂടി കുരയോട് കുരയാണ് പ്രദേശത്തെ തെരുവുനായ്ക്കൾ ഒന്നടങ്കം. ഏറെ നേരം ഗർജിച്ചും തേറ്റപ്പല്ലുകൾ കാണിച്ചുമൊക്കെ പട്ടികളെ ഓടിക്കാനും, തന്റെ ഇരയേയും കൊണ്ട് കാട്ടിനുള്ളിലേക്ക് സ്ഥലം വിടാനുമൊക്കെ പുലി ശ്രമിച്ചു. പക്ഷേ, തങ്ങളിൽ ഒരുത്തനെ ഒരു പുലിക്കും വിട്ടുകൊടുക്കില്ല എന്ന വാശിപ്പുറത്ത് തെരുവുപട്ടികൾ പുലിക്ക് നേരെ കുരച്ചു ചാടി. ഒടുവിൽ ഗതികെട്ട പുലിക്ക് തന്റെ ഇരയെ അവിടെത്തന്നെ വിട്ട് ഓടിപ്പോകേണ്ടിവന്നു. 

പട്ടിക്കുട്ടിയുടെ കഴുത്തിൽ പുലിയുടെ നഖത്തിന്റെയും പല്ലിന്റെയും ഒക്കെ പാടുകൾ ഉണ്ടെങ്കിലും, ഏറെ രക്തം നഷ്ടമായി എങ്കിലും, അതിന്റെ ജീവൻ പൊലിയാതെ രക്ഷപെട്ടു. അവന്തി ജോഷി എന്ന പ്രദേശവാസിയാണ് സംഭവത്തിന് ദൃക്‌സാക്ഷിയായതും ടൈംസ് നൗവിനോട് സംഭവങ്ങൾ വിവരിച്ചതും. പ്രദേശത്തെ ഫ്‌ളാറ്റുകളുടെ സെക്യൂരിറ്റി ഗാർഡുമാരും ഈ സംഭവത്തിന് സാക്ഷികളാണ്. പ്രദേശത്തെ ഒരു മൃഗസംരക്ഷണ സംഘടനയിലെ വെറ്ററിനറി ഡോക്ടർമാർ ഇടപെട്ട് പട്ടിക്കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ പത്തു ദിവസത്തിനകം ആറു തെരുവുപട്ടികൾ കോളനിയിൽ നിന്ന് അപ്രത്യക്ഷമായിട്ടുണ്ടെന്നും, അവയെ മിക്കവാറും ഇതേ പുലി തന്നെയാകും കൊണ്ടുപോയിട്ടുണ്ടാവുക എന്നും അവന്തി പറഞ്ഞു. പുലിയിറങ്ങൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്ത് സിസിടിവി കാമറ സ്ഥാപിക്കണം എന്ന കോളനി നിവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തോട് ഇതുവരെ അധികാരികൾ പ്രതികരിച്ചിട്ടില്ല. 

Follow Us:
Download App:
  • android
  • ios