Asianet News MalayalamAsianet News Malayalam

മുങ്ങിമരണങ്ങളുടെ വേനല്‍ക്കാലം വീണ്ടുമെത്തുമ്പോള്‍; ജലസുരക്ഷയ്ക്കുള്ള മാര്‍ഗങ്ങളുമായി മുരളി തുമ്മാരുകുടി

''കേരളത്തിലെ അപകട മരണങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ കുറവ് വരുത്താവുന്നത് മുങ്ങിമരണത്തിലാണ്. കാരണം ആയിരത്തി ഇരുന്നൂറ് മരണങ്ങള്‍ നടക്കുന്നതില്‍ ഒരു ശതമാനം പോലും യാത്രയ്ക്കിടയിലോ ബോട്ട് മുങ്ങിയോ അല്ല. ആളുകള്‍ കുളിക്കാനും കളിക്കാനും ഒക്കെയായി ജലത്തില്‍ ഇറങ്ങുമ്പോള്‍ സംഭവിക്കുന്നതാണ്. അല്പം ജലസുരക്ഷാ ബോധം, വേണ്ടത്ര മേല്‍നോട്ടം, വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം ഇത്രയും ഉണ്ടെങ്കില്‍ത്തന്നെ ഒറ്റ വര്‍ഷം കൊണ്ട് മരണം പകുതിയാക്കാം...''

muralee thummarukudy shares note about water safety
Author
Trivandrum, First Published Apr 2, 2021, 5:36 PM IST
  • Facebook
  • Twitter
  • Whatsapp

സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ മലപ്പുറം സ്വദേശിയായ വിദ്യാര്‍ത്ഥി ഇടുക്കിയില്‍ മുങ്ങിമരിച്ച വാര്‍ത്ത ഏറെ ദുഖത്തോടെയാണ് കഴിഞ്ഞ ദിവസം നാം കേട്ടത്. അതിന് തൊട്ടുമുമ്പത്തെ ദിവസം മാനന്തവാടിയില്‍ രണ്ട് പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ മുങ്ങിമരിച്ചിരുന്നു. ഇങ്ങനെ തുടരെത്തുടരരെ മുങ്ങിമരണങ്ങളുടെ വാര്‍ത്തകള്‍ വന്നിട്ടും വീണ്ടും ഇതേ ദുരന്തം ആവര്‍ത്തിക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുകയാണ് ഐക്യരാഷ്ട്രസഭയുടെ ദുരന്തലഘൂകരണ വിഭാഗം അധ്യക്ഷനായ മുരളി തുമ്മാരുകുടി. 

വേനലവധിക്കാലങ്ങളിലാണ് മുങ്ങിമരണങ്ങള്‍ ഏറുകയെന്നും പലപ്പോഴും ആവശ്യമായ ശ്രദ്ധയോ സുരക്ഷിതത്വബോധമോ ഇല്ലാത്തതിനാലാണ് ഇത്തരത്തിലുള്ള മുങ്ങിമരണങ്ങള്‍ സംഭവിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ജലസുരക്ഷയ്ക്കുള്ള പതിനാറ് മാര്‍ഗങ്ങളും അദ്ദേഹം തന്റെ കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തീര്‍ച്ചയായും കുട്ടികളുള്ള കുടുംബങ്ങളും അധികൃതരുമെല്ലാം കണ്ടിരിക്കേണ്ട ഈ കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. 

മുരളി തുമ്മാരുകുടിയുടെ കുറിപ്പ് വായിക്കാം...

മുങ്ങിമരണങ്ങളുടെ വേനല്‍ക്കാലം വീണ്ടുമെത്തുമ്പോള്‍...

ഈ വര്‍ഷം മിക്ക കുട്ടികളും സ്‌കൂളില്‍ പോകാതിരുന്നതിനാല്‍ 'സ്‌കൂള്‍ അടക്കുന്നു' എന്ന തോന്നലില്ല. 

വീണ്ടും വേനലവധി തുടങ്ങുകയാണ്. ഓരോ വേനലവധിക്കാലവും എനിക്ക് പേടിയുടെ കാലം കൂടിയാണ്. ഒന്നും രണ്ടും മൂന്നുമായി കുട്ടികളുടെ മുങ്ങിമരണ റിപ്പോര്‍ട്ടുകള്‍ വന്നുതുടങ്ങി. ഈ വേനലവധി അവസാനിക്കുന്നതിന് മുമ്പേ ഇരുന്നൂറോളം ആളുകള്‍ മുങ്ങി മരിച്ചിരിക്കും, അതില്‍ കൂടുതലും കുട്ടികള്‍ ആയിരിക്കും. 

അവധി ആഘോഷിക്കാന്‍ കൂട്ടുകൂടി പോകുന്നവര്‍, ബന്ധുവീട്ടില്‍ പോകുന്നവര്‍, അടുത്ത വീട്ടിലെ കുളത്തില്‍ പോകുന്നവര്‍ എന്നിങ്ങനെ. നൂറിലധികം കുടുംബങ്ങള്‍ക്ക് ഈ അവധിക്കാലം ഒരിക്കലൂം മറക്കാനാവാത്ത ദുഖത്തിന്റെ കാലമാകും. ഇതെല്ലാ വര്‍ഷവും പതിവാണ്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവുമധികം പേര്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്. ഓരോ വര്‍ഷവും 1200 ലധികം ആളുകളാണ് മുങ്ങിമരിക്കുന്നത്. 

റോഡപകടത്തെപ്പറ്റിയുള്ള വിവരങ്ങള്‍, അതായത് എത്ര അപകടം ഉണ്ടായി, എത്ര പേര്‍ക്ക് പരിക്കു പറ്റി, എത്ര പേര്‍ മരിച്ചു, ഏതൊക്കെ മാസങ്ങളിലാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുന്നത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ കേരളാ പോലീസിന്റെ വെബ്‌സൈറ്റിലുണ്ട്. എന്നാല്‍ മുങ്ങിമരണത്തെക്കുറിച്ച് ഇത്തരം വിവരങ്ങളൊന്നും ലഭ്യമല്ല. ഇതിനൊരു കാരണമുണ്ട്. മുങ്ങിമരണം എന്നത് കേരളത്തിലെ സുരക്ഷാ നിര്‍വഹണ രംഗത്തെ ഒരു അനാഥപ്രേതമാണ്. ഇതിനെപ്പറ്റി വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്നതോ പോകട്ടെ, ഇതിനെതിരെ ബോധവല്‍ക്കരണം നടത്താന്‍ റോഡ് സുരക്ഷാ അതോറിറ്റി പോലെ ഒരു അതോറിറ്റിയോ റോഡ് സുരക്ഷക്കുള്ളത് പോലെ ഒരു ഫണ്ടോ ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 

പനി ചികില്‍സിക്കാന്‍ അറിയില്ലെങ്കില്‍ രോഗിയുടെ ടെംപെറേച്ചര്‍ എടുക്കരുത് എന്നൊരു ചൊല്ലുണ്ട്. മുങ്ങിമരണത്തിന്റെ കാര്യവും അങ്ങനെ ആണ്. നമ്മള്‍ അതിനെതിരെ ഒന്നും ചെയ്യാത്ത സ്ഥിതിക്ക് മരണം എണ്ണി കൂട്ടി നോക്കിയിട്ട് എന്ത് കാര്യം?

എല്ലാ റോഡപകടത്തിലെയും 'വില്ലന്‍' ആണ് വാഹനം. മരിച്ചയാളുടെ ബന്ധുക്കള്‍, വണ്ടിയോടിച്ചിരുന്നത് വേറൊരാള്‍ ആയിരുന്നെങ്കില്‍ അയാള്‍, ഇന്‍ഷുറന്‍സ് കമ്പനി, മരിച്ചയാള്‍ക്ക് വേണ്ടി വാദിക്കുന്ന വക്കീല്‍ എന്നിങ്ങനെ ഈ മരണവുമായി ബന്ധപ്പെട്ടവര്‍ പലരുണ്ട്. റോഡപകടമുണ്ടായി ഒരാള്‍ ആശുപതിയിലെത്തുമ്പോള്‍ 'കേസ് പിടിക്കാന്‍' വക്കീലുമാരുടെ ഏജന്റുമാര്‍ അവിടെത്തന്നെയുണ്ട്.

മുങ്ങിമരണത്തില്‍ ഇതൊന്നുമില്ല. മുങ്ങിമരിക്കുന്ന ആയിരത്തി ഇരുന്നൂറ് പേരില്‍ ഒരു ശതമാനം പോലും ബോട്ട് മുങ്ങിയല്ല മരിക്കുന്നത്. അപ്പോള്‍ വെള്ളമല്ലാതെ മറ്റൊരു വില്ലനെ ചൂണ്ടിക്കാണിക്കാനില്ല. ഇന്‍ഷുറന്‍സ് ഇല്ല, വക്കീല്‍ ഇല്ല, കേസ് ഇല്ല, ഏജന്റുമില്ല. നഷ്ടം കുടുംബത്തിനു മാത്രം.

വാസ്തവത്തില്‍ കേരളത്തിലെ അപകട മരണങ്ങളില്‍ ഏറ്റവും എളുപ്പത്തില്‍ കുറവ് വരുത്താവുന്നത് മുങ്ങിമരണത്തിലാണ്. കാരണം ആയിരത്തി ഇരുന്നൂറ് മരണങ്ങള്‍ നടക്കുന്നതില്‍ ഒരു ശതമാനം പോലും യാത്രയ്ക്കിടയിലോ ബോട്ട് മുങ്ങിയോ അല്ല. ആളുകള്‍ കുളിക്കാനും കളിക്കാനും ഒക്കെയായി ജലത്തില്‍ ഇറങ്ങുമ്പോള്‍ സംഭവിക്കുന്നതാണ്. അല്പം ജലസുരക്ഷാ ബോധം, വേണ്ടത്ര മേല്‍നോട്ടം, വെള്ളത്തില്‍ വീഴുന്നവരെ രക്ഷിക്കാനുള്ള മിനിമം സംവിധാനം ഇത്രയും ഉണ്ടെങ്കില്‍ത്തന്നെ ഒറ്റ വര്‍ഷം കൊണ്ട് മരണം പകുതിയാക്കാം.

കഴിഞ്ഞ വര്‍ഷം കേരളത്തിലെ ദുരന്ത നിവാരണ അതോറിറ്റി സിനിമ തീയേറ്ററില്‍ ജല സുരക്ഷയെപ്പറ്റി മുന്നറിയിപ്പ് കൊടുത്തിരുന്നു. ഈ വര്‍ഷവും തുടരുമെന്ന് കരുതാം. വാസ്തവത്തില്‍ നമ്മുടെ ടി വി ചാനലുകളും പത്രങ്ങളും ഒരല്പം സമയമോ സ്ഥലമോ ഇതിനായി നീക്കിവെച്ചാല്‍ എത്രയോ ജീവനുകള്‍ രക്ഷിക്കാം. പക്ഷെ, അതൊന്നും നമുക്ക് ഉറപ്പാക്കാവുന്ന കാര്യം അല്ലല്ലോ. അതുകൊണ്ടു നമുക്കാവുന്നത് ചെയ്യാം. ഓരോ വേനല്‍ക്കാലത്തും കുട്ടികളുടെ സുരക്ഷക്ക് വേണ്ട ചില നിര്‍ദേശങ്ങള്‍ ഞാന്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണയും പതിവ് തെറ്റിക്കുന്നില്ല. പറ്റുന്നവര്‍ പരമാവധി ഷെയര്‍ ചെയ്യുക. എപ്പോഴും പറയുന്നതു പോലെ ഒരു ജീവനെങ്കിലും രക്ഷിക്കാനായാല്‍ അത്രയുമായല്ലോ!

ജലസുരക്ഷയ്ക്ക് ചില മാര്‍ഗങ്ങള്‍

1. ജലസുരക്ഷയെപ്പറ്റി ഇന്നുതന്നെ നിങ്ങളുടെ കുട്ടികളോട് സംസാരിക്കുക. ചുരുങ്ങിയത് എന്റെ വായനക്കാരില്‍ ഒരാളുടെ കുട്ടി പോലും ഈ വേനലവധിക്കാലത്ത് മുങ്ങി മരിക്കാതിരിക്കട്ടെ.

2. തീ പോലെ വെള്ളം കുട്ടികള്‍ക്ക് പേടിയോ മുന്നറിയിപ്പോ നല്‍കുന്നില്ലെന്നും, മുതിര്‍ന്നവര്‍ കൂടെയില്ലാതെ ഒരു കാരണവശാലും വെള്ളത്തിലേക്ക് ഇറങ്ങരുതെന്നും അവരെ നിര്‍ബന്ധമായും പറഞ്ഞു മനസ്സിലാക്കുക. അത് ഫ്‌ളാറ്റിലെ സ്വിമ്മിംഗ് പൂള്‍ ആയാലും, ചെറിയ കുളമായാലും, കടലായാലും.

3. നിങ്ങളുടെ കുട്ടിക്ക് നീന്താന്‍ അറിയില്ലെങ്കില്‍ ഈ അവധിക്കാലം കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കുക, ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും.

4. എന്നാല്‍ 'അച്ഛന്‍, അല്ലെങ്കില്‍ അമ്മ പണ്ടെത്ര നീന്തിയിരിക്കുന്നു' എന്നും പറഞ്ഞ് കുട്ടികളെയും കൊണ്ട് കുളത്തിലോ പുഴയിലോ പോകരുത്. പണ്ടത്തെ ആളല്ല നമ്മള്‍, പണ്ടത്തെ പുഴയല്ല പുഴ. നീന്തല്‍ പഠിപ്പിക്കല്‍ പ്രൊഫഷണലുകള്‍ക്ക് വിടുന്നതാണ് സുരക്ഷിതം.

5. അവധിക്ക് ബന്ധുവീടുകളില്‍ പോകുന്ന കുട്ടികളോട് മുതിര്‍ന്നവരില്ലാതെ കൂട്ടുകാരുടെ കൂടെ വെള്ളത്തില്‍ മീന്‍ പിടിക്കാനോ, യാത്രക്കോ, കുളിക്കാനോ, കളിക്കാനോ പോകരുതെന്ന് പ്രത്യേകം നിര്‍ദേശിക്കുക. വിരുന്നുപോകുന്ന വീടുകളിലെ മുതിര്‍ന്നവരെയും ഇക്കാര്യം ഓര്‍മിപ്പിക്കുന്നത് നല്ലതാണ്.

6. വെള്ളത്തില്‍ വെച്ച് കൂടുതലാകാന്‍ സാധ്യതയുള്ള അസുഖങ്ങള്‍ (അപസ്മാരം, മസ്സില്‍ കയറുന്നത്, ചില ഹൃദ്രോഗങ്ങള്‍) ഉള്ളവരെ പ്രത്യേകം ശ്രദ്ധിക്കുക. കൂട്ടുകാരോടും ബന്ധുക്കളോടും അത് പറയുകയും ചെയ്യുക.

7. അവധിക്കാലത്ത് ടൂറിന് പോയി വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ എന്തെങ്കിലും അപകടം പറ്റിയാല്‍ കൂട്ടുകാരെ രക്ഷപ്പെടുത്താനുള്ള സംവിധാനം കൂടെ കരുതണമെന്ന കാര്യം ആളുകളെ  ബോധ്യപ്പെടുത്തുക. ലൈഫ് ബോയ് കിട്ടാനില്ലാത്തവര്‍ വാഹനത്തിന്റെ വീര്‍പ്പിച്ച ട്യൂബില്‍ ഒരു നീണ്ട പ്ലാസ്റ്റിക് കയര്‍ കെട്ടിയാല്‍ പോലും അത്യാവശ്യ സാഹചര്യത്തില്‍ ഉപകാരപ്രദമായിരിക്കും.

8. ഒരു കാരണവശാലും മറ്റൊരാളെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് എടുത്തുചാടരുതെന്ന് എല്ലാവരെയും ബോധവല്‍ക്കരിക്കുക. കയറോ, കമ്പോ, തുണിയോ നീട്ടിക്കൊടുത്തു വലിച്ചുകയറ്റുന്നത് മാത്രമാണ് സുരക്ഷിത മാര്‍ഗം.

9. വെള്ളത്തില്‍ യാത്രയ്ക്കോ കുളിക്കാനോ കളിക്കാനോ പോകുന്ന സ്ത്രീകളും പെണ്‍കുട്ടികളും അവരുടെ വസ്ത്രധാരണത്തില്‍ പ്രത്യേകം ശ്രദ്ധിക്കുക. മിക്കവാറും കേരളീയവസ്ത്രങ്ങള്‍ അപകടം കൂട്ടുന്നവയാണ്. ഒന്നുകില്‍ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിമുട്ടുണ്ടാക്കാത്ത വസ്ത്രങ്ങള്‍ ധരിക്കുക, അല്ലെങ്കില്‍ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധിക്കുക.

10. വെള്ളത്തിലേക്ക് എടുത്തുചാടാതിരിക്കുക. വെള്ളത്തിന്റെ ആഴം ചിലപ്പോള്‍ കാണുന്നതിനേക്കാള്‍ കുറവായിരിക്കാം. ചെളിയില്‍ പൂഴ്ന്നു പോകാം, തല പാറയിലോ മരക്കൊമ്പിലോ ഇടിക്കാം. ഒഴുക്കും ആഴവും മനസ്സിലാക്കി സാവധാനം വെള്ളത്തിലേക്ക്  ഇറങ്ങുന്നതാണ് ശരിയായ രീതി.

11. ഒഴുക്കുള്ള വെള്ളത്തിലും പുഴയിലും ആഴം ഇല്ലാത്തതു കൊണ്ടുമാത്രം കുട്ടികള്‍ സുരക്ഷിതരല്ല. ബാലന്‍സ് തെറ്റി വീണാല്‍ ഒരടി വെള്ളത്തില്‍ പോലും മുങ്ങി മരണം സംഭവിക്കാം.

12. സ്വിമ്മിംഗ് പൂളിലെ ഉപയോഗത്തിനായി കമ്പോളത്തില്‍ കിട്ടുന്ന വായു നിറച്ച റിംഗ്, പൊങ്ങി കിടക്കുന്ന ഫ്ളോട്ട്, കയ്യില്‍ കെട്ടുന്ന ഫ്ളോട്ട് ഇവയൊന്നും പൂര്‍ണ സുരക്ഷ നല്‍കുന്നില്ല. ഇവയുള്ളതുകൊണ്ട് മാത്രം മുതിര്‍ന്നവരുടെ ശ്രദ്ധയില്ലാതെ വെള്ളത്തില്‍ ഇറങ്ങാന്‍ കുട്ടികള്‍ മുതിരരുത്.

13. നേരം ഇരുട്ടിയതിനു ശേഷം ഒരു കാരണവശാലും വെള്ളത്തില്‍ ഇറങ്ങരുത്. അതുപോലെ തിരക്കില്ലാത്ത ബീച്ചിലോ, ആളുകള്‍ അധികം പോകാത്ത തടാകത്തിലോ, പുഴയിലോ പോയി ചാടാന്‍ ശ്രമിക്കരുത്.

14. മദ്യപിച്ചതിന് ശേഷം ഒരിക്കലും വെള്ളത്തില്‍ ഇറങ്ങരുത്. നമ്മുടെ ജഡ്ജ്മെന്റ്‌റ് പൂര്‍ണ്ണമായും തെറ്റുന്ന സമയമാണത്. അനാവശ്യമായ റിസ്‌ക് എടുക്കും, കരകയറാന്‍ പറ്റാതെ വരികയും ചെയ്യും.

15. സുഖമില്ലാത്തപ്പോഴോ മരുന്നുകള്‍ കഴിക്കുമ്പോഴോ വെള്ളത്തില്‍ ഇറങ്ങരുത്.

16. ബോട്ടുകളില്‍ കയറുന്നതിന് മുമ്പ് അതില്‍ സുരക്ഷക്കുള്ള ലൈഫ് വെസ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കുക. 

സുരക്ഷിതമായ ഒരു അവധിക്കാലം ആശംസിക്കുന്നു.

 

Also Read:-സ്‌കൂളിൽ നിന്ന് വിനോദ യാത്രക്ക് പോയ മലപ്പുറം സ്വദേശിയായ വിദ്യാർഥി ഇടുക്കിയിൽ മുങ്ങി മരിച്ചു...

Follow Us:
Download App:
  • android
  • ios