മലയാളികള്‍ക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് നന്ദു മഹാദേവ. കാന്‍സറിനെ മനസാന്നിധ്യം കൊണ്ട് തോല്‍പ്പിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുകയാണ് നന്ദു എന്ന ഈ ചെറുപ്പക്കാരന്‍. ചെറിയ കാര്യങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക് ഊര്‍ജ്ജം പകരുകയാണ് നന്ദു തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ.

ഇനി വെറും നാല് കീമോ മാത്രമേയുള്ളൂ. അതു കഴിയുമ്പോൾ എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യം കിട്ടും. മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു. ഇപ്പോഴുമുണ്ട്..എപ്പോഴും ഞാനതിനെ കളിപ്പിച്ച് രക്ഷപ്പെട്ടിട്ടുമുണ്ട്. ഇത്തവണയും നിസാരമായി അതിനെ കബളിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് നടന്നടുക്കുമെന്ന് നന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

 എത്രയോ കാലങ്ങളായി കഴിക്കുന്ന മോർഫിന്റെ പോലും സഹായമില്ലാതെ വേദന തീരെ ഇല്ലാത്ത അവസ്ഥയിലിരിക്കാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്..ഒരിക്കൽ ഓരോ അവയവങ്ങളായി തളർന്നു പൊയ്ക്കൊണ്ടിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ എത്ര വിസ്മയകരമായ മാറ്റങ്ങളാണെന്നും നന്ദു പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

ചങ്കുകളേ ഇനി വെറും 4 കീമോ മാത്രം !! 
അതു കഴിയുമ്പോൾ എനിക്കും നിങ്ങളെപ്പോലെ സ്വാതന്ത്ര്യം കിട്ടും..!
മരണം പലപ്പോഴും എന്റെ തൊട്ടു മുന്നിലുണ്ടായിരുന്നു..!!
ഇപ്പോഴുമുണ്ട്...
എപ്പോഴും ഞാനതിനെ കളിപ്പിച്ചു രക്ഷപ്പെട്ടിട്ടുമുണ്ട്..!
ഇത്തവണയും നിസാരമായി അതിനെ കബളിപ്പിച്ചു സാധാരണ ജീവിതത്തിലേക്ക് ഞാൻ നടന്നടുക്കും...
ഇപ്പോൾ ചെയ്യുന്ന  ഈ കീമോകൾ കുറച്ചധികം കഠിനമാണ്..
എങ്കിലും അതൊക്കെ ഞാൻ നേരിടും...
കാരണം തിരിച്ചു വരണം എന്നുള്ളത് എന്റെയും നമ്മുടെയും വാശിയാണല്ലോ..
ദേ ഞാൻ അദ്ഭുതകരമായ വേഗതയിൽ തികച്ചും ആരോഗ്യകരമായ സാധാരണ ജീവിതത്തിലേക്ക് വന്നു കൊണ്ടിരിക്കുന്നു..
എത്രയോ കാലങ്ങളായി കഴിക്കുന്ന മോർഫിന്റെ പോലും സഹായമില്ലാതെ വേദന തീരെ ഇല്ലാത്ത അവസ്ഥയിലിരിക്കാൻ എനിക്കിപ്പോൾ കഴിയുന്നുണ്ട്...
ഒരിക്കൽ ഓരോ അവയവങ്ങളായി തളർന്നു പൊയ്ക്കൊണ്ടിരുന്ന എന്നെ സംബന്ധിച്ചിടത്തോളം ഇതൊക്കെ എത്ര വിസ്മയകരമായ മാറ്റങ്ങളാണ് അല്ലേ..!
എന്റെ എല്ലാമായ നിങ്ങളുടെ പ്രാർത്ഥനകളാണ് എന്നെ നിലനിർത്തുന്നത്...
നിങ്ങളുടെ സ്നേഹമാണ് എന്നെ സമ്പന്നനാക്കുന്നത്..
ഫേസ് ബുക്കിൽ ഇങ്ങനെ ഒരു സുഖാന്വേഷണം നടത്തി പോയാൽ അതുകഴിഞ്ഞ് എന്റെ പ്രിയമുള്ളവർക്ക്  വീണ്ടും എന്നെ കാണണമെന്ന് തോന്നുന്നതെപ്പോഴാണെന്ന് എനിക്ക് കൃത്യമായി അറിയാം...
ആ സമയമാകുമ്പോൾ എന്തെങ്കിലും കിന്നാരമൊക്കെ പറഞ്ഞു കൊണ്ട് ഞാൻ ഇതുപോലെ നിങ്ങളടുത്ത് വന്നിരിക്കും..
സാധാരണ ഗതിയിൽ ആത്മാർത്ഥമായി നമുക്ക് കുറച്ചു പേരെ മാത്രം സ്നേഹിക്കാം അതിലുപരി വേണമെങ്കിൽ നമ്മൾ പരിചയപ്പെടുന്നവരെ ഒക്കെയും ആത്മാർത്ഥമായി തന്നെ നമുക്ക് നെഞ്ചിലേറ്റാം...
ഞാൻ ഇതിൽ രണ്ടാമത്തെ വിഭാഗമാണ്..
എനിക്ക് എല്ലാവരോടും എല്ലാത്തിനോടും വല്ലാത്ത മുടിഞ്ഞ സ്നേഹമാണ്...
അത്തരത്തിൽ കെട്ടുറപ്പുള്ള ഊഷ്മളമായ സ്നേഹത്തിന് കൊറേ അത്ഭുത മാന്ത്രിക ശക്തികളുണ്ട്...
അതിന് മുറിവുകൾ ഉണക്കാനുള്ള കഴിവുണ്ട്...
അതിന് പരസ്പരം ഊർജ്ജം പകരാനും ഉയിരു തിരിച്ചു നൽകുവാനും ഒക്കെ ശക്തിയുണ്ട്...
മനസ്സാണ് ഏറ്റവും ശക്തമായ ആയുധവും ഏറ്റവും പ്രധാനപ്പെട്ട ശരീര ഭാഗവും..
അതിന്റെ സ്വാഭാവികത പഠിച്ചാൽ നമ്മൾ വിജയിച്ചു...
പിന്നെ ജീവിതം പരമാനന്ദം..
അതു കൊണ്ടു തന്നെയാകണം എന്റെ കാര്യത്തിൽ ഓരോ പ്രാവശ്യവും മരണം തോൽക്കുകയും എന്റെ പ്രിയമുള്ളവരുടെ പ്രാർത്ഥന ജയിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നത്..!!
ഞാനെത്ര സന്തോഷവാനാണ് എന്നറിയുമോ...!
എന്നെ വിഷമിപ്പിക്കുന്ന ഒരേ ഒരു കാര്യം പലപ്പോഴും ന്റെ പ്രിയപ്പെട്ട നിങ്ങളോടൊക്കെ ഒന്നു നന്നായി മിണ്ടാൻ പോലും കഴിയുന്നില്ലല്ലോ എന്നോർത്തിട്ടാണ്..
ഒരു msg പോലും അയയ്ച്ചു സുഖവിവരങ്ങൾ തിരക്കാനോ എനിക്ക് മെസ്സേജുകൾ അയയ്ക്കുന്ന നിങ്ങൾക്കൊക്കെ എല്ലായ്പ്പോഴും മറുപടി നൽകാനോ ഒന്നിനും കഴിയുന്ന ഒരു ശാരീരിക ആരോഗ്യം കിട്ടുന്നില്ല...
അതിന് കാരണം തുടർച്ചയായ കീമോകളാണ്...
സത്യത്തിൽ ഈ കമന്റ് ബോക്സിൽ നിന്നാണ് എനിക്ക് ഏറ്റവും കൂടുതൽ ബന്ധുക്കളെ കിട്ടിയിട്ടുള്ളത്...
ന്റെ ചങ്കുകളുടെ വിശേഷങ്ങൾ അറിയുന്നതും നിങ്ങൾക്ക് സുഖമാണെന്നു മനസ്സിലാക്കുന്നതും അതുപോലെ എത്രയെത്ര ആഴത്തിൽ ഓരോരുത്തരും എന്നെ സ്നേഹിക്കുന്നു എന്നോട് എന്തേലും പരിഭവം ഉണ്ടോ തുടങ്ങിയ കാര്യങ്ങളൊക്കെ എനിക്ക് പറഞ്ഞു തരുന്നത് സ്‌നേഹമൂറുന്ന നിങ്ങളുടെ കമന്റുകളാണ്..
എന്റെ ഊഷ്മളമായ സ്നേഹം ഒരിക്കൽ കൂടി ഓരോരുത്തരെയും അറിയിക്കുന്നു ..
സുഖമല്ലേ പ്രിയരേ നിങ്ങൾക്ക്...
ഞാനിവിടെ ഉഷാറാണ് കേട്ടോ...
ഫോട്ടോ കണ്ടിട്ട് തുണിക്കടയിലെ പ്രതിമയാണോ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു...
അനുഭവിക്കൂ... ആശീർവദിക്കൂ ...

'ഹൃദയങ്ങളേ, ഇന്ന് എന്റെ പിറന്നാളാണ്, ഈ ദിനത്തിൽ ഒരു സന്തോഷ വാർത്ത അറിയിക്കട്ടെ'; നന്ദുവിന്റെ കുറിപ്പ്