പിറന്നാള്‍ ദിനത്തില്‍ പഴയകാലചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയെന്നത് പുതിയ കാലത്തെ ഒരു ട്രെന്‍ഡാണ്. സിനിമാതാരങ്ങളും, രാഷ്ട്രീയക്കാരും അങ്ങനെ പ്രശസ്തര്‍ വരെ ഇത്തരത്തില്‍ ഓര്‍മ്മകള്‍ പങ്കുവയ്ക്കാറുണ്ട്. 

ഓരോ കാലത്തേയും സുഹൃത്തുക്കള്‍ അതത് കാലങ്ങളിലെ ഒരുമിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ആശംസയ്‌ക്കൊപ്പം പോസ്റ്റ് ചെയ്യുന്നതും പുതിയ തരംഗമാണ്. അത്തരത്തില്‍ ഇന്ന് പിറന്നാളാഘോഷിക്കുന്ന പ്രശസ്തനായ ഒരാള്‍ പങ്കുവച്ച ചിത്രമാണ് മുകളില്‍ കണ്ടത്. 

കട്ടിയുള്ള താടിയും, അല്‍പം ചുരുണ്ട കറുമ്പന്‍ മുടിയും, കള്ളച്ചിരിയും, ഒരു സാധാരണക്കാരനെ ഓര്‍മ്മിപ്പിക്കും പോലെ കഴുത്തിലൊരു തോര്‍ത്തുമെല്ലാമായി കൈനീട്ടിയിരിക്കുന്ന ഈ ആളാരാണെന്ന് നിങ്ങള്‍ക്ക് മനസിലായോ? 

അതെ, ഇന്ന് 69ാമത് പിറന്നാളാഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതാണ് ഈ ചിത്രം. ഓര്‍മ്മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട് ഒരുപിടി പഴയകാല ചിത്രങ്ങളാണ് ഇന്ന് മോദി ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. പലയിടങ്ങളില്‍ നിന്നായി പല സുഹൃത്തുക്കളും അയച്ചുതന്ന ചിത്രങ്ങളാണ് എന്ന കുറിപ്പോടെയാണ് അദ്ദേഹം ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്. 

മുപ്പതുകളിലെ ഊര്‍ജ്ജസ്വലനായ മോദി മുതല്‍ തിരക്കുപിടിച്ച നേതാവാകുന്നത് വരെയുള്ള ചിത്രങ്ങളുണ്ട് ഇക്കൂട്ടത്തില്‍. ട്വീറ്റിനോട് പ്രതികരിച്ച് നിരവധി പേര്‍ മോദിയുടെ വിവിധ കാലങ്ങളിലെ ചിത്രങ്ങള്‍ പങ്കുവച്ചു. കൗമാരകാലത്തേയും യൗവ്വനകാലത്തേയുമെല്ലാം മോദിയെ ഇതില്‍ കാണാം.