ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങുമായി അനൗപചാരിക കൂടിക്കാഴ്ചയ്ക്ക് തമിഴ്‌നാട്ടിലെ മഹാബലിപുരത്തെത്തിയതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിനിടെ മഹാബലിപുരത്തെ കടല്‍ത്തീരത്ത് മോദി നടത്തിയ പ്രഭാതനടത്തവും സ്വച്ഛഭാരത് പ്രവര്‍ത്തനങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. 

തീരത്തെ ചപ്പുചവറുകള്‍ പെറുക്കി, സഞ്ചിയിലാക്കി തീരം വൃത്തിയാക്കുന്ന തന്റെ വീഡിയോ മോദി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. തുടര്‍ന്ന് പ്രഭാതനടത്തത്തിന് ശേഷം കടല്‍ത്തീരത്തെ പാറക്കെട്ടുകളിലിരുന്ന് വിശ്രമിക്കുന്ന മോദിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലാകെ വൈറലായി. അങ്ങനെ കടലിനെ അഭിമുഖീകരിച്ചിരുന്നപ്പോള്‍ മനസിലുദിച്ച ആശയങ്ങളെ കവിതയാക്കിയിരിക്കുകയാണ് മോദി.

കടലിനെപ്പറ്റിത്തന്നെയാണ് കവിത. 'ഹേ സാഗര്‍...' എന്ന് തുടങ്ങുന്ന കവിത ഹിന്ദിയിലാണെഴുതിയിരിക്കുന്നത്. കടലിന് സൂര്യനോടും തിരകളോടുമുള്ള ബന്ധമാണ് കവിതയുടെ ഇതിവൃത്തമായി വന്നിരിക്കുന്നത്. എഴുതിക്കഴിഞ്ഞ കവിത തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവച്ചിട്ടുമുണ്ട്. തന്റെ വൈകാരിക ലോകത്തെ സംഭാഷണമെന്നാണ് ഈ കവിതയെ മോദി വിശേഷിപ്പിക്കുന്നത്. 

പോസ്റ്റ് ചെയ്ത് അധികം വൈകാതെ തന്നെ മോദിയുടെ കവിതയ്ക്കും സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മുമ്പും താന്‍ കവിതകളെഴുതാറുണ്ടെന്നും, അതിന് വേണ്ടി പ്രത്യേകം സമയം കണ്ടെത്താറുണ്ടെന്നും അഭിമുഖങ്ങളിലൂടെ മോദി പറഞ്ഞിരുന്നു. ചില അഭിമുഖങ്ങളില്‍ അദ്ദേഹം തന്റെ കവിത ചൊല്ലുകയും ചെയ്തിട്ടുണ്ട്.