ആധുനിക സൗന്ദര്യസംരക്ഷണ രംഗത്ത്, പ്രത്യേകിച്ച് ജെൻസികൾക്കിടയിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് 'ലിംഫറ്റിക് ഡ്രെയിനേജ്' മസാജ്. ഹോളിവുഡ് താരങ്ങളും പ്രശസ്ത മോഡലുകളും തങ്ങളുടെ ചർമ്മത്തിന്റെ തിളക്കം നിലനിർത്താൻ ആശ്രയിക്കുന്ന ഈ രീതിയാണ്.
രാത്രി വൈകി ഇരുന്നാണോ നിങ്ങളുടെ സ്ക്രോളിംഗ്? രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്ത് ആകെ ഒരു തടിപ്പും ഉറക്കച്ചടവും തോന്നുന്നുണ്ടോ? എങ്കിൽ നിങ്ങൾക്ക് വേണ്ടത് ഒരു മാന്ത്രിക വിദ്യയല്ല, മറിച്ച് സിമ്പിളായ 'ലിംഫറ്റിക് ഡ്രെയിനേജ്' മസാജാണ്. ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ഈ സ്കിൻകെയർ രീതി വെറും ഷോയല്ല, മുടിഞ്ഞ റിസൾട്ട് നൽകുന്ന സംഗതിയാണ്..
എന്താണ് ലിംഫറ്റിക് ഡ്രെയിനേജ്' മസാജ്
ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ ഭാഗമായ ലിംഫറ്റിക് വ്യൂഹത്തെ ഉത്തേജിപ്പിക്കുന്ന ഒരു ചികിത്സാരീതിയാണിത്. കോശങ്ങൾക്കിടയിൽ കെട്ടിക്കിടക്കുന്ന അധിക ദ്രാവകങ്ങളെയും വിഷാംശങ്ങളെയും നീക്കം ചെയ്യാൻ ഈ മസാജ് സഹായിക്കുന്നു. മുഖത്തെ നീർക്കെട്ട് കുറയ്ക്കാനും രക്തയോട്ടം വർദ്ധിപ്പിക്കാനും ഇത് അത്യന്താപേക്ഷിതമാണ്.
ഇത് എങ്ങനെ ചെയ്യാം?
- ചർമ്മം വൃത്തിയാക്കിയ ശേഷം ഒരു നല്ല ഫേഷ്യൽ ഓയിലോ സെറമോ കയ്യിൽ കരുതുക. എന്നിട്ട് താഴെ പറയുന്ന സ്റ്റെപ്പുകൾ ഫോളോ ചെയ്യുക:
- കഴുത്തിന്റെ വശങ്ങളിൽ നിന്ന് തുടങ്ങി കോളർ ബോണിന്റെ ഭാഗത്തേക്ക് മൃദുവായി തടവുക. ലിംഫ് ദ്രാവകങ്ങൾ പുറന്തള്ളപ്പെടുന്നത് ഈ ഭാഗത്തു കൂടിയാണ്.
- താടിയുടെ മധ്യഭാഗത്ത് നിന്ന് താടിയെല്ലിലൂടെ ചെവിക്ക് പിന്നിലേക്ക് മസാജ് ചെയ്യുക. ഇത് താടിയെല്ലിന് കൂടുതൽ വ്യക്തത നൽകാൻ സഹായിക്കും.
- കണ്ണുകൾക്ക് താഴെ വളരെ മൃദുവായി ഉൾഭാഗത്ത് നിന്ന് പുറത്തേക്ക് തടവുക. കവിളുകളിൽ മൂക്കിന്റെ വശങ്ങളിൽ നിന്ന് ചെവിയുടെ ഭാഗത്തേക്ക് മുകളിലോട്ടായി വിരലുകൾ ചലിപ്പിക്കുക.
ഇത് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്:
- മൃദുവായ സ്പർശനം: പേശികൾക്ക് നൽകുന്ന മസാജ് പോലെയല്ല ഇത്. ചർമ്മത്തിന് തൊട്ടുതാഴെയുള്ള ദ്രാവകങ്ങളെ ചലിപ്പിക്കാനായി വളരെ കുറഞ്ഞ സമ്മർദ്ദം മാത്രമേ നൽകാവൂ.
- എപ്പോഴും മുഖത്തിന്റെ മധ്യഭാഗത്ത് നിന്ന് വശങ്ങളിലേക്കും താഴെ കഴുത്തിന്റെ ഭാഗത്തേക്കുമാണ് മസാജ് ചെയ്യേണ്ടത്.
- മസാജിന് ശേഷം ശരീരത്തിലെ വിഷാംശങ്ങൾ വേഗത്തിൽ പുറന്തള്ളാൻ ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്.
രാവിലെ എഴുന്നേൽക്കുമ്പോൾ മുഖത്തുണ്ടാകുന്ന തടിപ്പ് മാറ്റാനും ചർമ്മത്തിന് പ്രകൃതിദത്തമായ തിളക്കം നൽകാനും ദിവസവും 5 മുതൽ 10 മിനിറ്റ് വരെ നീളുന്ന ഈ പ്രക്രിയ സഹായിക്കും. കൃത്രിമ മാർഗ്ഗങ്ങളേക്കാൾ പ്രകൃതിദത്തമായ ചർമ്മസംരക്ഷണത്തിന് മുൻഗണന നൽകുന്ന പുതുതലമുറയ്ക്ക് ഈ രീതി ഏറെ അനുയോജ്യമാണ്.


