വെളുത്ത പോത്ത് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നിങ്ങളില്‍ പലരും അതിശയപ്പെട്ടേക്കാം. വെളുത്ത നിറത്തില്‍ പോത്തോ എന്ന്. അതെ സത്യമാണ്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ അതില്‍ വിരളമായി സംഭവിക്കുന്ന ഒരു പ്രതിഭാസം ആണ് 'വെളുത്ത പോത്ത്'. 

ശാസ്ത്രീയമായി ഇതിന് പല കാരണങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ശരീരത്തിന് നിറം നല്‍കുന്ന പദാര്‍ത്ഥത്തിന്റെ അളവിലുള്ള വ്യതിയാനം മുതല്‍ ജിതക ഘടങ്ങള്‍ വരെ. എന്നാല്‍ ചിലയിടങ്ങളില്‍ ഇത്തരത്തില്‍ വെളുത്ത പോത്ത് ജനിക്കുന്നത് ഐശ്വര്യസൂചകമായാണ് കണക്കാക്കപ്പെടുന്നത്. 

അത്തരത്തില്‍ ശ്രദ്ധേയമാവുകയാണ് മൊണ്ടാനയില്‍ അടുത്തിടെ ജനിച്ച വെളുത്ത പോത്ത്. മോശം കാലഘട്ടത്തിലെ മോശം പ്രവണതകളെ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിക്കൊണ്ടാണ് വെളുത്ത പോത്തിന്റെ ജനനം എന്നാണ് മൊണ്ടാനയിലെ ഗോത്രവര്‍ഗക്കാര്‍ വിശ്വസിക്കുന്നത്. 

അതനുസരിച്ച് സമുദായത്തിനകത്ത് മാറ്റങ്ങള്‍ വരുത്താന്‍ വേണ്ടിയുള്ള ശ്രമങ്ങള്‍ ആരംഭിക്കാനാണ് ഇവരുടെ തീരുമാനം. ഇതിനിടെ സമുദായക്കാര്‍ ചേര്‍ന്ന് വെളുത്ത പോത്തിന് ആദരവര്‍പ്പിക്കാന്‍ ഒരു സ്വീകരണവും നടത്തി. ഇതും വാര്‍ത്തകളില്‍ ഏറെ ഇടം നേടിയ സംഭവമായിരുന്നു. 

മുമ്പ് 1933ല്‍ മൊണ്ടാനയില്‍ ഇതുപോലൊരു വെളുത്ത പോത്ത് ജനിച്ചിരുന്നുവത്രേ. നീലക്കണ്ണുകളോടുകൂടിയ ആ പോത്തിനെ ഇവിത്തുകാര്‍ ആരാധിച്ചിരുന്നതായാണ് ചരിത്രം. ഒടുവില്‍ അത് ചത്തപ്പോള്‍ അതിന്റെ ശരീരം, സ്റ്റഫ് ചെയ്ത് ചരിത്ര സ്മാകമാക്കി മൊണ്ടാനക്കാര്‍ സൂക്ഷിക്കുകയും ചെയ്തു. അതിന് ശേഷം ആദ്യമായാണ് വീണ്ടും സമുദായക്കാരുടെ ഫാമുകളില്‍ നിന്നായി ഒരു വെളുത്ത പോത്ത് ഉണ്ടായിരിക്കുന്നത്.

Also Read:- ആനയെ 'പേടിപ്പിക്കുന്ന' കാട്ടുപോത്ത് കുഞ്ഞ്, കണ്ട് പിന്നാലെ പാഞ്ഞ് അമ്മ പോത്ത്...