മുഖത്തെ അമിതമായ രോമ വളര്‍ച്ച പല സ്ത്രീകളെയും  അലട്ടുന്ന പ്രശ്നമാണ്. പാർലറിൽ പോയി ചെയ്യുന്ന 'വാക്സിംങ്' വേദനാജനകമായത് കൊണ്ട് അത് ചെയ്യാന്‍ പലരും മടിക്കാറുമുണ്ട്. അത്തരക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ചെയ്തുനോക്കാവുന്നതാണ് പപ്പായ കൊണ്ടുള്ള ഈ ഫേസ് പാക്ക്. 

നിരവധി ഗുണങ്ങളുള്ള ഒരു ഫലമാണ് പപ്പായ. വൈറ്റമിനുമകളുടെയും ധാതുക്കളുടെയും നാരുകളുടെയും കലവറയാണ് പപ്പായ. ഇതിൽ വൈറ്റമിൻ എയും ബിയും സിയും ധാരാളമടങ്ങിയിട്ടുമുണ്ട്. പപ്പായ കഴിക്കാന്‍ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. 

പപ്പായയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ എയും 'പപ്പൈന്‍' എന്‍സൈമും മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പപ്പായയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റ് ചര്‍മ്മത്തിലെ ചുളിവുകളെ തടയുന്നു. കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, മുഖക്കുരു, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട് എന്നിവ മാറ്റാനും മുഖകാന്തി കൂട്ടാനും വളരെ നല്ലതാണ് പപ്പായ. 

മുഖത്തെ അമിതമായ രോമ വളര്‍ച്ച മാറ്റാന്‍ പപ്പായ കൊണ്ടുള്ള ഈ ഫേസ് പാക്ക് പരിചയപ്പെടാം...

പപ്പായ ചെറിയ പല കഷണങ്ങളായി മുറിച്ച് മിക്സിയിലിട്ട് നന്നായി അടിക്കുക. ശേഷം അതിലേക്ക് അര ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്ത് പുരട്ടി നന്നായി മസാജ് ചെയ്യുക. 20  മിനിറ്റിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയാം. ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയ്യുന്നത് മുഖത്തെ അമിതമായ രോമവളര്‍ച്ച മാറാന്‍ സഹായിക്കും. 

അതുപോലെ തന്നെ,  ഒരു ടീസ്പൂൺ പഞ്ചസാരയിൽ ഒരു ടീസ്പൂൺ തേൻ ചേർത്ത് യോജിപ്പിച്ച് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം നന്നായി മസാജ് ചെയ്ത് കഴുകി കളയാം. മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ  ഇത് സഹായിക്കും. 

 

പപ്പായ കൊണ്ടുള്ള മറ്റ്  ചില ഫേസ് പാക്കുകള്‍ പരിചയപ്പെടാം...

ഒന്ന്...

പപ്പായ നാലായി മുറിച്ചതിന് ശേഷം അതില്‍ നിന്ന് ഒരു ഭാഗം എടുക്കുക. ശേഷം ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും പപ്പായയും ചേര്‍ത്ത് മിശ്രിതമാക്കുക. ഇത് മുഖത്ത് പുരട്ടി 30 മിനിറ്റിന് ശേഷം കഴുകി കളയാം. മുഖക്കുരു മാറാന്‍ ഏറ്റവും നല്ല ഫേസ് പാക്കാണിത്. 

രണ്ട്...

പപ്പായയും മുട്ടയുടെ ഒരു വെള്ളയും ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം പത്ത് മിനിറ്റ് മുഖത്തിടാം. ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. 

മൂന്ന്...

പപ്പായ, നാരങ്ങാ നീര്, തേന്‍, തൈര്, മുട്ടയുടെ വെള്ള എന്നിവ നല്ല പോലെ ചേര്‍ത്ത് മിശ്രിതമാക്കുക. 20 മിനിറ്റ് വരെ ഈ മിശ്രിതം മുഖത്തിടാം. ശേഷം കഴുകി കളയാം. കണ്ണിന് താഴെയുള്ള കറുത്ത പാട് മാറ്റാന്‍ ഇത് സഹായിക്കും. 

നാല്...

ചെറിയ കഷണം പപ്പായയും വെള്ളരിക്കയുടെ പകുതിയും പഴം ചെറുതായി അരിഞ്ഞത് നാല് കഷണവും കൂടി ചേര്‍ത്ത് മിശ്രിതമാക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടാം. പതിനഞ്ച് മിനിറ്റിന് ശേഷം കഴുകി കളയാം.

അഞ്ച്...

പപ്പായയും തക്കാളിനീരും ചേര്‍ത്തുളള മിശ്രിതം മുഖത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് മാറാന്‍ സഹായിക്കും. 

ആറ്...

പപ്പായ, അവക്കാഡോ, ഒലീവ് ഓയില്‍ എന്നിവ ചേര്‍ത്ത മിശ്രിതം 15 മിനിറ്റ് മുഖത്തിടുക. ശേഷം‌ ചെറുചൂടുവെള്ളത്തില്‍ കഴുകി കളയാം.

 

Also Read: മുഖം തിളങ്ങാൻ ആറ് ബീറ്റ്റൂട്ട് ഫേസ് പാക്കുകൾ...