കുഞ്ഞ് ജനിക്കുന്നതിന് 30 സെക്കന്റ് മുമ്പാണ് മൈക്കിളും മരിയയും വിവാഹിതരായ‌ത്. മോറിസ്ടൗണിലെ മെഡിക്കൽ സെന്ററിൽ മെയ് 27നാണ് ഇരുവരും വിവാഹിതരായതെന്ന് എൻബിസി ന്യൂയോർക്ക് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. മരിയ ആദ്യത്തെ കുഞ്ഞിന് ജന്മം നൽകുന്നതിന് മുമ്പ് വിവാഹം ചെയ്യണമെന്നുള്ളത് വളരെ പെട്ടെന്നുണ്ടായ തീരുമാനമായിരുന്നുവെന്ന് മൈക്കിൾ പറഞ്ഞു. 

 കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ രക്ഷിതാക്കൾ പ്രതിശ്രുതവരനും വധുവുമാണെന്ന് രേഖപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ഇവർ ഈ തീരുമാനമെടുത്തത്. സിസേറിയന് കയറ്റുന്നതിന് 30 സെക്കന്റ് മുമ്പായിരുന്നു പുരോഹിതൻ ഇവരുടെ വിവാഹം നടത്തിയത്. വളരെ അടുത്ത സുഹൃത്തുക്കളും ചില ബന്ധുക്കളും മാത്രമാണ് വിവാഹ സമയത്ത് ഉണ്ടായിരുന്നതെന്ന് മെെക്കിൾ പറയുന്നു.

സാധാരണ വിവാഹങ്ങളിലേത് പോലെ പൂക്കളും വിവാഹ വാഗ്ദാനവുമൊക്കെ ഉണ്ടായിരുന്നുവെന്നും മെെക്കിൾ പറയുന്നു. സിസേറിയന് പോകുന്നതിന് മുമ്പ് വിവാഹശേഷമുള്ള ആദ്യ ചുംബനവും ഇവർ കൈമാറി. വിവാഹം കഴിഞ്ഞ് 30 സെക്കന്റിനുള്ളിൽ മരിയയെ ഓപ്പറേഷൻ തീയറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 

ഉടൻ തന്നെ അടിയന്തരമായി സിസേറിയൻ നടത്തി. വിവാഹത്തെ കുറിച്ച് ഞങ്ങൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല. അപ്രതീക്ഷിതമായ തീരുമാനമായിരുന്നു ഇത്. അതിമനോഹരമായിരുന്നു ആ നിമിഷമെന്നും മരിയ വളരെ സന്തോഷത്തിലാണെന്നും മെെക്കിൾ പറഞ്ഞു. മരിയ ആൺകുഞ്ഞിന് ജന്മം നൽകിയെന്നും അമ്മയും കുഞ്ഞും സുഖമായി‌രിക്കുന്നുവെന്നും മെെക്കിൾ പറഞ്ഞു.