വിവാഹിതരാകാന്‍ പോകുന്ന യുവതീയുവാക്കളെ സാധാരണഗതിയില്‍ വീട്ടിലെ മുതിര്‍ന്നവരോ വിവാഹിതരായ ബന്ധുക്കളോ എല്ലാം ഉപദേശിക്കാറുണ്ട്. എന്നാല്‍ അവരുടെയെല്ലാം ഉപദേശങ്ങള്‍ എത്രമാത്രം ആരോഗ്യകരമായിരിക്കും എന്ന് ചിന്തിക്കാറുണ്ടോ? 

പലപ്പോഴും വീട്ടുകാരുടെയും ബന്ധുക്കളുടെയും പരിചയക്കാരുടെയും ഉപദേശങ്ങളൊന്നും തന്നെ വിവാഹജീവിതത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകണമെന്നില്ലെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നത്. ചില അവസരങ്ങളില്‍ ഗുണകരമാകില്ലെന്ന് മാത്രമല്ല വളരെയധികം അപകടം പിടിച്ചതുമാകാമത്രേ ഈ ഉപദേശങ്ങള്‍. അത്തരത്തില്‍ അപകടം പിടിച്ച നാല് ഉപദേശങ്ങളെക്കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്. 

ഒന്ന്...

വിവാഹജീവിതത്തില്‍ ലൈംഗികതയ്ക്കുള്ള പങ്ക് നമുക്കെല്ലാം അറിയാം. എന്നാല്‍ വിവാഹിതരാകാന്‍ പോകുന്നവരോട് ചിലരെങ്കിലും 'ലൈംഗികതയൊന്നും അത്ര പ്രധാനമല്ല, അതില്‍ കുറവുകളുണ്ടായാലും അഡ്ജസ്റ്റ്' ചെയ്യണം എന്ന ഉപദേശം നല്‍കാറുണ്ട്. ഈ ഉപദേശം ഒരിക്കലും സ്വീകരിക്കരുതെന്നാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. 

ലൈംഗികജീവിതത്തില്‍ വിവാഹജീവിതത്തിന്റെ തുടക്കത്തില്‍ വിഷമതകള്‍ ഉണ്ടായേക്കാം. ഇതെല്ലാം പരസ്പരം തുറന്ന് ചര്‍ച്ച ചെയ്തും, പരസ്പരം ഉള്‍ക്കൊണ്ടും കൈകാര്യം ചെയ്ത് തന്നെ മുന്നോട്ട് പോകണം. അല്ലാത്ത പക്ഷം നിത്യമായ അസംതൃപ്തിയിലേക്കും ക്രമേണ ബന്ധത്തിലെ അകല്‍ച്ചയിലേക്കും ഇത് നയിച്ചേക്കാം. 

രണ്ട്...

വിവാഹിതരാകാന്‍ പോകുന്നവരോടും, പുതുതായി വിവാഹതിരായവരോടും ചിലര്‍ പറയുന്നത് കേള്‍ക്കാം, 'ഒരുമിച്ചുള്ള സമയമത്രയും സ്‌പെഷ്യല്‍ ആക്കണം' എന്ന്. ഇത് ഒരു മണ്ടന്‍ ഉപദേശമാണെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നമ്മളെല്ലാം സാധാരണ മനുഷ്യരാണ്. എല്ലാ ദിവസവും രാത്രിയില്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നറൊരുക്കാനും, ഒരുങ്ങിനില്‍ക്കാനും, എപ്പോഴും സര്‍പ്രൈസുകള്‍ നല്‍കാനും, യാത്ര പോകാനുമെല്ലാം നമുക്കെല്ലാവര്‍ക്കും ഒരുപോലെ സാധിക്കണമെന്നില്ല. 

അതിനാല്‍ നിത്യജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ വരെ ആസ്വദിച്ച്, ഒരുമിച്ച് ചെയ്യാന്‍ ശ്രമിക്കുക. അവയെല്ലാം തന്നെ സ്‌പെഷ്യലായി കരുതാനാകണം. ഉദാഹരണം, അടുക്കളയിലെ ജോലി, വീട് വൃത്തിയാക്കുന്നത്... 

മൂന്ന്...

'എന്ത് പ്രശ്‌നമുണ്ടായാല്‍ അച്ഛനേയും അമ്മയേയും വിളിച്ചാല്‍ മതി അവര് പരിഹരിച്ചോളും' എന്ന ഉപദേശം നല്‍കുന്നവരും കുറവല്ല. ചില അവസരങ്ങളില്‍ അച്ഛനമ്മമാര്‍ തന്നെ ഇക്കാര്യം പറയും. എന്നാല്‍ കഴിവതും ദാമ്പത്യത്തിലെ പ്രശ്‌നങ്ങള്‍ പരസ്പരം സംസാരിച്ച് ശരിയാക്കാന്‍ നോക്കണമെന്നും മാതാപിതാക്കളുടെ അടുത്തേക്ക് പ്രശ്‌നപരിഹാരത്തിന് ഓടരുത് എന്നുമാണ് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ക്ക് ഉപദേശിക്കാനുള്ളത്. 

രണ്ടുപേര്‍ തമ്മില്‍ ഒത്തുപോകാന്‍ ഒരിക്കലും പറ്റുന്നില്ലെന്ന് തോന്നിയാല്‍ അല്‍പം ഒന്ന് മാറിനില്‍ക്കാം. ഈ സമയത്തിനിടയ്ക്ക് കുഞ്ഞ് വേണ്ടെന്നും തീരുമാനിക്കണം. താല്‍ക്കാലികമായ അകല്‍ച്ചയെ പോലും മോശമായി ചിത്രീകരിക്കുന്ന വ്യവസ്ഥിതിയാണ് നമ്മുടേത്. എന്നാല്‍ ഒരു 'റീഫ്രഷ്‌മെന്റ്' പലപ്പോഴും നല്ലതിനേ ഉപകരിക്കൂ. എന്നിട്ടും കൂടിച്ചേരാന്‍ പറ്റാത്തവര്‍ പിരിയുന്നതാണ് നല്ലതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അല്ലെങ്കില്‍ എപ്പോഴും അതേ അസംതൃപ്തി അവര്‍ നേരിട്ടേക്കുമത്രേ. 

നാല്...

വിവാഹജീവിതത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കാന്‍ ഒരിക്കലും കൗണ്‍സിലര്‍മാരെ ആശ്രയിക്കരുത് എന്ന ഉപദേശവും ഒരുപക്ഷേ പുതുതായി വിവാഹിതരായവര്‍ കേട്ടിരിക്കാം. എന്നാല്‍ കുടുംബത്തിലുള്ള അംഗങ്ങളെയോ മാതാപിതാക്കളെയോ പ്രശ്‌നപരിഹാരത്തിനായി സമീപിക്കുന്നതിനേക്കാള്‍ നല്ലത്, മികച്ച കൗണ്‍സിലര്‍മാരെ സമീപിക്കുന്നത് തന്നെയാണെന്ന് റിലേഷന്‍ഷിപ്പ് വിദഗ്ധര്‍ പറയുന്നു. 

വിയോജിപ്പുകള്‍ പറഞ്ഞ്, തര്‍ക്കമായി പലപ്പോഴും പരസ്പരം ഒന്നും പറയാനാകാത്ത സാഹചര്യം പോലും വന്നേക്കാം. അത്തരമൊരു സന്ദര്‍ഭത്തില്‍ നടുക്ക് നിര്‍ത്താന്‍ തെരഞ്ഞെടുക്കുന്നത് അത്രമാത്രം ആത്മവിശ്വാസം നമുക്ക് തോന്നുന്ന ഒരാളായിരിക്കണം. അവര്‍ക്കത് കൈകാര്യം ചെയ്യാനാകുമെന്ന് നമുക്ക് തോന്നണം. കൂടാതെ നിഷ്പക്ഷമായി അവര്‍ ഇടപെടുമെന്ന് രണ്ട് പേരിലും വിശ്വാസ്യതയും വേണം. 

രണ്ടുപേര്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ ചില്ലറ അഭിപ്രായ വ്യത്യാസങ്ങളും പിണക്കങ്ങളുമെല്ലാം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തുറന്ന മനസോടെ, പരമാവധി ഈഗോ മാറ്റിവച്ച് പരസ്പരം അക്കാര്യങ്ങള്‍ സംസാരിക്കുകയും, ആവശ്യമെങ്കില്‍ പരസ്പരം ക്ഷമ ചോദിക്കുകയുമെല്ലാം ആവാമെന്നും ഇവര്‍ സൂചിപ്പിക്കുന്നു. അതല്ലാത്ത പക്ഷം എന്നെന്നേക്കുമായ വിള്ളല്‍ ബന്ധത്തിലുണ്ടായേക്കുമെന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു.