വിവാഹത്തിന് വേണ്ടി എങ്ങനെയൊക്കെ പണം ചെലവഴിക്കാം എന്നു ചിന്തിക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തരാവുകയാണ് ഇവിടെയൊരു ദമ്പതികള്‍. 

ചെലവ് കുറച്ചുകൊണ്ട് പൊതുഗതാഗതമാർഗം വിവാഹയാത്രയ്ക്കും ഉപയോഗപ്പെടുത്താമെന്ന് കാണിക്കുകയാണ് നവ വധൂവരന്മാരായ ഷിബുവും ഐശ്വര്യയും. കണ്ണൂരിലെ ഐശ്വര്യയുടെ വീട്ടിലേക്ക് വിവാഹത്തിന് പോയതും നവവധുവുമായി ഷിബുവിന്റെ തിരിച്ചുള്ള യാത്രയും തീവണ്ടിയിലായിരുന്നു. 

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ്സിലായിരുന്നു വധുവിന്‍റെ നാട്ടിലേക്കുള്ള യാത്ര. 60 പേരാണ്  ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്രചെയ്ത് വിവാഹത്തിൽ പങ്കെടുത്തത്. തിരിച്ചുളള യാത്ര കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ്സിലുമായിരുന്നു. വിവാഹവേഷത്തിൽ ഇരുവരെയും തീവണ്ടിയിൽ കണ്ടത് മറ്റ് യാത്രക്കാർക്ക് കൗതുകമായി. ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. 

ഷൊർണൂർ ത്രാങ്ങാലി ചിറയിൽ ഗോപാലകൃഷ്ണന്‍റെയും ബേബി ഉഷയുടെയും മകനായ ഷിബു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ നഴ്‌സാണ്. കണ്ണൂർ മട്ടന്നൂർ ചാവശ്ശേരി ഐശ്വര്യനിവാസിൽ മാധവന്റെയും ഉദയകുമാരിയുടെയും മകൾ ഐശ്വര്യ മിലിറ്ററി നഴ്‌സാണ്.