വിമര്‍ശനങ്ങളും കൈയടികളും നേടി വ്യത്യസ്ത രീതികളിലുള്ള വിവാഹ ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകാന്‍ തുടങ്ങിയിട്ട് കുറച്ചധികം നാളായി. എന്നാല്‍ വിവാഹ ഫോട്ടോഷൂട്ടുകള്‍ ചിലപ്പോഴൊക്കെ അതിര് കടക്കുന്നുണ്ട് എന്നാണ് ഈ വീഡിയോ കണ്ട ആളുകളുടെ പ്രതികരണം. വിവാഹ ഫോട്ടോഷൂട്ടിനിടെ തിരമാലയടിച്ച് കടലിലേക്ക് വീണ വധൂവരന്മാരുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. തലനാരിഴയ്ക്കാണ്  വധൂവരന്മാർ  രക്ഷപ്പെട്ടത്.

കാലിഫോർണിയയിലെ ലാഗുന ബീച്ചിലാണ് സംഭവം നടന്നത്. ചിത്രങ്ങളെടുക്കാനായി വധൂവരന്മാർ പാറക്കെട്ടില്‍ നില്‍ക്കുമ്പോഴാണ് തിരമാല അടിച്ചു കയറിയത്. നിയന്ത്രണം നഷ്ടപ്പെട്ട ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. കൃത്യസമയത്ത് തന്നെ രക്ഷാസംഘം എത്തിയതിനാലാണ് ഇരുവരെയും രക്ഷിക്കാനായത്. ഇരുവർക്കും പരുക്കുകളില്ലെന്നാണ് ഡെയ്ലി മെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.

ബീച്ചിലുണ്ടായിരുന്ന ഒരാള്‍ പകര്‍ത്തിയ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. വിമര്‍ശിച്ചുകൊണ്ട് നിരവധി കമന്‍റുകളും വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്. 

 

 

കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് മാസം അടച്ചിട്ട ശേഷമാണ് ബീച്ച് തുറന്നത്. അതേസമയം, സാമൂഹിക അകലവും മറ്റ് മുന്‍കരുതലുകളും പലരും പാലിക്കുന്നില്ലെന്ന കാരണത്താല്‍ ഇന്ന് (ജൂലൈ 4) മുതൽ വീണ്ടും ബീച്ച് അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. 

Also Read: 'ഇത് കേരളത്തിലെ ആദ്യത്തെ ഔട്ട്ഡോർ ന്യൂഡ് മെറ്റേണിറ്റി ഫോട്ടോഷൂട്ട്'