ലോകത്തിലെ ഏറ്റവും നീളമുള്ള മുടിക്കുടമ എന്ന ​ഗിന്നസ് റെക്കോർഡ് ​ഗുജറാത്തിലെ മൊഡാസ സ്വദേശിനിയായ നീലാൻഷി പട്ടേൽ എന്ന കൗമാരക്കാരിയാണ്. മൂന്നു വർഷം മുമ്പാണ് നീലാൻഷി ഈ റെക്കോർഡ് സ്വന്തം പേരിലാക്കിയത്.  എന്നാൽ തന്നെ റെക്കോർഡിലെത്തിച്ച മുടി വെട്ടിയിരിക്കുകയാണ് ഇപ്പോൾ നീലാൻഷി. നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് പതിനെട്ടുകാരിയായ നീലാൻഷി മുടി മുറിക്കാൻ തീരുമാനിച്ചത്. റെക്കോർഡ് നേടുന്ന സമയത്ത് 170.5 സെന്റീമീറ്ററായിരുന്നു മുടിയുടെ നീളം. ഏറ്റവുമൊടുവിൽ 2020 ജൂലൈ മാസത്തിൽ, ജന്മദിനത്തിന്റെ അന്നാണ് നീലാൻഷി മുടിയുടെ നീളം അളന്നത്. അന്ന് 200 സെന്റീമീറ്ററിലെത്തിയിരുന്നു. 

എന്നാൽ ഇപ്പോൾ മുടി വെട്ടാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് നീലാൻഷി. ഒരു മിനിറ്റ് ദൈർഘ്യമുള്ള ഇൻസ്റ്റ​ഗ്രാം വീഡിയോയിൽ മുടി മുറിക്കുന്നത് കാണാം. ''ഞാൻ വളരെ ആവേശത്തിലും അൽപ്പം അസ്വസ്‌ഥതയിലുമാണ്, കാരണം പുതിയ ഹെയർ സ്റ്റൈലിൽ ഞാൻ എങ്ങനെ ആയിരിക്കുമെന്ന് എനിക്കറിയില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാം, പക്ഷേ ഇത് അതിശയകരമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'' മുടി മുറിക്കുന്നതിന് തൊട്ടുമുമ്പ് നീലാൻഷി വീഡിയോയിൽ പറയുന്നു. 

ഈ മുടി തനിക്ക് ധാരാളം സൗഭാ​ഗ്യങ്ങൾ നൽകിയെന്നും എന്നാൽ ഇപ്പോൾ മുടി മുറിക്കാൻ സമയമായെന്നും നീലാൻഷി വീഡിയോയിൽ വ്യക്തമാക്കുന്നു. മുടിയെ ചുംബിച്ചു കൊണ്ടാണ് നീലാൻഷി മുടിയോട് വിട പറയുന്നത്. ആറാമത്തെ വയസ്സിലാണ് നീലാൻഷി അവസാനമായി മുടി മുറിക്കുന്നത്. അന്ന് പ്രതീക്ഷിച്ച രീതിയിലുള്ള ഹെയർ സ്റ്റൈലല്ല ലഭിച്ചത്. അതിനാൽ പിന്നീട് മുടി മുറിക്കണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. മുറിച്ച മുടി എന്തു ചെയ്യണമെന്ന കാര്യത്തിൽ മൂന്ന് ഓപ്ഷനുകളാണ് നീലാൻഷിയുടെ മുന്നിലുണ്ടായിരുന്നത്. ഒന്നുകിൽ ലേലം ചെയ്യുക, ക്യാൻസർ രോ​ഗികൾക്ക് സംഭാവന ചെയ്യുക. മ്യൂസിയത്തിൽ സൂക്ഷിക്കുക എന്നിങ്ങനെ. ​ഗിന്നസ് റെക്കോർഡിലെത്തിയ മുടി ആയതിനാൽ മ്യൂസിയത്തിൽ സൂക്ഷിക്കാനായിരുന്നു നീലാൻഷിയുടെ അമ്മ നിർദ്ദേശിച്ചത്.