മനുഷ്യൻ മൃ​ഗങ്ങളോട് കാണിക്കുന്ന ക്രൂരത അവസാനിക്കുന്നില്ല. ബിഹാറിലെ വൈശാലി ജില്ലയില്‍ നിന്നുള്ള കാഴ്ച്ച കണ്ണ് നനയിക്കും.വെടിയുണ്ട തുളച്ചുകയറി പരുക്കേറ്റ് അനങ്ങാൻ പോലുമാകാതെ കിടന്ന നിൽഗായി മൃഗത്തെയാണ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയിലേക്ക് തള്ളിയിട്ട ശേഷം ജീവനോടെ കുഴിച്ചുമൂടിയത്.

നിരവധി നില്‍ഗായി മൃഗങ്ങളെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫോറസ്റ്റ് വിഭാഗം വെടിവച്ച് കൊന്നൊടുക്കുന്നത്. അതിനിടയിലാണ് ഒരു നില്‍ഗായി മൃഗത്തെ വലിയ കുഴിയെടുത്ത് അതില്‍ ജീവനോടെ മൂടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. ജില്ലാ ഭരണകൂടം അറിയാതെയാണ് ഇത്തരം ക്രൂര നടപടികള്‍ നടക്കുന്നത്. നിരവധി പേരാണ് ഇതിനെ വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞ നാല് ദിവസത്തിനിടയില്‍ 300 ഓളം നില്‍ഗായി മൃഗങ്ങളെ വെടിവച്ച് കൊന്നതായി വൈശാലിയിലെ ഫോറസ്റ്റ് വിഭാഗം വ്യക്തമാക്കുന്നു. കൃഷിക്ക് ഭീഷണിയാകുന്നു എന്നതുകൊണ്ടാണ് നിൽഗായികളെ കൊല്ലുന്നതെന്നാണ് ഗ്രാമവാസികൾ പറയുന്നത്. സംഭവത്തെ തുടർന്ന് മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വൻരോഷമാണ് ഇതിനെതിരെ ഉയരുന്നത്.