ആഡംബരപൂര്‍വ്വമായ വിവാഹമായിരുന്നു മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും മകന്‍ ആകാശിന്റേത്. വിവാഹം കഴിഞ്ഞ് ദിവസങ്ങളായിട്ടും അതിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അറിയാനും, ശ്രദ്ധിക്കാനും ഇപ്പോഴും മിക്കവര്‍ക്കും കൗതുകമാണ്. 

പ്രശസ്തരായ ബോളിവുഡ് താരങ്ങളും, വ്യവസായ പ്രമുഖരും, രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുത്ത വിവാഹത്തിന്റെ വിശദാംശങ്ങളെല്ലാം ആ ദിവസങ്ങളില്‍ തന്നെ വാര്‍ത്തയായിരുന്നു.  ആഡംബരത്തിന്റെ കാര്യത്തില്‍ ആദ്യം പറഞ്ഞതുപോലെ ഒന്നാം സ്ഥാനത്തായത് കൊണ്ടുതന്നെ അംബാനി വിവാഹത്തിലെ വധൂവരന്മാരുടെ വസ്ത്രങ്ങളും ആഭരണങ്ങളും എന്തിനധികം ക്ഷണക്കത്ത് വരെ വാര്‍ത്തകളില്‍ നേരത്തേ ഇടം പിടിച്ചിരുന്നു. 

എന്നാല്‍ ദിവസങ്ങളുടെ ചെറിയ ഇടവേളയ്ക്ക് ശേഷം ആകാശ് അംബാനി വിവാഹം വീണ്ടും ഇന്ന് ചര്‍ച്ചയാവുകയാണ്. ആകാശിന്റെ നവവധു ശ്ലോക മേത്തയ്ക്ക് നിത അംബാനി നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മരുമകള്‍ക്ക് അമ്മായിയമ്മ നല്‍കിയ ഒരു സമ്മാനം ഇത്ര സംസാരമാകാന്‍ എന്തിരിക്കുന്നുവെന്ന് ഓര്‍ത്തെങ്കില്‍ തെറ്റി. 

അതങ്ങനെ വെറുമൊരു സമ്മാനമല്ല. 300 കോടിയാണ് ആ സമ്മാനത്തിന്റെ വില. അത്രയും വില വരുന്ന ഒരു വജ്ര നെക്ലേസാണത്രേ നിത മരുമകള്‍ക്കായി സമ്മാനിച്ചിരിക്കുന്നത്. 'വുമണ്‍സ് ഇറ' എന്ന മാഗസിനാണ് ഇപ്പോള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോക പ്രശസ്ത ആഭരണ നിര്‍മ്മാതാക്കളായ 'മൗവാഡി'യാണ് അംബാനി കുടുംബത്തിന് വേണ്ടി വിലകൂടിയ വജ്ര നെക്ലേസ് ഒരുക്കിയത്. 

ലോകത്തിലെ തന്നെ ഏറ്റവും വില കൂടിയ ആഭരണമാണ് ഈ നെക്ലേയ്‌സ് എന്നും ഇതിനോടകം വാര്‍ത്തകള്‍ പരന്നിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും ഒരു സ്ഥിരീകരണമായിട്ടില്ല.