രാജ്യത്തെ ഏറ്റവും സമ്പന്നമായ കുടുംബങ്ങളിലൊന്നാണ് അംബാനി കുടുംബം. അംബാനിമാരുടെ ഓരോ ആഡംബരങ്ങളെയും കുറിച്ചുള്ള കഥകള്‍ വളരെയധികം കൗതുകത്തോടെയാണ് സാധാരണക്കാര്‍ കേള്‍ക്കാറുള്ളത്. ഇതാ അക്കൂട്ടത്തിലേക്ക് പുതിയൊരു വിശേഷവും കൂടി. 

ഇക്കുറി നിത അംബാനിയുടെ ബാഗ് ആണ് കഥയിലെ താരം. ലണ്ടനില്‍ വച്ച് താരങ്ങളായ കരിഷ്മ കപൂറിനും കരീന കപൂറിനുമൊപ്പം എടുത്ത ഒരു ചിത്രമാണ് ഈ ബാഗിനെക്കുറിച്ചുള്ള അന്വേഷണങ്ങളിലേക്ക് ഫാഷന്‍ പ്രേമികളെയെത്തിച്ചത്. 

ലോകത്തിലെ ഏറ്റവും വില കൂടിയ ബാഗുകളിലൊന്നാണ് നിതയുടെ കയ്യിലിരിക്കുന്നത്. ഹിമാലയന്‍ മുതലയുടെ ചര്‍മം ഉപയോഗിച്ചാണ് ഈ ബാഗിന്റെ നിര്‍മാണം എന്ന് പറയപ്പെടുന്നു. വര്‍ഷത്തില്‍ ഈ ഇനത്തില്‍ വരുന്ന 'ബിര്‍കിന്‍' ബാഗുകള്‍ പരമാവധി രണ്ടെണ്ണമൊക്കെയേ കമ്പനി നിര്‍മ്മിക്കാറുള്ളൂ. 

അധികവും ഹോളിവുഡിലെ താരറാണിമാരാണ് ഇവ സ്വന്തമാക്കാറുള്ളതും. ഇനി ബാഗിന്റെ വില പറയാം. അധികമൊന്നുമില്ല, 2 കോടി 63 ലക്ഷം രൂപ (2,63,83,286) മാത്രം. ആഡംബരമെന്ന് പറഞ്ഞുകേട്ടപ്പോഴും ഇത്രയൊന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫാഷന്‍ മേഖലയില്‍ താല്‍പര്യമുള്ളവര്‍ പോലും പറയുന്നത്. ഇത്രയേറെ വിലയുള്ള ബാഗായിട്ട് കൂടി, കാണാന്‍ അത്ര പോരെന്ന അഭിപ്രായവും ഉയരുന്നുണ്ട്. എന്തായാലും ബാഗ്, ചര്‍ച്ചകള്‍ സൃഷ്ടിക്കുമ്പോഴും നിത, ഇതൊന്നും അറിഞ്ഞ മട്ടിലല്ല.