രാജ്യം കൊവിഡ് 19 ഭീതിയില്‍ തുടരവേ അഭിനന്ദനാര്‍ഹമായ സേവനമാണ് ആരോഗ്യരംഗത്തെ ജീവനക്കാര്‍ കാഴ്ച വയ്ക്കുന്നത്. സ്വന്തം ജീവനും ജീവിതവും പണയപ്പെടുത്തിക്കൊണ്ട് വൈറസ് ബാധിച്ചവരേയും രോഗലക്ഷണങ്ങളുള്ളവരേയുമെല്ലാം സധൈര്യം കൈകാര്യം ചെയ്യുന്നവരാണവര്‍. 

എളുപ്പത്തില്‍ പകരുന്ന രോഗമാണെന്ന് അറിഞ്ഞുകൊണ്ടും അത് ഉള്‍ക്കൊണ്ട് കൂടിയുമാണ് ഇവര്‍ സേവനരംഗത്ത് സജീവമാകുന്നത്. ഇത്തരത്തില്‍ കൊവിഡ് 19 രോഗികളെ പരിചരിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുകയാണ് ഒരു നഴ്‌സ്. 'ഹ്യൂമന്‍സ് ഓഫ് ബോംബെ' എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പേര് വെളിപ്പെടുത്താത്ത നഴ്‌സ് തന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്. 

വൈറസ് ബാധിച്ചവരെ പരിചരിക്കാന്‍ എത്തണമെന്നറിയിച്ചപ്പോള്‍ ആദ്യം സത്യത്തില്‍ ഭയമാണ് തോന്നിയതെന്ന് പറഞ്ഞുകൊണ്ടാണ് ഇവര്‍ കുറിപ്പ് തുടങ്ങുന്നത്. രണ്ട് പെണ്‍കുട്ടികളും ഭര്‍ത്താവുമുണ്ട്. അവരുടെ ആരോഗ്യത്തെ കുറിച്ചായിരുന്നു പിന്നീട് ചിന്തിച്ചത്. മക്കളിലൊരാള്‍ ശരിക്കും തന്റെ കാര്യത്തില്‍ ആശങ്കയിലായിരുന്നുവെന്നും ഇവര്‍ പറയുന്നു.

'അവളെന്നോട് യാചിക്കുകയായിരുന്നു, പോകേണ്ടെന്ന് പറഞ്ഞ്. എനിക്കൊന്നും സംഭവിക്കില്ലെന്ന് ഉറപ്പ് കൊടുക്കാന്‍ മാത്രമല്ലേ കഴിയൂ. കാരണം ജോലി വരുമ്പോള്‍ അതിനെ മാറ്റിനിര്‍ത്താനാകില്ലല്ലോ. അങ്ങനെ ഭര്‍ത്താവ് വീടിന്റെ ചുമതലയേറ്റെടുത്തു. പിന്നീട് ആശുപത്രിയിലേക്കുള്ള പോക്കുവരവ് വളരെ റിസ്‌കാണെന്ന് മനസിലാക്കിയതോടെ അവിടെത്തന്നെ താമസിക്കാന്‍ തീരുമാനിച്ചു...

...അവിടെ ചെന്ന് ആദ്യത്തെ ദിവസം ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. രോഗികള്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനിടെ തന്നെ അവരെ സമാധാനിപ്പിക്കുന്ന ദൗത്യം കൂടി ഞങ്ങളുടേതായിരുന്നു. ശരിക്കും ഒരു യുദ്ധമുഖം പോലിരുന്നു. ഒരു മിനുറ്റ് പോലും വിശ്രമിക്കാനായി ഞങ്ങള്‍ക്കപ്പോള്‍ ലഭിച്ചിരുന്നില്ല. രോഗികളെ അവരുടെ പ്രിയപ്പെട്ടവരില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതായിരുന്നു ഏറ്റവും വിഷമകരമായ സംഗതി...

...പുനെയില്‍ നിന്നുള്ള ഒരു ഭാര്യയും ഭര്‍ത്താവും, അവര്‍ മക്കളുടെ അടുത്തേക്ക് പോകണമെന്നാവശ്യപ്പെട്ട് ഒരുപാട് യാചിച്ചു. അത് കണ്ടപ്പോള്‍ നെഞ്ച് തകരുന്നത് പോലെ തോന്നി. ഞാനെന്റെ മക്കളെ കാണാതെ എത്ര വിഷമിക്കുന്നുണ്ട്. അഞ്ച് ദിവസമായി വീട്ടില്‍ നിന്ന് പോന്നിട്ട്. മക്കള്‍ ഇടയ്ക്കിടെ വിളിച്ച് മാസ്‌ക് ധരിച്ചിട്ടില്ലേ ഭക്ഷണം കഴിച്ചിട്ടില്ലേ എന്നെല്ലാം അന്വേഷിക്കും. ഏതാനും സെക്കന്‍ഡുകള്‍ മാത്രമേ ഞങ്ങളുടെ ഫോണ്‍ സംഭാഷണം നീളുകയുള്ളൂ. അത്രയും സമയമേ ലഭിക്കൂ...'- ഇവര്‍ പറയുന്നു. 

വളരെയധികം ബുദ്ധിമുട്ടുകള്‍ നേരിടുന്ന സാഹചര്യത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നതെന്നും എന്നാല്‍ എല്ലാവരും ഒത്തൊരുമിച്ച് ശ്രമിക്കുകയാണെങ്കില്‍ ഇതിനെയെല്ലാം മറികടക്കാമെന്നും ഇവര്‍ പറയുന്നു. 

'ദയവ് ചെയ്ത് വീട്ടില്‍ തന്നെ ഇരിക്കൂ. എന്തെങ്കിലും അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ പുറത്തിറങ്ങാവൂ. ഞങ്ങളെയും പരിഗണിക്കണം. ഇതെല്ലാം കടന്നുകിട്ടിയാല്‍ തീര്‍ച്ചയായും നമുക്ക് ആഘോഷിക്കാമല്ലോ...' ഈ വാചകങ്ങളോടെയാണ് ഇവരുടെ അനുഭവക്കുറിപ്പ് അവസാനിക്കുന്നത്. 28,000 പേരാണ് പോസ്റ്റിന് പ്രതികരണമറിയിച്ച് എത്തിയിരിക്കുന്നത്. നിരവധി പേര്‍ ഈ അനുഭവവിവരണം പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.