ഇരുപത് വര്‍ഷമായി കടലിനോട് ചേര്‍ന്നുള്ള ഒരിടത്ത് താമസിക്കുന്നു. ഇതുവരെയും ബീച്ചിലേക്ക് പോകാനോ കടലിലിറങ്ങാനോ തോന്നിയില്ല. പക്ഷേ 93ാമത് പിറന്നാള്‍ അടുക്കാറായപ്പോള്‍ ഹവാര്‍ഡ് ഫിഷര്‍ മകളോട് ആ ആഗ്രഹം പറഞ്ഞു. 

''എനിക്ക് കടലില്‍ പോകണം, നീന്തണം... പക്ഷേ എനിക്കതിന് കഴിയുമെന്ന് തോന്നുന്നില്ല...''

അച്ഛന്റെ വാക്കുകള്‍ കേട്ടയുടന്‍ തന്നെ മകള്‍ സാന്‍ഡ്ര അദ്ദേഹത്തിന് വാക്കുകൊടുത്തു. ഞാന്‍ സഹായിക്കാം, നമുക്കൊരുമിച്ച് പോകാമെന്ന് അവര്‍ അച്ഛനോട് പറഞ്ഞു. 

അങ്ങനെ പിറന്നാള്‍ ദിവസം തന്നെ ഹവാര്‍ഡിനേയും കൊണ്ട് മകള്‍ ഫ്‌ളോറിഡയിലെ വീട്ടില്‍ നിന്ന് അന്ന മരിയ ഐലന്‍ഡിലെ ബീച്ചിലേക്ക് തിരിച്ചു. അവിടെ വച്ചായിരുന്നു പിറന്നാളാഘോഷം. ഒരു വീല്‍ച്ചെയറിന്റെ സഹായത്തോടെ ഹവാര്‍ഡ് ബീച്ചിലാകെ കറങ്ങി. പിന്നെ സാന്‍ഡ്രയുടേയും മറ്റ് ചിലരുടെയും പിന്തുണയോടെ കടലിലേക്ക്.

ജീവിതത്തിലാദ്യമായി കടലിലിറങ്ങി നീന്തുകയാണ്. ഇത്രയും വര്‍ഷമായി തോന്നാത്ത ഒരാശ ഇപ്പോള്‍ തോന്നിയത് എന്തുകൊണ്ടെന്നൊന്നും അദ്ദേഹത്തിന് അറിയില്ല. അങ്ങനെ തോന്നി, ഭാഗ്യവശാല്‍ അത് നടന്നു. അത്രമാത്രം. 

എന്തായാലും വ്യത്യസ്തമായ ഈ പിറന്നാളാഘോഷം ചിത്രങ്ങള്‍ സഹിതം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സംഭവമറിഞ്ഞ് നിരവധി പേരാണ് ഹവാര്‍ഡിന് ആരോഗ്യവും ആയുസും നേര്‍ന്നുകൊണ്ടെത്തിയത്. അവശനായ നിലയിലും ജീവിതത്തോട് അദ്ദേഹം പുലര്‍ത്തുന്ന പ്രത്യാശയെ പുകഴ്ത്തിക്കൊണ്ടും ധാരാളം പേര്‍ കമന്റുകളിട്ടു.