ഓണത്തിന് ഏറ്റവും കൂടുതൽ ഡിമാന്റ് മാലയ്ക്കാണല്ലോ. പരമ്പരാ​ഗതമായ രീതിയിലുള്ള ആഭരണങ്ങളാണ് ഓണക്കാലത്ത് അണിയാൻ സ്ത്രീകൾ കൂടുതലും ആ​ഗ്രഹിക്കുന്നത്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് മാലകളാണ്- പൂത്താലി, കസവ് മാല, പാലയ്ക്കാ മാല. ഇനി ഇതിന്റെ പ്രത്യേകതകൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

കല്ലു പതിച്ചൊരു പൂത്താലി...

കഴുത്ത് നിറയുന്ന മനോഹരമായ മാലയാണ് പൂത്താലി. പൂത്താലിയില്‍ നടുക്ക് മുത്തോ കല്ലോ പതിച്ചിട്ടുണ്ടാകും. വെള്ളയും പച്ചയും ചുവപ്പും കല്ലുകളാണ് കൂടുതലും ഉപയോഗിക്കുക. പൂവ് പോലെ വിരിഞ്ഞു നില്‍ക്കുന്ന മാലയുടെ പുറത്തെ അറ്റത്ത് തൂങ്ങുന്ന ചെറിയ താലികള്‍ ഓരോ ചെറിയ അനക്കത്തിലും ഇളകിക്കളിക്കും. അഞ്ചു-പത്ത് പവനില്‍ പൂത്താലി നിര്‍മിക്കാം. വട്ടം കൂടുന്നതനുസരിച്ചാണ് കൂടുതല്‍ പവന്‍ വേണ്ടി വരിക.

കസവിനോടൊത്തണിയാന്‍ കസവ് മാല...

മുണ്ടും നേര്യതും ഉടുത്ത മലയാളിപ്പെണ്ണിന് ഇണങ്ങുക കസവു മാലയാണ്. കസവിന്റെ നെയ്ത്ത് പോലെ അരയിഞ്ചു വീതിയില്‍ നാല് ഇഴയായി കഴുത്തിനോട് ചേര്‍ന്ന് കിടക്കുന്ന ആഭരണമാണ് കസവ്മാല. മാച്ചിങ് വളയും കമ്മലും ഇപ്പോള്‍ ലഭ്യമാണ്. നാല് പവന്‍ മുതല്‍ എട്ട് പവന്‍ വരെയുള്ള കസവ് മാലകള്‍ ലഭിക്കും. വളരെ ചെറിയ മുത്ത് കോര്‍ത്ത് ഭംഗിയാക്കിയ കസവ് മാലകള്‍ ഉണ്ടെങ്കിലും പ്ളെയിന്‍ കസവ് മാലകള്‍ക്കാണ് ഡിമാന്‍ഡ്.

പാലയ്ക്കാ മാല...

പച്ചയുടെയും ചുവപ്പിന്റെയും അഴക് ഏറ്റവും കൂടുതല്‍ പാലയ്ക്കാ മാലയിലായിരിക്കും. ചുവപ്പും നീലയും കല്ല് പതിച്ചും പാലയ്ക്കാ മാല ഉണ്ടാക്കാറുണ്ട്. കളര്‍ കല്ലുകളാണ് മുമ്പ് പാലയ്ക്കാ മാലയ്ക്കായി ഉപയോഗിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ഇനാമലും ഉപയോഗിക്കുന്നു. പാലയുടെ കായിന്റെ ആകൃതിയും നടുക്ക് തൂങ്ങുന്ന പെന്‍ഡന്റിന്റെ ഭംഗിയുമാണ് പ്രത്യേകത. 

ഏതു വസ്ത്രത്തിനും ഇണങ്ങും എന്നതും  പാലയ്ക്കയുടെ പ്രത്യേകതയാണ്. ബാലികയ്ക്കും കുമാരിക്കും നവവധുവിനും ഗൃഹനായികയ്ക്കും ഏഴഴക് നല്‍കുന്ന പാലയ്ക്കാമാല. നീളം കൂട്ടിയും കുറച്ചും പാലയ്ക്കാ മാല ചെയ്തെടുക്കാം. ഏതിനാണ് അഴകെന്ന് സംശയിച്ചു പോയാലേയുള്ളൂ. പത്ത് പവനില്‍ ചെയ്തെടുത്താലേ പാലയ്ക്കാമാലയുടെ ഭംഗി പൂര്‍ണമായി പകര്‍ത്താനാകൂ.