പുതിയകാലത്തെ തിരക്കിട്ട ജീവിതത്തിനിടെ ഭക്ഷണം പാകം ചെയ്യാനും മറ്റുമൊന്നും പലപ്പോഴും നമുക്ക് സമയമില്ല. അതിനാല്‍ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നത് ഇപ്പോള്‍ നമ്മുടെ പതിവുകളുടെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. എന്നാല്‍ ഓണ്‍ലൈനായി ഒരു പട്ടിക്ക് ഭക്ഷണമെത്തുന്ന സംഭവം നിങ്ങള്‍ കേട്ടിട്ടുണ്ടോ?

അതെ, അങ്ങനെയൊരു അപൂര്‍വ്വകഥയാണ് പറയുന്നത്. തിരുവനന്തപുരത്തെ കവടിയാറിലെത്തിയാല്‍ ഇക്കഥ നേരില്‍ കാണുകയുമാകാം. ടൂര്‍ ഓപ്പറേറ്ററായ വര്‍ഗീസ് ഉമ്മന്‍ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് 'ഷാഡോ' എന്ന സുന്ദരിപ്പട്ടിയെ പരിചയപ്പെടുന്നത്. വീടിന്റെ പരിസരത്ത് എവിടെ ഇറങ്ങിനിന്നാലും വര്‍ഗീസിന്റെ മണം പിടിച്ച് 'ഷാഡോ' അവിടെയെത്തും. അങ്ങനെയാണ് അവള്‍ക്ക് വര്‍ഗീസ് ഷാഡോ എന്ന പേരിടുന്നത് പോലും. 

വീട്ടിലുള്ളപ്പോള്‍ അദ്ദേഹം ഷാഡോയ്ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളെല്ലാം നല്‍കും. എന്നാല്‍ താനും കുടുംബവും വീട്ടിലില്ലാത്തപ്പോള്‍ അവള്‍ ഭക്ഷണത്തിനെന്ത് ചെയ്യുമെന്ന ചിന്ത അദ്ദേഹത്തെ അലട്ടി. അങ്ങനെ ഓണ്‍ലൈന്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാവുന്ന ആപ്പില്‍ വര്‍ഗീസ് ഷാഡോയുടെ പേരില്‍ ഒരു അക്കൗണ്ട് തുടങ്ങി. 

വീട്ടില്‍ നിന്ന് അകലെയായിരിക്കുമ്പോഴും അവള്‍ക്ക് നേരത്തിന് നല്ല ഭക്ഷണമെത്തിക്കുക എന്നതായിരുന്നു ഉദ്ദേശം. ആ ശ്രമം വിജയം കണ്ടു. ഭക്ഷണവുമായി എത്തുന്നവര്‍ വര്‍ഗീസിന്റെ നമ്പറിലേക്ക് വിളിക്കും. ഭക്ഷണം എവിടെ ഏല്‍പിക്കണമെന്ന് ചോദിക്കുമ്പോള്‍ അവിടെ ഗെയിറ്റില്‍ കാത്തുനില്‍ക്കുന്ന പട്ടിക്ക് നല്‍കാന്‍ വര്‍ഗീസ് പറയും. 

ഫ്‌ളാറ്റിലെ ജീവനക്കാരനായ രാധാകൃഷ്ണനാണ് ഷാഡോയ്ക്ക് പൊതി തുറന്ന് ഭക്ഷണം നല്‍കുന്നതും അവള്‍ കഴിച്ച ശേഷം അവിടെ വൃത്തിയാക്കുന്നതും. എവിടെ പോയാലും തിരിച്ചുവരുമ്പോള്‍ വര്‍ഗീസിന്റെ കാര്‍ കണ്ടാല്‍ത്തന്നെ ഷാഡോ ഓടിവരും. എത്ര അകലെയാണെങ്കിലും അദ്ദേഹത്തെ കണ്ടാല്‍ തിരിച്ചറിയും. ഒരുപക്ഷേ ആരുമില്ലാതെ, ഒരു തെരുവുനായ ആയി മാത്രം ജീവിക്കേണ്ടിയിരുന്ന തന്നെ കുടുംബത്തിലെ ഒരംഗത്തെ പോലെ നോക്കുന്നയാളെന്ന തിരിച്ചറിവായിരിക്കാം അതിനെ വര്‍ഗീസിനോട് ഇത്രമാത്രം അടുപ്പിക്കുന്നത്. സ്‌നേഹത്തിന് ഇങ്ങനെ ചില അപൂര്‍വ്വ ബന്ധങ്ങളുടെ കഥയും പറയാന്‍ കാണുമല്ലോ...