ശുഭാപ്തി വിശ്വാസികൾക്ക് കൂടുതൽ നേരം നന്നായി ഉറങ്ങാനാകുമെന്ന് പഠനം. ഇല്ലിനോയിസ് സർവ്വകലാശാലയിലെ ഒരു സംഘം ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ആളുകളിൽ ശുഭാപ്തി വിശ്വാസം എത്രത്തോളം ഉണ്ടെന്ന് പരീക്ഷിക്കാൻ വ്യത്യസ്ത മാര്‍ഗങ്ങള്‍ ഉപയോഗിച്ചിരുന്നു. പോസിറ്റീവായതും നെഗറ്റീവ് ആയതുമായ പത്തു പ്രസ്താവനകള്‍ അടങ്ങിയ സര്‍വേ ആണ് ഗവേഷകര്‍ ഇതിനായി ഉപയോഗിച്ചതെന്ന് ​ഗവേഷകനായ റോസൽബ ഹെർണാണ്ടസ് പറഞ്ഞു.

ഇത് ആളുകളെക്കൊണ്ട് പൂരിപ്പിക്കുകയാണ് ചെയ്തത്.32-51 ഇടയിൽ പ്രായമുള്ള 3500 പേരിലാണ് പഠനം നടത്തിയത്. ബർമിംഗ്ഹാം, അലബാമ, ഓക്ക്‌ലാൻഡ്, കാലിഫോർണിയ, ചിക്കാഗോ, മിനിയാപൊളിസ് എന്നിവിടങ്ങളിൽ നിന്നുമുള്ളവരാണ് പഠനത്തിൽ പങ്കെടുത്തത്. ഏറ്റവും താഴെ ശുഭാപ്തി വിശ്വാസം ഉള്ളവര്‍ക്ക് ആറും ഏറ്റവും കൂടിയ ശുഭാപ്തി വിശ്വാസം ഉള്ളവര്‍ക്ക് മുപ്പതും സ്കോര്‍ ലഭിച്ചു. തുടര്‍ന്ന് ഈ ആളുകളുടെ ഉറക്കശീലം രേഖപ്പെടുത്തി.

ഇപ്പോഴുള്ളതും അഞ്ചു വർഷം മുന്നേ ഉള്ളതുമായ ഉറക്ക ശീലങ്ങള്‍ ആണ് രേഖപ്പെടുത്തിയത്. ഉറങ്ങാനുള്ള ബുദ്ധിമുട്ട്, ഓരോ ദിവസവും ഉറങ്ങുന്ന സമയം എന്നിവയാണ് അവര്‍ രേഖപ്പെടുത്തിയതെന്നും ഹെർണാണ്ടസ് പറയുന്നു. Journal of Behavioral Medicineൽ പഠനം പ്രസിദ്ധീകരിച്ചു. ആള്‍ക്കാരുടെ ഉറക്കത്തിന്‍റെ സമയം മൂന്ന് ദിവസത്തേക്ക് അവര്‍ രേഖപ്പെടുത്തി.

ഉയര്‍ന്ന ശുഭാപ്തി വിശ്വാസമുള്ള ആളുകള്‍ക്ക് 74% കൂടുതല്‍ നന്നായി ഉറങ്ങുന്നതായി ​ഗവേഷകർ കണ്ടെത്തി. നന്നായി ഉറങ്ങാതിരിക്കുന്നവരില്‍ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നതായി കണ്ടെത്താനായെന്നും ഹെർണാണ്ടസ് പറഞ്ഞു.ഉറക്കക്കുറവുള്ളവരിൽ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പഠനത്തിൽ കണ്ടെത്താനായെന്നും അദ്ദേഹം പറഞ്ഞു.