രാജ്യത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന പുരസ്‌കാരങ്ങളിലൊന്നാണ് പത്മശ്രീ. ഇത്രയും ഉന്നതിയിലുള്ള ഒരു പുരസ്‌കാരം തേടിയെത്തുമ്പോള്‍, താന്‍ റേഷന്‍ കടയിലെ 'ക്യൂ'വിലായിരുന്നു എന്ന് പറയുമ്പോള്‍ തന്നെ ഹരേകല ഹജബ്ബയെന്ന സാധാരണക്കാരനായ മനുഷ്യന് കൃത്യമായ ആമുഖമായി. ഇതിലും വ്യക്തമായി അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് ഒറ്റ വരിയില്‍ പറഞ്ഞുനിര്‍ത്താനാകില്ല. 

ദക്ഷിണ കര്‍ണാടകക്കാര്‍ക്ക് ഹജബ്ബ 'അക്ഷരങ്ങളുടെ വിശുദ്ധനാണ്'. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാതെ, ജീവിക്കാനായി തലയില്‍ ഒരു ഓറഞ്ച് കുട്ടയും ചുമന്ന് നല്ല പ്രായത്തില്‍ തെരുവിലേക്കിറങ്ങിയതാണ് ഹജബ്ബ. പിന്നീട് സ്വന്തം പ്രയത്‌നത്തിലൂടെ എത്രയോ കുരുന്നുകള്‍ക്ക് അക്ഷരങ്ങള്‍ അറിയാന്‍, അറിവിന്റെ ലോകത്തെത്താന്‍ കാരണക്കാരനായി. 

സാധാരണക്കാരനായ ഓറഞ്ച് കച്ചവടക്കാരനില്‍ നിന്ന് 'അക്ഷരങ്ങളുടെ വിശുദ്ധ'ന്‍ എന്ന പദവിയിലേക്ക് ഹജബ്ബ വഴിതിരിഞ്ഞെത്തിയത് ഒരു പ്രത്യേകസംഭവത്തിലൂടെയാണ്. വര്‍ഷം 1999. സ്വന്തം ഗ്രാമമായ 'ന്യൂപഡുപു'വില്‍ പതിവ് പോലെ കച്ചവടത്തിനായി ഇറങ്ങിയതായിരുന്നു ഹജബ്ബ. 

അന്ന്, വഴിയില്‍ വച്ച് നാട് കാണാനെത്തിയ രണ്ട് വിദേശികളെ അദ്ദേഹം കണ്ടു. അവര്‍ക്കരികില്‍ പോയി, ഓറഞ്ച് കുട്ട കാണിച്ചു. അവര്‍ക്ക് അത് വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഓറഞ്ചിന്റെ വില എത്രയാണെന്ന് അവരെ പറഞ്ഞ് മനസിലാക്കാന്‍ ഹജബ്ബയ്ക്കായില്ല. ഏറെ നേരം സംസാരിച്ചിട്ടും ഹജബ്ബയ്ക്ക് ഒന്നും മനസിലാകാഞ്ഞതനെ തുടര്‍ന്ന് അവര്‍ ഓറഞ്ച് വാങ്ങിക്കാതെ മടങ്ങി. 

കച്ചവടം നഷ്ടപ്പെട്ടതിനെക്കാള്‍ ഹജബ്ബയ്ക്ക് വേദനയായത്, ഭാഷയറിയാത്തതിനാല്‍ രണ്ട് മനുഷ്യരുമായി സംസാരിക്കാനായില്ല എന്നതായിരുന്നു. ഇത്രയും ഇടുങ്ങിയതാണ് തന്റെ ലോകമെന്നും, ഇതുതന്നെയാണ് ആ ഗ്രാമത്തിലെ മറ്റുള്ളവരുടെ അവസ്ഥയെന്നും ഹജബ്ബ തിരിച്ചറിഞ്ഞു. പിന്നീടുള്ള ചിന്ത മുഴുവനും വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു. 

ഗ്രാമത്തില്‍ ഒരു പള്ളിക്കൂടം വേണമെന്ന് ഹജബ്ബ ആഗ്രഹിച്ചു. വരും തലമുറയ്ക്ക് നാളെ തന്റെ ഗതിയുണ്ടാകരുത്. അദ്ദേഹം ഇക്കാര്യം ചില നാട്ടുകാരോട് ചര്‍ച്ച ചെയ്തു. അങ്ങനെ ആദ്യഘട്ടത്തില്‍ ഗ്രാമത്തിലെ മുസ്ലീം പള്ളിയില്‍ കുട്ടികള്‍ക്ക് പഠിക്കാനുള്ള സൗകര്യമൊരുക്കി. വെയിലിലും പൊടിയിലും നടന്ന് കച്ചവടം ചെയ്തുകിട്ടിയ പണത്തില്‍ ഏറിയ പങ്കും ഇതിന് വേണ്ടി ഹജബ്ബ ചിലവിട്ടു. 

പഠിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് ഗ്രാമത്തില്‍ നിന്ന് കൂടുതല്‍ കുട്ടികളെത്തിയതോടെ സ്‌കൂള്‍ വിപുലീകരിക്കാന്‍ തീരുമാനിച്ചു. ഒരു ചെറിയ കെട്ടിടം ഇതിനുവേണ്ടി നിര്‍മ്മിച്ചു. അതില്‍ സ്‌കൂള്‍ ആരംഭിക്കുകയും ചെയ്തു. എങ്കിലും പരിപൂര്‍ണ്ണമായി അതൊരു സ്‌കൂളായി രൂപാന്തരപ്പെടണമെങ്കില്‍ സര്‍ക്കാര്‍ സഹായം കൂടിയേ തീരുമായിരുന്നുള്ളൂ. ഇതിനായി ഗ്രാമവാസികളായ ചിലരുടെ സഹായത്തോടെ ഹജബ്ബ നിരന്തരം അധികൃതരെ പോയിക്കണ്ടു. ഒടുവില്‍ സര്‍ക്കാര്‍ കനിഞ്ഞു. 

2004ഓടെ ന്യൂപഡുപുവില്‍ ജില്ലാ പഞ്ചായത്തിന്റെ കീഴില്‍ യു.പി സ്‌കൂള്‍ നിലവില്‍ വന്നു. കൂടുതല്‍ കുട്ടികളും അധ്യാപകരമായി. ഒരു ഗ്രാമത്തെ മുഴുവന്‍ ഇരുട്ടില്‍ നിന്ന് കൈപിടിച്ച് വെളിച്ചത്തിലേക്ക് നടത്താന്‍ തന്റെ ജീവിതത്തിന്റെ വലിയൊരു സമയം ഹജബ്ബ നീക്കിവച്ചുവെന്ന് പറയാം. പ്രായം 68ലെത്തി. ഇനിയും ഹജബ്ബയ്ക്ക് വിശ്രമമായില്ല. ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് സ്‌കൂള്‍ ഉയര്‍ത്തിക്കിട്ടണം അതാണ് ഹജബ്ബയുടെ അടുത്ത ആഗ്രഹം. 

സ്വന്തമായി നല്ലൊരു വീടോ, പറയാന്‍ എന്തെങ്കിലും സമ്പാദ്യമോ ഇല്ല. കഴിഞ്ഞ 20 വര്‍ഷമായി നാടിന് വേണ്ടി ജീവിക്കുകയാണ്. കഷ്ടപ്പാടുകളോ, ദുരിതമോ നോവുകളോ ഹജബ്ബയെ പിടിച്ചുനിര്‍ത്തിയില്ല. തന്റെ ജീവിതം കൊണ്ട് ഏറ്റവും മഹത്തരമായൊരു മാതൃകയെ ആണ് വരച്ചിടുന്നത് എന്ന് പോലും അദ്ദേഹത്തിനറിയില്ല. ഇപ്പോള്‍ ലഭിച്ച പത്മ പുരസ്‌കാരവും ഹജബ്ബയ്ക്ക് 'നാടിന്റെ സ്‌നേഹ'മാണ്. അതിലും കൂടിയൊരു പകിട്ട് ഒന്നിലും അദ്ദേഹത്തിന് കാണാനാകില്ല. അല്ലെങ്കില്‍ ഇപ്പോഴും തിരക്കുള്ള പട്ടണത്തിലൂടെ തലയില്‍ ഓറഞ്ച് കുട്ടയും ചുമന്ന് നടക്കാനാകില്ലല്ലോ...

ഹജബ്ബയെക്കുറിച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രവീണ്‍ കസ്വാന്റെ ട്വീറ്റ്...